|    Jan 21 Sat, 2017 11:11 pm
FLASH NEWS

ബ്രാവോ… ചിലി… കോപ അമേരിക്കയുടെ ശതാബ്ദി എഡിഷനില്‍ ചിലിക്കു കിരീടം; അര്‍ജന്റീനയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-2നു തോല്‍പ്പിച്ചു 

Published : 28th June 2016 | Posted By: SMR

ഈസ്റ്റ റൂതര്‍ഫോര്‍ഡ്: ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിലെ രാജാക്കന്‍മാരായ അര്‍ജന്റീനയ്ക്ക് വീണ്ടുമൊരു ഫൈനല്‍ ദുരന്തം. കഴിഞ്ഞ കോപ അമേരിക്കയുടെ തനിയാവര്‍ത്തനം തന്നെയാണ് ഇത്തവണയും കണ്ടത്. നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍ വീഴാതിരുന്ന മല്‍സരത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ട് ഒരിക്കല്‍ക്കൂടി അര്‍ജന്റീനയെ കരയിപ്പിച്ചു. 4-2നാണ് ഇത്തവണ കീഴടങ്ങിയതെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ തോല്‍വി 4-1നായിരുന്നു.
സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ കീഴില്‍ കന്നി അന്താരാഷ്ട്ര കിരീടം തേടിയിറങ്ങിയ അര്‍ജന്റീന വീണ്ടും ചിലിയുടെ പോരാട്ടമികവിനു മുന്നില്‍ അടിയറവ് പറയുകയായിരുന്നു. കഴിഞ്ഞ കോപ ഫൈനലിനു ശേഷം രണ്ടു തവണ ചിലിയുമായി ഏറ്റുമുട്ടിയപ്പോഴും ജയം അര്‍ജന്റീനയ്ക്കായിരുന്നു. ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാറൗണ്ടിലും ഇത്തവണത്തെ കോപയുടെ ഗ്രൂപ്പുതലത്തിലും അര്‍ജ ന്റീന 2-1ന് ചിലിയെ തോല്‍പ്പിച്ചിരുന്നു. പക്ഷെ ഫൈനലില്‍ കഥ മാറി. 18 ഗോളുകള്‍ അടിച്ചുകൂട്ടി ഫൈനലിലേക്ക് കുതിച്ച അര്‍ജന്റീന ചിലിക്കെതിരേ ഗോള്‍ നേടാനാവാതെ വിഷമിച്ചു. വളരെ കുറച്ച് ഗോളവസരങ്ങള്‍ മാത്രമേ മല്‍സരത്തില്‍ കണ്ടുള്ളൂ.
നിരവധി ഫൗളുകളും കൊമ്പുകോര്‍ക്കലും കണ്ട പോരാട്ടത്തില്‍ റഫറി ആദ്യപകുതിയില്‍ തന്നെ രണ്ടുതവണ ചുവപ്പ് കാര്‍ഡ് പുറത്തെടുത്തു. 29ാം മിനിറ്റില്‍ ചിലിയുടെ മാര്‍സെലോ ഡയാസിന് റഫറി രണ്ടാം മഞ്ഞക്കാര്‍ഡ് കാണിച്ചപ്പോള്‍ 43ാം മിനിറ്റില്‍ അര്‍ജന്റീന ഡിഫന്റര്‍ മാര്‍ക്കോസ് റോഹോ നേരിട്ടു ചുവപ്പ്കാര്‍ഡ് വാങ്ങി പുറത്തായി.
ചിലിയെ അപേക്ഷിച്ച് കൂടുതല്‍ ഗോളവസരങ്ങള്‍ ലഭിച്ചും സൃഷ്ടിച്ചതും അര്‍ജന്റീനയായിരുന്നു. എന്നാല്‍ ഗോള്‍മുഖത്ത് ക്യാപ്റ്റനും ഗോള്‍കീപ്പറുമായ ക്ലോഡിയോ ബ്രാവോ സൂപ്പര്‍മാനായപ്പോള്‍ അര്‍ജന്റീനയുടെ ശ്രമങ്ങളെല്ലാം വിഫലമായി.
ഒന്നാംപകുതിയുടെ 22ാം മിനിറ്റില്‍ അര്‍ജന്റീന മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ ഗോണ്‍സാലോ ഹിഗ്വയ്‌നിന്റെ ഷോട്ട് പോസ്റ്റിന്റെ ഇഞ്ചുകള്‍ വ്യത്യാസത്തില്‍ പുറത്തുപോയി. ആദ്യപകുതിയില്‍ ഒരു ഷോട്ട് പോലും പരീക്ഷിക്കാന്‍ ചിലിക്കായില്ല. രണ്ടാംപകുതിയില്‍ കൂടുതല്‍ തുറന്ന പോരാണ് കണ്ടത്. അര്‍ജന്റീനയ്ക്കു തന്നെയായിരുന്നു നേരിയ മേല്‍ക്കൈ.
അധികസമയത്ത് പകരക്കാരനായി ഇറങ്ങിയ സെര്‍ജിയോ അഗ്വേറോയുടെ ഗോളില്‍ അര്‍ജന്റീന ജയിക്കേണ്ടതായിരുന്നു. എന്നാല്‍ മെസ്സിയുടെ ഫ്രീകിക്കില്‍ അഗ്വേറോയുടെ മനോഹരമായ ഹെഡ്ഡര്‍ പറവയെപ്പോലെ പറന്നുയര്‍ന്ന് ഗോളി ബ്രാവോ പുറത്തേക്ക് കുത്തിയകറ്റി. മല്‍സരത്തിലെ വഴിത്തിരിവ് കൂടിയാണ് ബ്രാവോയുടെ ഈ സൂപ്പര്‍ സേവ്.
ഷൂട്ടൗട്ടില്‍ ചിലിയുടെ ആര്‍ത്യുറോ വിദാലിന്റെ ആദ്യ കിക്ക് ഗോളി റൊമേറോ തടുത്തപ്പോള്‍ അര്‍ജന്റീന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ തൊട്ടടുത്ത കിക്ക് ടീമിന്റെ ഏറ്റവും വിശ്വസ്തനും പെനല്‍റ്റി സ്‌പെഷ്യലിസ്റ്റുമായ മെസ്സി തികച്ചും അവിശ്വസനീയമായി പുറത്തേക്കടിച്ചു പാഴാക്കി.
പിന്നീട് നികോളാസ് കാസ്റ്റിലോ, ചാള്‍സ് അരാന്‍ഗ്വിസ് എന്നിവര്‍ ചിലിക്കായും ജാവിയര്‍ മഷെറാനോ, സെര്‍ജിയോ അഗ്വേറോ എന്നിവര്‍ അര്‍ജന്റീനയ്ക്കായും വലുകുലുക്കിയതോടെ സ്‌കോര്‍ 2-2. ചിലിയുടെ നാലാം കിക്ക് ജീന്‍ ബ്യുസെജോര്‍ ഗോളാക്കിയപ്പോള്‍ അര്‍ജന്റീന താരം ലൂക്കാസ് ബിഗ്ലിയയുടെ കിക്ക് ചിലി ഗോളി ബ്രാവോ തട്ടിയകറ്റി. ഇതോടെ അഞ്ചാമത്തെയും അവസാനത്തെയും കിക്ക് നിര്‍ണായകം. ജയിച്ചാല്‍ കപ്പ് ചിലിക്ക്. ഫ്രാന്‍സിസ്‌കോ സില്‍വ പെനല്‍റ്റി വലയ്ക്കുള്ളിലാക്കിയതോടെ തുടര്‍ച്ചയായി രണ്ടാം തവണയും കോപ കിരീടം ചിലി സ്വന്തമാക്കി.
ടൂര്‍ണമെന്റിലെ മികച്ച താരമായി ചിലിയുടെ അലെക്‌സിസ് സാഞ്ചസും ടോപ്‌സ്‌കോററായി ചിലിയുടെ തന്നെ എഡ്വാര്‍ഡോ വര്‍ഗാസും ഗോള്‍കീപ്പറായി ചിലി ക്യാപ്റ്റന്‍ ബ്രാവോ യും തിരഞ്ഞെടുക്കപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക