|    Aug 23 Wed, 2017 11:44 am

ബ്രഹ്മപുരത്തെ പുതിയ പ്ലാന്റില്‍മാലിന്യത്തില്‍ നിന്ന് വൈദ്യുതി

Published : 6th August 2017 | Posted By: fsq

 

കൊച്ചി: മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ബ്രഹ്മപുരത്തെ പുതിയ പ്ലാന്റിന് മൂന്നു മാസത്തിനുള്ളില്‍ തുടക്കം കുറിക്കും. ഒന്നര വര്‍ഷത്തിനുള്ളില്‍ പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാവും. നിര്‍മാണം തുടങ്ങികഴിഞ്ഞാല്‍ എട്ടു മാസത്തിനകം മാലിന്യ സംസ്‌കരണം ആരംഭിക്കാന്‍ കഴിയുമെന്ന് പുതിയ പ്ലാന്റിന്റെ നടത്തിപ്പുകാരായ കമ്പനിയുടെ പി ആര്‍ ഹെഡ് അമിത് വിശ്വനാഥ് പറഞ്ഞു. വേള്‍ഡ് മലയാളി കൗണ്‍സിലും എറണാകുളം വൈഎംസിഎയും സംയുക്തമായി ബ്രഹ്മപുരത്തെ പുതിയ പ്ലാന്റിനെ കുറിച്ച് നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേയര്‍ സൗമിനി ജെയിന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പി ടി തോമസ് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പുതിയ പ്ലാന്റില്‍ മാലിന്യമെത്തിക്കുന്നതിന് നിലവിലുള്ള സംവിധാനത്തിലൂടെ തന്നെയായിരിക്കുമെന്ന് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. കൊച്ചി മെട്രോ ഉള്‍പ്പെടെയുള്ള പദ്ധതികളുടെ വരവോടെ കൊച്ചി വികസനത്തിന്റെ പാതയിലാണ്. മാലിന്യത്തിന്റെ അളവിലും വന്‍ വര്‍ധനയുണ്ടായതോടെ സംസ്‌കരണത്തിന് പൊതുസംവിധാനം അനിവാര്യമായി. ദിവസവും 400 ടണ്‍ ഖരമാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് ബ്രഹ്മപുരത്ത് സ്ഥാപിക്കുന്നത്. പ്ലാന്റ് പ്രവര്‍ത്തിക്കണമെങ്കില്‍ കുറഞ്ഞത് 300 ടണ്‍ മാലിന്യം വേണം. നിലവില്‍ ബ്രഹ്മപുരത്ത് നഗരസഭയിലെയും ആലുവ, തൃക്കാക്കര, കളമശ്ശേരി മുനിസിപ്പാലിറ്റിയിലെയും ഉള്‍പ്പടെ 200 ടണ്‍ വരെ മാലിന്യമാണ് നിത്യേന സംസ്‌കരിക്കുന്നത്. പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സമീപ പഞ്ചായത്തുകളിലെയും മാലിന്യം ഇവിടെ സംസ്‌കരിക്കാമെന്ന് മേയര്‍ പറഞ്ഞു. പ്ലാന്റില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി യൂനിറ്റിന് 15 രൂപ നിരക്കില്‍ കെഎസ്ഇബിക്ക് വില്‍ക്കാനാണ് നഗരസഭയുടെ തീരുമാനം.ഒരു ടണ്‍ മാലിന്യത്തില്‍ നിന്ന് 430 യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്ന് കമ്പനി വക്താക്കള്‍ പറഞ്ഞു. ഒരു ദിവസം പത്ത് മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാം. നിരക്ക് സംബന്ധിച്ച് തീരുമാനിക്കുന്നത് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനാണ്. ഇക്കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക