|    Oct 18 Thu, 2018 1:37 pm
FLASH NEWS

ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിക്ക് മൂന്നു വര്‍ഷത്തെ അക്രഡിറ്റേഷന്‍

Published : 13th September 2017 | Posted By: fsq

 

കല്‍പ്പറ്റ: കൃഷി, പശുപരിപാലനം, മൃഗസംരക്ഷണം, വ്യവസായം, മാര്‍ക്കറ്റിങ്, പരിശീലനം, സേവനം എന്നീ മേഖലകളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് മീനങ്ങാടി ആസ്ഥാനമായുള്ള ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിക്ക് മൂന്നു വര്‍ഷത്തെ അക്രഡിറ്റേഷന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. കില (കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍) റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 21നു അനുവദിച്ച താല്‍ക്കാലിക അക്രഡിറ്റേഷനാണ് സൊസൈറ്റി ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറുടെ അപേക്ഷ കണക്കിലെടുത്ത് മൂന്നു വര്‍ഷത്തേക്കാക്കിയത്. സ്ഥിരം അക്രഡിറ്റേഷന്‍ അനുവദിക്കണമെന്നായിരുന്നു സൊസൈറ്റി സിഇഒയുടെ അപേക്ഷ. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് കാര്‍ഷിക മേഖലയില്‍ നെല്‍കൃഷി, പച്ചക്കറി കൃഷി, സൂക്ഷ്മകൃഷി, ഫാം പ്ലാനിങ്, കൂണ്‍കൃഷി, ബയോഗ്യാസ് പ്ലാന്റ് നിര്‍മാണം, മണ്ണിര കംപോസ്റ്റ് നിര്‍മാണം, പച്ചക്കറിത്തൈ വിതരണം, ജൈവ-ജീവാണുവള-കീടനിയന്ത്രണ ഉപാധികളുടെ നിര്‍മാണം, തീറ്റപ്പുല്‍-അസോള കൃഷി വ്യാപനം, മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഏറ്റെടുത്തു നടത്താം. ക്ഷീരമേഖലയില്‍ തീറ്റപ്പുല്‍- അസോള കൃഷി, ക്ഷീരസംഘങ്ങളുടെ നവീകരണം, പാല്‍ ഗുണമേന്മ പരിശോധന, തൊഴുത്ത് നിര്‍മാണത്തിനു റിവോള്‍വിങ് ഫണ്ട് നല്‍കല്‍ എന്നിവ ഏറ്റെടുക്കാം. മൃഗസംരക്ഷണ മേഖലയില്‍ കുളമ്പുരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കര്‍ഷകര്‍ക്ക് കുറഞ്ഞ ചെലവില്‍ പോത്തുകുട്ടി-ആട് വിതരണം, വെറ്ററിനറി ഡോക്ടറുടെയും ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരുടെയും സേവനം കര്‍ഷകര്‍ക്ക് ലഭ്യമാക്കല്‍, മോഡല്‍ ഫാമുകളുടെ സ്ഥാപനം, ആട്ടിന്‍കുഞ്ഞുങ്ങളെ ലഭ്യമാക്കുന്നതിനു ജില്ലാ-പഞ്ചായത്തുതല ആട് ഫെഡറേഷന്‍, പോത്തുകുട്ടികളെ ലഭ്യമാക്കുന്നതിനു ആന്ധ്രയിലും തമിഴ്‌നാട്ടിലും പ്രൊക്യൂര്‍മെന്റ് സെന്ററുകള്‍, പാല്‍-മാംസ ഉല്‍പാദനത്തിനു ഉരുക്കളെ വളര്‍ത്തല്‍ എന്നിവയില്‍ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായി പ്രവര്‍ത്തിക്കാം. വ്യവസായ മേഖലയില്‍ ആധുനിക മാംസ സംസ്‌കരണശാലയുടെ പ്രവര്‍ത്തനം, അഗ്രി കെമിക്കല്‍ ഉല്‍പന്നങ്ങളുടെ നിര്‍മാണവും വിപണനവും എന്നിവ ഏറ്റെടുക്കാം. മാര്‍ക്കറ്റിങ് മേഖലയില്‍ ഏറ്റെടുത്ത് നടത്താവുന്നതില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍, ക്ഷീരസംഘങ്ങള്‍ക്കുള്ള ഡയറി ക്ലീന്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ വിതരണം, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ മാംസം, പഴം-പച്ചക്കറി ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കല്‍ എന്നിവ ഉള്‍പ്പെടും. പശുവളര്‍ത്തല്‍, പാലുല്‍പന്ന നിര്‍മാണം, കൂണ്‍കൃഷി, സോപ്പ് നിര്‍മാണം, പച്ചക്കറി കൃഷി, ജൈവ-ജീവാണുവള നിര്‍മാണം എന്നിവയില്‍ പരിശീലന പരിപാടികള്‍ ഏറ്റെടുത്തു നടത്താന്‍ സൊസൈറ്റിക്ക് അനുവാദമുണ്ടെന്നും സിഇഒ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss