|    Jul 28 Fri, 2017 12:17 am
FLASH NEWS

ബ്രഹ്മപുരം മാലിന്യ ഊര്‍ജ പദ്ധതി: ത്വരിതാന്വേഷണത്തിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്

Published : 1st September 2016 | Posted By: SMR

മൂവാറ്റുപുഴ: ബ്രഹ്മപുരം മാലിന്യ ഊര്‍ജ പദ്ധതിയെക്കുറിച്ച് ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവായി. ബ്രഹ്മപുരം കോയിക്കല്‍ അബ്ദുല്‍ ബഷീര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി പി മാധവന്‍ ഉത്തരവിട്ടത്.
കൊച്ചി കോര്‍പറേഷന്‍ ജിജെ നേച്ചര്‍ ആന്‍ഡ് കെയര്‍ കണ്‍സോര്‍ഷ്യത്തെ ഏല്‍പിച്ചിട്ടുള്ള മാലിന്യ ഊര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അഴിമതിയെക്കുറിച്ചാണ് ഹര്‍ജി. ബ്രഹ്മപുരത്താണ് പദ്ധതി നടപ്പാക്കുന്നത്. യാതൊരുവിധ പ്രൊജക്ട് റിപോര്‍ട്ടോ മുന്‍പരിചയമോ കമ്പനിക്കില്ല. ഗ്യാസ് ഉപയോഗിച്ച് മാലിന്യം സംസ്‌കരിക്കുന്നതില്‍ കമ്പനിക്ക് മുന്‍പരിചയവുമില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചു.
സംസ്ഥാന സര്‍ക്കാര്‍ വികേന്ദ്രീകരണ മാലിന്യ സംസ്‌കരണത്തെ പ്രോല്‍സാഹിപ്പിക്കുമ്പോള്‍ കൊച്ചി കോര്‍പറേഷന്‍ കേന്ദ്രീകൃത മാലിന്യ സംസ്‌കരണമെന്ന ആശയത്തെ സ്വീകരിച്ചിരിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പൊതുനയത്തിന് എതിരാണ്. കൊച്ചി കോര്‍പറേഷന്‍ കമ്പനിയുമായി ഉണ്ടാക്കിയിരിക്കുന്ന കരാര്‍ കമ്പനിക്ക് മാത്രം പ്രയോജനപ്പെടുന്ന വിധത്തിലാണ്. 2008ലാണ് കൊച്ചി കോര്‍പറേഷന്‍ ബ്രഹ്മപുരത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിച്ചത്. ഹൈക്കോടതിയുടെ നിര്‍ദേശത്തിന്റെ പേരിലാണ് കൊച്ചി കോര്‍പറേഷന്‍ എല്ലാ സൗകര്യത്തോടെയുമുള്ള മാലിന്യ സംസ്‌കരണ ഫാക്ടറി തുടങ്ങാന്‍ തീരുമാനിച്ചത്.
ആന്ധ്രാപ്രദേശ് ടെക്‌നോളജീസിനെ നിര്‍മാണ പ്രവര്‍ത്തനം ഏല്‍പിക്കുകയും ചെയ്തു. യാതൊരുവിധ മുന്‍പരിചയവുമില്ലാത്ത ആന്ധ്ര കമ്പനിക്കെതിരേ അന്യായമായ പ്രതിഫലം പറ്റിയാണ് കോര്‍പറേഷന്‍ നിര്‍മാണം ഏല്‍പിച്ചതെന്നും ഹരജിയില്‍ ആരോപിക്കുന്നു. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുകയും പരിസര പ്രദേശങ്ങള്‍ മാലിന്യമാക്കുകയും ചെയ്തു. നൂറുവര്‍ഷം നിലനില്‍ക്കേണ്ട പ്ലാന്റ് ആറുവര്‍ഷം കൊണ്ട് നിലംപതിച്ചെങ്കിലും കൊച്ചി കോര്‍പറേഷന്‍ ആര്‍ക്കെതിരേയും ഒരു നടപടിയുമെടുത്തില്ല. ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇപ്പോള്‍ പ്ലാന്റും അനുബന്ധ ഉപകരണങ്ങളുമെന്നും ഹരജിയില്‍ ആരോപിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക