|    Jun 19 Tue, 2018 11:55 pm
FLASH NEWS

ബ്രഹ്മപുരത്ത് ഖരമാലിന്യ സംസ്‌കരണ പ്ലാന്റ്; കരാറുണ്ടാക്കിയ കമ്പനി വ്യവസായിയില്‍നിന്ന് പത്തുകോടി വാങ്ങിയതിനെതിരേ പ്രതിഷേധം

Published : 25th October 2016 | Posted By: SMR

കൊച്ചി: ബ്രഹ്മപുരത്ത് ഖരമാലിന്യ സംസ്‌കരണപ്ലാന്റ് നടത്താ ന്‍ കൊച്ചി നഗരസഭയുമായി കരാറുണ്ടാക്കിയ കമ്പനി കൊച്ചിയിലെ പ്രമുഖ വ്യവസായിയില്‍നിന്ന് പത്തുകോടി രൂപ വാങ്ങിയ വിഷയത്തില്‍ നഗരസഭാ കൗ ണ്‍സിലില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. അടിമുടി ദുരൂഹതയും രഹസ്യാത്മകതയും നിറഞ്ഞ പ്ലാന്റിന് മുന്‍മാതൃകകളില്ലാത്തതും നടത്തിപ്പു സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നതുമായ സാഹചര്യത്തില്‍, ഉന്നതരും മറ്റ്് ബാങ്കുകളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുമെന്ന കമ്പനിയുടെ നിലപാട് കൗണ്‍സില്‍ അടിയന്തര ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ഇന്നലെ  കൗണ്‍സിലില്‍ അജണ്ടകളില്‍ ചര്‍ച്ചയാരംഭിച്ചപ്പോള്‍ പ്രതിപക്ഷത്തു നിന്നുള്ള കൗണ്‍സിലര്‍ വി പി ചന്ദ്രനാണ് പ്രശ്‌നം ഉന്നയിച്ചത്. ബ്രഹ്മപുരത്ത് മുനിസിപ്പല്‍ ധരമാലിന്യ സംസ്‌കരണത്തിനായാണ്‌കോര്‍പറേഷന്‍ അധികൃതരുമായി കമ്പനി പിപിപി കരാറുണ്ടാക്കിയിട്ടുള്ളത്. ഇത് മേയറും മറ്റധികൃതരും അറിഞ്ഞുകൊണ്ടുള്ള പണം കൈമാറലാണോയെന്ന് ചന്ദ്രന്‍ ചോദിച്ചു. പദ്ധതിയുടെ നടത്തിപ്പ് വേഗത്തിലാക്കുന്നതിനായി ബാങ്കുകള്‍, മറ്റ് സംരംഭകര്‍ എന്നിവരുമായി കൂടിയാലോചിക്കുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞ കാര്യംപ്രതിപക്ഷ കൗണ്‍സിലര്‍ പൂര്‍ണിമ നാരായണ്‍ കൗണ്‍സിലിന്റെ ശ്രദ്ധയില്‍പെടുത്തി. പ്രതിദിനം 500 ടണ്‍ മുനിസിപ്പല്‍ ഖരമാലിന്യം ഇവിടെ സംസ്‌കരിക്കാനാകുമെന്നും പദ്ധതിയ്ക്ക് 375 കോടിയാണ് മുതല്‍മുടക്കെന്നും വാര്‍ത്താസമ്മേളനത്തില്‍ കമ്പനി അധികൃതര്‍ പറഞ്ഞതെന്ന് പൂര്‍ണിമ ചൂണ്ടിക്കാട്ടി. വൈദ്യുതി റെഗുലേറ്ററി അതോറിറ്റിയുടെ പദ്ധതിച്ചെലവ് 175 കോടിയാണ്. കമ്പനി കോര്‍പറേഷന് നല്‍കിയ പദ്ധതിച്ചെലവ് 295 കോടി രൂപ. ഇതിപ്പോള്‍ വാര്‍ത്താ സമ്മേളനത്തില്‍ 375 കോടിയായി. കമ്പനി പറഞ്ഞ വൈദ്യുതി നിരക്ക് യഥാര്‍ഥ നിരക്കിന്റെ രണ്ടിരട്ടിയാണെന്നും അതോറിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിദിനം 300 ടണ്‍ എന്ന് കോര്‍പറേഷനെ ധരിപ്പിച്ച കമ്പനി ഇപ്പോള്‍ പറയുന്നത് 500 ടണ്‍ എന്നും. ഇതില്‍ ൈവരുദ്ധ്യമുണ്ട്.  പദ്ധതിയുടെ നടത്തിപ്പിനെന്ന് പറഞ്ഞാണ് വ്യവസായി പത്തുകോടി രൂപ വാര്‍ത്താസമ്മേളനത്തില്‍വച്ച് കമ്പനി അധികൃതര്‍ക്ക് കൈമാറിയത്. ഇത്തരത്തില്‍ പണപ്പിരിവു നടത്തുന്നത് നഗരസഭാ അധികൃതരുടെ അനുമതിയോടെയാണോയെന്നും പൂര്‍ണിമ ചോദിച്ചു. കമ്പനി പണം സമാഹരിക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു മേയര്‍ സൗമിനി ജെയിനിന്റെ മറുപടി. എന്നാല്‍ കൗണ്‍സിലര്‍മാര്‍ക്കിടയില്‍ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ അതെക്കുറിച്ചന്വേഷണം നടത്താന്‍ തയ്യാറാണ്. പറഞ്ഞ കണക്കിലെ അന്തരംമൂലം കോര്‍പറേഷന് ബാധ്യതയുണ്ടാവില്ല. ബാധ്യതയുണ്ടായാല്‍ അത് സംസ്ഥാനസര്‍ക്കാരും ശുചിത്വമിഷനും ഏറ്റെടുക്കുമെന്നും മേയര്‍ പറഞ്ഞു. അടുത്തുതന്നെ കൗണ്‍സിലര്‍മാരും കമ്പനി അധികൃതരുമായി ആശയവിനിമയത്തിന് സൗകര്യമൊരുക്കുമെന്നും മേയര്‍ അറിയിച്ചു. കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് 20 പട്ടികജാതി വര്‍ഗ കുടുംബങ്ങള്‍ക്കായി രണ്ടുസെന്റു ഭൂമി വീതം നല്‍കാനെന്ന പേരില്‍ 45 സെന്റ് ഭൂമി ചേര്‍ത്തലയില്‍ വാങ്ങിയതിന്റെ പേരില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇതെക്കുറിച്ചന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി ആവശ്യപ്പെട്ടു. ചേര്‍ത്തലയിലാണ് 62 ലക്ഷംരൂപയ്ക്ക് ഭൂമി വാങ്ങിയത്. യഥാര്‍ഥ വിലയുടെ മൂന്നിരട്ടി നല്‍കി വാങ്ങിയത് ചതുപ്പുനിലമാണ്. ഇത് ഒരാള്‍ക്കുപോലും നല്‍കിയിട്ടുമില്ലെന്ന് കെ ജെ ആന്റണി ചൂണ്ടിക്കാട്ടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss