|    Jan 18 Wed, 2017 9:35 am
FLASH NEWS

ബ്രിക്‌സ് ഉച്ചകോടിക്ക് ഗോവയില്‍ സമാപനം: ഭീകരത തടയണം

Published : 17th October 2016 | Posted By: SMR

brics

പനാജി: രാഷ്ട്രങ്ങള്‍ അവരുടെ അതിര്‍ത്തികള്‍ക്കുള്ളില്‍ നിന്ന് ഭീകരവാദത്തെ തടയണമെന്ന് അഞ്ചു രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സിന്റെ എട്ടാം ഉച്ചകോടിയുടെ ആഹ്വാനം. ഭീകരത ഉയര്‍ത്തുന്ന വെല്ലുവിളിക്കെതിരേ ഫലപ്രദമായി പോരാടാന്‍ ഐക്യരാഷ്ട്രസഭയുടെ ആഗോള കണ്‍വന്‍ഷന്‍ ഉടനെ വിളിച്ചുകൂട്ടണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു.
തീവ്രവാദ പ്രവര്‍ത്തനവും അതിലേക്കുള്ള പ്രവേശനവും സാമ്പത്തിക സ്രോതസ്സുകളും തടയാന്‍ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി രംഗത്തെത്താനും ഉച്ചകോടിയുടെ പ്രഖ്യാപനത്തില്‍ പറയുന്നു. കള്ളപ്പണ ഇടപാടിലൂടെയും മയക്കുമരുന്നു കടത്തിലൂടെയും സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്തുമാണ് ഭീകരത വ്യാപിക്കുന്നത്. സമഗ്രമായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഇതിനെതിരേ പോരാടാനാവൂ. അന്താരാഷ്ട്ര നിയമങ്ങള്‍ കൊണ്ടും മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിച്ചും ഭീകരതയ്‌ക്കെതിരായ നീക്കങ്ങള്‍ വേണം. യുഎന്‍ രക്ഷാസമിതി പ്രമേയം മുന്നോട്ടുവച്ച നടപടികള്‍ നടപ്പാക്കാന്‍ രാഷ്ട്രങ്ങള്‍ ശ്രമിക്കണം- പ്രഖ്യാപനം ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ ഭീകരപ്രവര്‍ത്തനങ്ങളുടെയും മാതൃത്വം പാകിസ്താനാണെന്നും ആരോപിച്ചു. ഭീകരവാദം ലോകത്തിനു ഭീഷണിയാണെന്ന കാര്യത്തില്‍ ബ്രിക്‌സ് രാഷ്ട്രത്തലവന്‍മാര്‍ക്ക് ഒരേ അഭിപ്രായമാണുള്ളത്. അതിനെ സഹായിക്കുന്നവര്‍ ഭീകരവാദികളെ പോലെത്തന്നെ അപകടകാരികളാണ്. ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം, ആയുധ വിതരണം, പരിശീലനം, രാഷ്ട്രീയ പിന്തുണ തുടങ്ങിയ എല്ലാ ഘടകങ്ങളും തടഞ്ഞാല്‍ മാത്രമേ ഭീകരവിരുദ്ധ പ്രവര്‍ത്തനം ഫലം കാണൂ. ഓരോ രാജ്യവും ഒറ്റയ്ക്കും സംഘടിതമായും ഇതിനെതിരേ പ്രവര്‍ത്തിക്കണം. പാകിസ്താന്‍ ഭീകരവാദികള്‍ക്ക് അഭയം നല്‍കുക മാത്രമല്ല ചെയ്യുന്നത്; രാഷ്ട്രീയനേട്ടത്തിനായി ഭീകരപ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുകയും ചെയ്യുന്നു. ഇതിനെ നാം ശക്തമായി അപലപിക്കണം- മോദി ആവശ്യപ്പെട്ടു.
രണ്ടു നാള്‍ നീണ്ടുനിന്ന ബ്രിക്‌സ് ഉച്ചകോടിക്ക് ഭീകരവാദ വിരുദ്ധ പ്രഖ്യാപനത്തോടെയാണ് തിരശ്ശീല വീണത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക