|    Dec 15 Sat, 2018 5:17 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ബ്രാഹ്മണിസവും ദേശീയതയും

Published : 3rd December 2018 | Posted By: kasim kzm

ജി അലോഷ്യസ്

(നാഷനലിസം വിത്തൗട്ട് എ നാഷന്‍ എന്ന വിവാദ ചരിത്ര കൃതി രചിച്ച ജി അലോഷ്യസുമായി കാര്‍ത്തിക് നവയാന്‍ നടത്തിയ അഭിമുഖം)

ചോദ്യം: ബ്രാഹ്മണ പാരമ്പര്യത്തില്‍ നിന്നുള്ള മതഗ്രന്ഥങ്ങളില്‍ ബ്രാഹ്മണരുടെ സ്വഭാവത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങളുണ്ട്. അതൊന്നു വിശദീകരിക്കാമോ?
ഉത്തരം: മനുഷ്യരെ അവരുടെ സ്വഭാവ സവിശേഷതകള്‍ (ഗുണം എന്നു സംസ്‌കൃതം) വേര്‍തിരിക്കുന്നതാണ് ബ്രാഹ്മണ ജീവിതവീക്ഷണം. അതിന്റെ അടിസ്ഥാനത്തിലാണ് ചാതുര്‍വര്‍ണ്യ വ്യവസ്ഥ ക്രമീകരിച്ചിരിക്കുന്നത്. ജാതിശ്രേണിയിലൂടെ അധികാരം നടപ്പാക്കാന്‍ അവര്‍ക്കു കഴിയുന്നു. ചരിത്രപരവും രാഷ്ട്രീയവുമായ കാരണങ്ങളിലൂടെ ബ്രാഹ്മണര്‍ക്ക് മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ കഴിഞ്ഞു. അത് ഇപ്പോഴും നിലനില്‍ക്കുന്നതുകൊണ്ടാണ് നാം ആ വിഷയം ഇപ്പോഴും ചര്‍ച്ച ചെയ്യുന്നത്. മതവിശ്വാസത്തിലൂടെയും വേദഗ്രന്ഥങ്ങളിലൂടെയും ആചാരാനുഷ്ഠാനങ്ങളിലൂടെയും ആഘോഷങ്ങളിലൂടെയുമാണ് ഇത് ഇവര്‍ സാധിച്ചെടുത്തിരിക്കുന്നത്. നവോത്ഥാനവും ആധുനികതയും വന്നതോടെ അവരുടെ വിശിഷ്ട പദവി വെറുമൊരു കെട്ടുകഥയാണെന്ന് നമുക്ക് അറിയാം.

ചോ: അപ്പോഴും ഒരു സംശയം ബാക്കി നില്‍ക്കുന്നു. ബ്രാഹ്മണര്‍ സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം മറ്റുള്ളവര്‍ക്കു വേണ്ടി നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കുന്ന ഒരു സാമൂഹിക ക്രമം എങ്ങനെയുണ്ടായി?
ഉ: പൗരാണിക കാലത്ത് മതവിശ്വാസമായിരുന്നു ഏതൊരു വിഭാഗത്തിനും മേല്‍ക്കോയ്മ സ്ഥാപിക്കാനുള്ള പ്രഥമ മാര്‍ഗം. വിശുദ്ധ രചനകളിലൂടെ ജാതിവ്യവസ്ഥയും ജാതികളുടെ പദവിയും നിര്‍ണയിക്കപ്പെട്ടു. ആ രചനകളൊന്നും തന്നെ പാവനമായിരുന്നില്ല. മിക്കപ്പോഴും കെട്ടുകഥകളും അശ്ലീലതയും അന്ധവിശ്വാസങ്ങളും നിറഞ്ഞതായിരുന്നു അവ. എങ്കിലും വ്യക്തിജീവിതത്തിലെ ജനനം, വിവാഹം, മരണം തുടങ്ങിയ ഘട്ടങ്ങളില്‍ ബ്രാഹ്മണരുടെ ഇടപെടല്‍ ആവശ്യമാണെന്ന ധാരണ പരന്നു.
ഇതുതന്നെയും രാജ്യത്ത് എല്ലായിടത്തും ഉണ്ടായിരുന്നില്ല എന്ന കാര്യം വിസ്മരിക്കരുത്. ഇന്ത്യ ഒരുപോലെയായിരുന്നു എന്നു നിങ്ങള്‍ കരുതുമ്പോള്‍ ബ്രാഹ്മണ മേല്‍ക്കോയ്മ പൊതുവായിരുന്നു എന്ന തെറ്റിദ്ധാരണ ഉളവാകും. ഉപഭൂഖണ്ഡത്തിലെ ചില മേഖലകളില്‍ മാത്രമായിരുന്നു അവരുടെ മേധാവിത്വം. തുടക്കം മുതല്‍ ഉപഭൂഖണ്ഡം ബ്രാഹ്മണികമായിരുന്നു എന്നു പറയാന്‍ പറ്റില്ല. ബ്രാഹ്മണരും അവരുടെ എതിരാളികളും അങ്ങനെ വാദിക്കാറുണ്ടെങ്കിലും അതല്ല ചരിത്രം. പതിനായിരം കൊല്ലമായി അബ്രാഹ്മണര്‍ അവരുടെ അടിമകളായിരുന്നു എന്നൊക്കെ ചിലര്‍ പറയാറുണ്ട്. അതൊട്ടും ശരിയല്ല.
ഇന്ത്യ എന്നത് ഭൂമിശാസ്ത്രപരവും ചരിത്രപരവുമായൊരു അസ്തിത്വമാണ്. ചില മേഖലകളില്‍ ബ്രാഹ്മണര്‍ക്ക് സ്വസ്ഥമായിരിക്കാനും അന്യര്‍ ഉല്‍പാദിപ്പിക്കുന്ന വസ്തുക്കള്‍ ഭുജിക്കാനും കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി അത്തരമൊരു അവസ്ഥ നിലനിന്നിരുന്നത് നദീതീരങ്ങളിലും മറ്റുമാണ്. മധ്യപ്രദേശ്, തെലങ്കാന, ഡക്കാന്‍ പീഠഭൂമി തുടങ്ങിയ വരണ്ട, മരുഭൂസമാനമായ പ്രദേശങ്ങളില്‍ ജീവിതം വളരെ ദുസ്സഹമായിരുന്നു. അവിടെയൊന്നും ബ്രാഹ്മണ മേധാവിത്വത്തിനു നിലനില്‍പുണ്ടായിരുന്നില്ല. ശാരീരികാധ്വാനം ഞങ്ങളുടെ ജോലിയല്ലെന്നും ആത്മീയോപദേശം നല്‍കുകയാണ് ഞങ്ങളുടെ ദൗത്യമെന്നും ബ്രാഹ്മണര്‍ വിശ്വസിച്ചു. അതിനു ശൂദ്രര്‍ അധ്വാനിക്കുകയും തങ്ങളെ തീറ്റുകയും സേവിക്കുകയും വേണം. ശൂദ്രര്‍ സ്വത്തു സമ്പാദിക്കരുത്. അത് ബ്രാഹ്മണര്‍ക്കുള്ളതാണ്. തങ്ങള്‍ വേദോച്ചാരണം നടത്തുകയും മറ്റു ജാതികള്‍ കൃഷി ചെയ്യുകയും ചെയ്യണം. അതായിരുന്നു നിലപാട്.

ചോ: ആ വ്യവസ്ഥ വ്യാപിക്കുന്നതെങ്ങനെ?
ഉ: അതിനു രാജാക്കന്‍മാരാണ് സഹായിച്ചത്. കൃഷിക്ക് വളരെ ഉപകരിക്കുന്ന നദീതീരങ്ങളില്‍ ബ്രാഹ്മണര്‍ രാജാക്കന്‍മാര്‍ക്ക് കിരീടധാരണം നടത്തി. പ്രത്യേക ചടങ്ങുകളിലൂടെയും വേദമന്ത്രങ്ങളിലൂടെയും അതിനൊരു ഗാംഭീര്യം പകര്‍ന്നുകൊടുത്തു. അതു ക്ഷത്രിയരും ബ്രാഹ്മണരും തമ്മിലുള്ള ശാക്തിക ചേരി രൂപപ്പെടുന്നതിനു സഹായകമായി. രാജാക്കന്‍മാര്‍ മറ്റു പ്രദേശങ്ങള്‍ കീഴടക്കുമ്പോള്‍ ബ്രാഹ്മണര്‍ സഹായത്തിനെത്തി.
