ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ലാന്റിനെ ചൊല്ലി നഗരസഭയില്‍ ബഹളം
Published : 1st September 2016 | Posted By: SMR
കൊച്ചി: മാലിന്യത്തില്‍നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ബ്രഹ്മപുരത്തെ പുതിയ മാലിന്യ സംസ്കരണ പ്ലാന്റിനെ ചൊല്ലി നഗരസഭയില്‍ ബഹളം.
പ്ലാന്റിന്റെ നിര്‍മാണത്തിലും തുടര്‍പ്രവര്‍ത്തനത്തിലും അവ്യക്തത നിലനില്‍ക്കുന്നതായി ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉള്‍പെടെയുള്ള വിഷയങ്ങളെ കുറിച്ച് പഠനം നടത്താതെ നിര്‍മാണവുമായി മുന്നോട്ടു നീങ്ങാനുള്ള നീക്കത്തെ തങ്ങള്‍ പിന്തുണയ്ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി പറഞ്ഞു.
തങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെ 300 കോടിയുടെ പ്ലാന്റ് ആഗോള ടെന്റര്‍ ക്ഷണിക്കാതെ കടലാസ് സ്ഥാപനത്തിന് നല്‍കിയതായി അദ്ദേഹം കുറ്റപ്പെടുത്തി.
പ്ലാന്റിന് പുതിയ സര്‍ക്കാരിന്റെയും പരിസ്ഥിതി വകുപ്പിന്റെയുംഅനുമതി വാങ്ങിയിട്ടില്ല. സ്വകാര്യ പങ്കാളിത്തത്തോടെയാണ് പ്ലാന്റ് വരുന്നതെങ്കില്‍ ആ സ്വകാര്യ പങ്കാളികള്‍ ആരൊക്കെ, തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.
ഉല്പാദന ചെലവില്‍ കൂടുതല്‍ വൈദ്യുതി വില ലഭ്യമായില്ലെങ്കില്‍ വരുന്ന നഷ്ടം നഗരസഭ എങ്ങനെ വഹിക്കുമെന്ന് പ്രതിപക്ഷം ചോദിച്ചു. ഒരു ഭാഗത്ത് മാലിന്യം കുറച്ചുകൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടക്കുമ്പോള്‍ മറുവശത്ത് ദിനംപ്രതി പ്ലാന്റിലേക്ക് 300 ടണ്‍ മാലിന്യം എത്തിക്കണം എന്ന കരാര്‍ എങ്ങനെ നടപ്പാക്കാനാവും എന്ന് കൗണ്‍സിലര്‍ ഡോ. പൂര്‍ണിമ നാരായണന് ചോദിച്ചു. കൗണ്‍സിലര്‍മാര്‍ക്കായി നടത്തിയ പ്രസന്റേഷനില്‍ മുഴുവന്‍ കാര്യങ്ങളും മനസ്സിലാക്കാനായില്ലെന്നും പൂര്‍ണിമ പറഞ്ഞു.
കൗണ്‍സിലര്‍മാരായ അഡ്വ. സുനില ശെല്‍വനും ബെനഡിക്ട് ഫെര്‍ണാണ്ടസും പ്ലാന്റ് സംബന്ധിച്ച ആശങ്ക കൗണ്‍സിലില്‍ ഉന്നയിച്ചു. അതേസമയം പ്ലാന്റ് സംബന്ധിച്ച് കൗണ്‍സിലര്‍മാരുടെ ആശങ്ക പരിഹരിക്കാന്‍ ഒരിക്കല്‍കൂടി വിശദമായ പ്രസന്റേഷന് നടത്താമെന്ന് മേയര്‍ സൗമിനി ജെയ്ന്‍ പറഞ്ഞു.
രണ്ടു വര്‍ഷത്തിനുള്ളില്‍ പുതിയ പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ നഗരത്തിന്റെ തലവേദനയായ മാലിന്യപ്രശ്നത്തിന് പരിഹാരമാവും. പാരിസ്ഥിതിക അനുമതി ഉള്പടെയുള്ള ക്ലിയറന്സുകള്ക്കുവേണ്ടിയാണ് ഈ കാലതാമസം വരുന്നത്. ആഗോള ടെന്‍ഡറിലൂടെയാണ് ജി ജെ നേച്ചര്‍ കെയര്‍ കണ്‍സോര്‍ഷ്യം പ്ലാന്റ് നിര്‍മിക്കുന്നതിനുള്ള അനുമതി നേടിയത്. 20 ഏക്കര്‍ സ്ഥലം കമ്പനിക്ക് പാട്ടത്തിന് വിട്ടു നല്‍കിയതായും മേയര്‍ പറഞ്ഞു.
തെരുവു നായ്ക്കളെ കൊല്ലുന്നതും വന്ധ്യംകരിക്കുന്നതുമായ വിഷയവും കൗണ്‍സില്‍ പൊതു ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. തെരുവു നായ കുറുകെ ചാടി വണ്ടി അപകടത്തില്‍പെട്ട് വൃക്ക നഷ്ടപ്പെട്ട ഓട്ടോഡ്രൈവര്‍ക്ക് ഒരുലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
ഡെപ്യൂട്ടിമേയര്‍ ടി ജെ വിനോദ്, കൗണ്‍സിലര്‍മാരായ വി പി ചന്ദ്രന്, സി കെ പീറ്റര്‍, പി കെ പ്രകാശന്, ദീപക് ജോണ്‍, കെ വി പി കൃഷ്ണകുമാര്‍, അഡ്വ. വി കെ മിനിമോള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.