ഈ നീക്കങ്ങള്‍ക്കെതിരേ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഗംഗാ സമതലത്തില്‍ ബുദ്ധമതം ഉയര്‍ന്നുവരുന്നത് എങ്ങനെയാണ്. നദീതീരങ്ങളിലാണ് ഇത്തരം പ്രതിഷേധങ്ങള്‍ ഉണ്ടായതെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റു പ്രദേശങ്ങളില്‍ ബ്രാഹ്മണ മേല്‍ക്കോയ്മ ഇല്ലാത്തതിനാല്‍ എല്ലാം സുഖകരമായിരുന്നു എന്നു പറഞ്ഞുകൂടാ. അവിടെയൊക്കെ ജലലഭ്യത, കാലിവളര്‍ത്തല്‍, പാതകളുടെ മേലുള്ള നിയന്ത്രണം എന്നിവയുടെ അടിസ്ഥാനത്തിലുള്ള മേല്‍ക്കോയ്മകള്‍ കണ്ടിരുന്നു. സാഹചര്യവും സന്ദര്‍ഭവും അനുസരിച്ചുള്ള അധികാരസ്ഥാപനമായിരുന്നു അത്തരം പ്രദേശങ്ങളില്‍ കണ്ടിരുന്നത്. ഭൗതിക സാഹചര്യങ്ങളില്‍ മാറ്റം വരുമ്പോള്‍ അധികാരഘടനയിലും മാറ്റമുണ്ടായി.
ആധുനിക ഇന്ത്യയില്‍ നാം കാണുന്നത് ചരിത്രപൂര്‍വകാലത്തെ ബ്രാഹ്മണ മേല്‍ക്കോയ്മയാണ്. ബലപ്രയോഗം, വിദ്യാഭ്യാസം, തൊഴില്‍, രാഷ്ട്രീയ പ്രാതിനിധ്യം, സ്ഥാപനങ്ങള്‍ എന്നിവയിലൂടെയാണ് ബ്രാഹ്മണവ്യവസ്ഥ തിരിച്ചുവരുന്നത്. രാഷ്ട്രീയവും മതവും അതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പല രാഷ്ട്രങ്ങളിലും ആധുനികത ശക്തിപ്പെട്ടപ്പോള്‍ മതം പിന്നോട്ടുപോയി. അല്ലെങ്കില്‍, അതിനു രൂപമാറ്റം വന്നു. മതം ജനാധിപത്യവല്‍ക്കരിക്കപ്പെടുകയോ അതിന്റെ വ്യാപ്തി ചുരുങ്ങുകയും ചെയ്തു. ഇന്ത്യയില്‍ മറിച്ചാണ് സംഭവിച്ചത്. ഇന്ത്യയിലെ പല സാമൂഹിക ശാസ്ത്രജ്ഞരും പണ്ഡിതന്‍മാരും ആധുനികതയെ പാശ്ചാത്യമെന്നു പറഞ്ഞു തിരസ്‌കരിക്കുന്നത് കാണാം. ആ വാദം വേണ്ടത്ര ഏശുന്നില്ലെന്നു കാണുമ്പോള്‍ അവര്‍ പല തരം ആധുനികതകള്‍ ഉണ്ടെന്ന് അഭിപ്രായപ്പെടും.
എന്നാല്‍, ആധുനികതയെന്നത് എല്ലാ മനുഷ്യര്‍ക്കും സ്വീകാര്യമായ പൊതുവായ മാറ്റങ്ങളാണ്. അത് അംഗീകരിക്കുമ്പോള്‍ ഓരോ ജാതിക്കും നിശ്ചിത കര്‍മമാണ് ഉള്ളതെന്ന ചാതുര്‍വര്‍ണ്യ സങ്കല്‍പങ്ങള്‍ അപകടത്തിലാവും. ഉദാഹരണത്തിന്, ഒരു ബ്രാഹ്മണന്‍ ഒരു അബ്രാഹ്മണ യുവതിയെ ബലാല്‍സംഗം ചെയ്യുന്നത് അവളുടെ നന്മയ്ക്കു വേണ്ടിയാണെന്നും അതവളുടെ കര്‍മത്തിന്റെ ഭാഗമാണെന്നുമുള്ള വാദം തന്നെ പരിശോധിക്കാം. ഈ സങ്കല്‍പം ഒരുകാലത്ത് യൂറോപ്പിലും ഉണ്ടായിരുന്നു. പുരോഹിതന്‍മാര്‍ക്കായിരുന്നു ദൈവവുമായി ബന്ധപ്പെടാനുള്ള അധികാരം. പ്രഭുക്കന്‍മാരും ഇടപ്രഭുക്കന്‍മാരും മാടമ്പിമാരും യുദ്ധം ചെയ്തു. സാധാരണ മനുഷ്യര്‍ കൃഷി ചെയ്യുകയോ അടിമവേല ചെയ്യുകയോ ചെയ്തു. പത്തു കുടിയാന്‍മാരുടെ ജീവനു തുല്യമായിരുന്നു ഒരു പടയാളിയുടെ ജീവനെന്നും പത്തു പടയാളികള്‍ ഒരു വികാരിക്കു തുല്യമാണെന്നും ഒരുകാലത്ത് യൂറോപ്യര്‍ കരുതിയിരുന്നു. ബോധോദയവും ആധുനികതയും വന്നപ്പോള്‍ ആ മിഥ്യകളൊക്കെ അപ്രത്യക്ഷമായി.
ചോ: ഇന്ത്യയില്‍ ബ്രാഹ്മണിസം വ്യാപകമാവുന്നതിന്റെ കാരണങ്ങള്‍ എന്താണ്?
ഉ: കൊളോണിയലിസവും ഓറിയന്റലിസവുമാണ് അതിനു വഴിയൊരുക്കിയത്. എന്റെ ‘നാഷനലിസം വിത്തൗട്ട് എ നാഷന്‍’ എന്ന കൃതിയില്‍ ഞാനീ പ്രക്രിയ ഭാഗികമായി വിശദീകരിക്കുന്നുണ്ട്. ‘രാഷ്ട്രഗാത്രത്തില്‍ ബ്രാഹ്മണിസം കൊത്തിവച്ചിരിക്കുന്നു’ എന്ന പ്രബന്ധത്തിലും ആ വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. ബ്രിട്ടിഷ് ഭരണം, ദേശീയവാദത്തിന്റെ വളര്‍ച്ച, ഉപഭൂഖണ്ഡത്തെക്കുറിച്ച ഓറിയന്റലിസ്റ്റ് കാഴ്ചപ്പാട് എന്നീ മൂന്നു ഘടകങ്ങള്‍ ബ്രാഹ്മണിസത്തെ സഹായിച്ചു. കമ്മ്യൂണിസ്റ്റുകളും കാംബ്രിജ് ചരിത്രകാരന്‍മാരും കീഴാളചരിത്രം എഴുതിയവരുമൊക്കെ അവതരിപ്പിച്ചതില്‍ നിന്നു വ്യത്യസ്തമാണ് കഴിഞ്ഞ മൂന്നു നൂറ്റാണ്ടില്‍ നമുക്ക് കാണാന്‍ കഴിഞ്ഞത്.
ചുരുക്കിപ്പറയാം: ബ്രിട്ടിഷുകാര്‍ വന്നത് ധനത്തിനു വേണ്ടിയാണ്. നദീതീരങ്ങളിലാണ് സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്നത് എന്നവര്‍ കണ്ടു. അതിന്റെ മേല്‍ നിയന്ത്രണം സ്ഥാപിക്കാന്‍ അവര്‍ ആദ്യം പ്രഭുക്കന്‍മാരെ ഒതുക്കി. വാക്കു കൊണ്ട് കാര്യമില്ല എന്നവര്‍ പറഞ്ഞു: പേനയാണ് പ്രധാനം. ആരാണ് പേന ഉപയോഗിച്ചിരുന്നത്? ഗുമസ്തന്‍മാര്‍, പുരോഹിതന്‍മാര്‍, കണക്കപ്പിള്ളമാര്‍. അവര്‍ ഒന്നുകില്‍ ബ്രാഹ്മണരോ അല്ലെങ്കില്‍ വര്‍ണാശ്രമത്തില്‍ വിശ്വസിക്കുന്ന മേല്‍ജാതിയോ ആയിരുന്നു. അങ്ങനെയാണ് ബ്രിട്ടിഷുകാരും മേല്‍ജാതികളും തമ്മില്‍ അനൗപചാരികമായ ധാരണയുണ്ടാവുന്നത്.
കൃത്യമായി റവന്യൂ വരുമാനം നല്‍കുന്നതിനു പകരമായി ബ്രാഹ്മണര്‍ക്ക് അവര്‍ സര്‍വ സ്വാതന്ത്ര്യവും നല്‍കി. തുടര്‍ന്ന് ഇന്ത്യയെപ്പറ്റിയുള്ള ബ്രാഹ്മണ സങ്കല്‍പം ഇന്ത്യന്‍ ദേശീയ സങ്കല്‍പമായി മാറി. നദീതടങ്ങളില്‍ മാത്രമുണ്ടായിരുന്ന ബ്രാഹ്മണ മേല്‍ക്കോയ്മ മറ്റു പ്രദേശങ്ങളിലൊക്കെ കാണുമെന്നു കൊളോണിയല്‍ ശക്തികള്‍ കരുതി. തിരുനെല്‍വേലി ജില്ലയില്‍ നടന്ന ഒരു സംഭവം പറയാം: ജില്ലയില്‍ രണ്ടു വ്യത്യസ്ത പ്രദേശങ്ങളാണുള്ളത്. ഒന്ന്: ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങള്‍. രണ്ടാമത്തേത് മൂര്‍ച്ചയുള്ള മുള്‍ച്ചെടികള്‍ വളരുന്ന വരണ്ട പ്രദേശം. ഈ മേഖലയില്‍ കലക്ടറായി വന്ന സായ്പിനു റോഡ് പണിയണമെന്ന് തോന്നി. അതിനു തൊഴിലാളികളെ വേണം. പറയജാതിയില്‍ പെട്ടവരാണ് അവിടെ തൊഴിലാളികള്‍. അവര്‍ ബ്രാഹ്മണര്‍ക്ക് കൂലി വാങ്ങാതെ കൃഷിപ്പണി എടുക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു. അതുപോലെ റോഡ്പണിക്ക് ഇറങ്ങണമെന്നായിരുന്നു കലക്ടറുടെ ഉത്തരവ്. കലക്ടറും ബ്രാഹ്മണരുടെ കെട്ടുകഥകളില്‍ വിശ്വസിച്ചുകാണും.
പരിഷ്‌കര്‍ത്താവായ ജ്യോതിദാസ് (മ: 1914) ബ്രിട്ടിഷ് ഉദ്യോഗസ്ഥന്‍മാരെ തമിഴ് ഭാഷ പഠിപ്പിക്കുന്ന ബ്രാഹ്മണ അധ്യാപകര്‍ ക്ലാസുകള്‍ തുടങ്ങുന്നതുതന്നെ വര്‍ണാശ്രമം എന്തെന്നു വിശദീകരിച്ചുകൊണ്ടായിരുന്നു എന്നെഴുതുന്നുണ്ട്. നദീതീരങ്ങള്‍ വിട്ടു ഗുമസ്തന്‍മാര്‍ മറ്റു വരണ്ട, വലിയ റവന്യൂ വരുമാനം കിട്ടാത്ത പ്രദേശങ്ങളിലേക്ക് ചെല്ലുന്നതിനു ബ്രിട്ടിഷുകാര്‍ നല്‍കുന്ന ശമ്പളം സഹായിച്ചു. അങ്ങനെയാണ് മറ്റിടങ്ങളില്‍ ബ്രാഹ്മണിസം വ്യാപിക്കുന്നത്.
ജനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ വിധി പറയാന്‍ നിയുക്തരായ ബ്രിട്ടിഷ് ജഡ്ജിമാര്‍ക്ക് ഒരു പ്രതിസന്ധി നേരിടേണ്ടിവന്നു. ക്രിസ്ത്യാനികള്‍ക്ക് ബൈബിളും കാനോന്‍ നിയമങ്ങളുമുണ്ട്. മുസ്‌ലിംകള്‍ക്ക് ഖുര്‍ആനും കര്‍മശാസ്ത്ര വ്യാഖ്യാനങ്ങളുമുണ്ട്. മറ്റു ജനവിഭാഗങ്ങളുടെ കാര്യത്തില്‍ വിധി പറയാന്‍ അവര്‍ക്ക് ലഭിച്ചത് ബ്രാഹ്മണര്‍ രചിച്ച കൃതികളാണ്. അതാണ് ഓറിയന്റലിസ്റ്റുകള്‍ ബഹുമാനാദരവുകളോടെ ലണ്ടനിലെ സ്‌കൂള്‍ ഓഫ് ആഫ്രിക്കന്‍ ആന്റ് ഓറിയന്റല്‍ സ്റ്റഡീസിലേക്ക് കൊണ്ടുപോയത്. മാക്‌സ് മുള്ളറെ പോലുള്ള പണ്ഡിതന്‍മാരുടെ നേതൃത്വത്തിലുള്ള ഓറിയന്റലിസ്റ്റുകള്‍ അവയൊക്കെ പരിഭാഷ ചെയ്തു 56 വാള്യങ്ങളായി പ്രസിദ്ധീകരിച്ചു. ബൈബിളിനേക്കാളും ഖുര്‍ആനേക്കാളും എത്രയോ വലുപ്പമുള്ള വിശുദ്ധ രചനകളായി അവ അവതരിപ്പിക്കപ്പെട്ടു. അതിന് ഉപോദ്ബലകമായി ആര്യന്‍മാര്‍ വരുന്ന കഥ കടന്നുവന്നു. ആര്യന്‍മാരില്‍ ചിലര്‍ യൂറോപ്പിലേക്കു പോയി. കിഴക്കുള്ള ആര്യന്‍മാര്‍ ആത്മീയ ദര്‍ശനത്തില്‍ മുഴുകി; പടിഞ്ഞാറുള്ളവര്‍ ശാസ്ത്രം വികസിപ്പിച്ചു. അങ്ങനെ എന്നോ വേര്‍പിരിഞ്ഞുപോയ രണ്ടു സോദരന്‍ വീണ്ടും ഒന്നിക്കുന്നു എന്ന സിദ്ധാന്തമുണ്ടായി.
അങ്ങനെയിരിക്കെയാണ് ചില ഭാഷാശാസ്ത്രജ്ഞന്‍മാര്‍ ഗ്രീക്ക്-ലത്തീന്‍ ഭാഷകള്‍ക്ക് യൂറോപ്യന്‍ ഭാഷകളുമായി ബന്ധമുണ്ടെന്നു കണ്ടുപിടിച്ചത്. എല്ലാ ഇന്ത്യന്‍ ഭാഷകള്‍ക്കും സംസ്‌കൃതവുമായി ബന്ധമുണ്ടെന്ന വാദം അതോടൊപ്പമുണ്ടായി. ഇനി ഉപഭൂഖണ്ഡത്തിലെ മുസ്‌ലിംകളും ക്രിസ്ത്യാനികളുമല്ലാത്ത ജനവിഭാഗങ്ങളെ എന്തു വിളിക്കും. അവര്‍ ഹിന്ദുക്കളായി. അങ്ങനെ ‘കീഴ്ജാതികളു’മായി ഒരു ബന്ധവുമില്ലാത്ത, തങ്ങളുടെ വേദങ്ങള്‍ അന്യജാതികള്‍ വായിക്കുന്നതുപോലും വിലക്കിയ, തങ്ങളുടെ ആചാരങ്ങള്‍ അനുകരിക്കുന്നതിന് ആരെയും അനുവദിക്കാത്ത ബ്രാഹ്മണര്‍ അവരുടെ പുരോഹിതന്‍മാരായി. മറ്റു ജനതകള്‍ക്ക് അവരുടെ മതാനുഷ്ഠാനങ്ങളും പുരോഹിതന്‍മാരും ഉണ്ടെന്ന കാര്യവും അതോടെ വിസ്മൃതിയിലായി. ഓറിയന്റലിസ്റ്റ് വീക്ഷണത്തില്‍ ഇന്ത്യ മുഴുവന്‍ ജാതിവ്യവസ്ഥയുടെ കീഴിലായിരുന്നു. ഇന്ത്യ യൂറോപ്പു പോലെ പല ഭാഷകളും സംസ്‌കാരങ്ങളുമുള്ള ഒരു ഉപഭൂഖണ്ഡമായിരുന്നു എന്ന വസ്തുതയും അതോടെ മറയ്ക്കു പിന്നിലായി.
ഭൂമിയുടെ ഉടമസ്ഥാവകാശം ബ്രാഹ്മണരിലേക്കു കൈമാറുന്നതും അക്കാലത്താണ്. നികുതിയുമായി ബന്ധപ്പെട്ടു ബ്രിട്ടിഷ് ഭരണകാലത്താണ് ഭൂമിയുടെ കൈവശം തെളിയിക്കുന്ന രേഖകള്‍ ഉണ്ടാവുന്നത്. പട്ടയങ്ങള്‍ നിര്‍മിക്കുന്നത് ബ്രാഹ്മണരായ ഉടമസ്ഥന്‍മാരും. അങ്ങനെയാണ് യഥാര്‍ഥ കര്‍ഷകര്‍ക്ക് ഭൂമി നഷ്ടപ്പെടുന്നത്. അതോടൊപ്പം വര്‍ണാശ്രമ ധര്‍മത്തിനു പുറത്തുള്ളവര്‍ക്ക് മതപരമായ സ്വയംഭരണാവകാശം നഷ്ടപ്പെടുകയും ചെയ്തു. അവര്‍ക്കു വേണ്ടി ദൈവവുമായി സംസാരിക്കാന്‍ ബ്രാഹ്മണ പുരോഹിതന്‍മാര്‍ മാത്രമായി. പഴയ ലോകം നഷ്ടപ്പെട്ട അവര്‍ക്ക് പുതിയ ലോകം ലഭിച്ചതുമില്ല.
ഈയൊരവസ്ഥ സ്‌ഫോടനാത്മകമായിരുന്നു. തങ്ങള്‍ക്ക് സേവനം ചെയ്തിരുന്ന ഒരു ചെറു ന്യൂനപക്ഷം, അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ഭൂരിപക്ഷം എന്ന അവസ്ഥ ജനകീയ പ്രക്ഷോഭത്തിനു വഴിവയ്ക്കുമെന്നു കണ്ട ബ്രിട്ടിഷുകാര്‍ക്ക് ബ്രാഹ്മണര്‍ക്കപ്പുറമുള്ള കമ്പോളത്തെ പരിഗണിക്കേണ്ടതുണ്ടായിരുന്നു. ബ്രിട്ടിഷ് തുണിത്തരങ്ങളും മറ്റ് ഉല്‍പന്നങ്ങളും വിറ്റഴിക്കുന്നതിനു ഭൂരിപക്ഷത്തിന്റെ ക്രയശേഷിയും പ്രധാനമാണ്. അങ്ങനെയാണ് പരിമിതമായ തോതിലുള്ള തൊഴില്‍ നിയമങ്ങളും കുടിയാന്‍ നിയമങ്ങളും ഉണ്ടാവുന്നത്. ബ്രിട്ടിഷുകാര്‍ അബ്രാഹ്മണരോടും മുസ്‌ലിംകളോടും നേരിട്ട് ആശയവിനിമയം നടത്തുന്ന അവസ്ഥ ബ്രാഹ്മണ മേല്‍ക്കോയ്മക്ക് ഭീഷണിയായി വളരുകയായിരുന്നു. ഇന്ത്യന്‍ ദേശീയത ജന്മമെടുക്കുന്നത് അങ്ങനെയാണ്.

ചോ: ഇന്ത്യാ ചരിത്രത്തിലെ മിഥ്യകളിലൊന്നാണ് ദേശീയത?
ഉ: ഇന്ത്യന്‍ ദേശീയതയുടെ അടിത്തറയായത് ബ്രാഹ്മണിസമാണ്. പാശ്ചാത്യ ഓറിയന്റലിസമാണ് ബ്രാഹ്മണര്‍ രചിച്ച ഗ്രന്ഥങ്ങളെ മഹത്വവല്‍ക്കരിച്ചത്. ഇന്ത്യന്‍ ദേശീയത ആ വീക്ഷണത്തിനു നിയമസാധുത നല്‍കി. തമിഴ്‌നാട്ടിലെ പെരിയോര്‍ അതു മനോഹരമായി വിവരിക്കുന്നത് നോക്കുക: ‘ഇക്കൂട്ടര്‍ മനഃപാഠമാക്കുന്നതില്‍ മിടുക്കരായിരുന്നു. ബ്രിട്ടിഷുകാര്‍ക്കാവട്ടെ മനഃപാഠമാക്കുന്നതായിരുന്നു യോഗ്യതയുടെ അളവുകോല്‍.’ ഇന്ത്യയിലെ വിദ്യാഭ്യാസത്തില്‍ ഇന്നുമതാണ് ബുദ്ധിശക്തി നിര്‍ണയിക്കുന്നത്. ി

(അവസാനിക്കുന്നില്ല)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss