|    Apr 25 Wed, 2018 8:11 pm
FLASH NEWS
Home   >  News now   >  

ബ്രസ്സല്‍സ് സ്‌ഫോടന പരമ്പര; ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

Published : 23rd March 2016 | Posted By: swapna en

brussels


ബ്രസ്സല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസ്സല്‍സില്‍ വിമാനത്താവളത്തിലും മെട്രോസ്‌റ്റേഷനിലും 34 പേര്‍ മരിക്കാനിടയായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. സ്‌ഫോടന പരമ്പരയുടെ ഉത്തരവാദിത്വം  ഏറ്റെടുക്കുന്നതായി ഐഎസ് ഓണ്‍ലൈനായി പ്രസിദ്ധീകരിച്ച പത്രകുറിപ്പില്‍ അറിയിച്ചു. ഐഎസ്സിനെതിരേ അണിച്ചേരുന്ന രാജ്യങ്ങള്‍ക്ക് ബ്രസ്സല്‍സിലെ അനുഭവം ഉണ്ടാവുമെന്നും കുറിപ്പില്‍ പറയുന്നു. സ്‌ഫോടനം വിജയച്ചതിനെതുടര്‍ന്ന് മധുരം നല്‍കുന്ന പടവും ഇവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനിടെ അക്രമികള്‍ക്കെതിരായ അന്വേഷണം ഊര്‍ജ്ജിതമാക്കി. അക്രമികളെന്ന് കരുതുന്നവരുടെ ചിത്രം ബെല്‍ജിയം പുറത്ത് വിട്ടിട്ടുണ്ട്. അക്രമണത്തിന് തൊട്ടുമുമ്പ് വിമാനത്താവളത്തില്‍ ബാഗുമായി എത്തിയവരാണ് ഇവര്‍.
എന്തിനാണോ ഞങ്ങള്‍ പേടിച്ചത് അത് ഉണ്ടായിരിക്കുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മൈക്കല്‍ പറഞ്ഞു. എല്ലാവരും സംയമനം പാലിക്കണമെന്നും ആക്രമണത്തിനെതിരേ ഐക്യപെടണമെന്നും അദ്ദേഹം പറഞ്ഞു.  ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 8മണിക്കാണ് (ഇന്ത്യന്‍ സമയം 11.30) ബ്രസ്സല്‍സിലെ സാവെന്റം വിമാനത്താവളത്തിലെ ടെര്‍മിനലില്‍ ഇരട്ട സ്‌ഫോടനമുണ്ടായത്. തുടര്‍ന്ന് ഒരുമണിക്കൂറിനകം മധ്യ ബ്രസ്സല്‍സിലെ മാല്‍ബീക് മെട്രോസ്‌റ്റേഷനിലും സ്‌ഫോടനമുണ്ടായി. 200 ലേറെ പേര്‍ക്കു പരിക്കേറ്റിരുന്നു.
പുറപ്പെടാനിരുന്ന യാത്രക്കാരുടെ രേഖകള്‍ പരിശോധിക്കുന്നതിനിടെയാണു വിമാനത്താവളത്തില്‍ സ്‌ഫോടനമുണ്ടായത്. ഇവിടെയുണ്ടായിരുന്ന യാത്രക്കാരാണു കൂടുതലും മരിച്ചത്. വിമാനത്താവളത്തില്‍ ഭീകരാക്രമണമാണു നടന്നതെന്ന് ബെല്‍ജിയം അധികൃതര്‍ പറഞ്ഞു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 130 പേരുടെ മരണത്തിനിടയാക്കിയ പാരിസ് ആക്രമണത്തിന്റെ ആസൂത്രകനെന്ന് സംശയിക്കുന്ന സലാഹ് അബ്ദുസലാമിനെ കഴിഞ്ഞ ദിവസം ബ്രസ്സല്‍സില്‍ പിടികൂടിയിരുന്നു. ഇതിലുള്ള പ്രതികാരമാവാം സ്‌ഫോടനകാരണമെന്നു സംശയിക്കുന്നതായി പോലിസ് പറഞ്ഞു.
വിമാനത്താവളത്തില്‍ നിന്നു യാത്രക്കാരെ ഒഴിപ്പിച്ചു സുരക്ഷ ശക്തമാക്കി. സ്‌ഫോടനത്തില്‍ നിരവധി യാത്രക്കാരുടെ കൈകാലുകള്‍ നഷ്ടപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിമാനത്താവളത്തിലേക്കുള്ള റെയില്‍ സര്‍വീസും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. യൂറോപ്യന്‍ യൂനിയന്‍, നാറ്റോ ആസ്ഥാനങ്ങളിലേക്കുള്ള ഗതാഗതവും തടഞ്ഞിട്ടുണ്ട്. സ്‌ഫോടനത്തില്‍ മരിച്ചവരില്‍ ഇന്ത്യക്കാരില്ലെന്നു സ്ഥിരീകരിച്ചു. എന്നാല്‍ വിമാനത്താവളത്തിലുണ്ടായിരുന്ന ജെറ്റ് എയര്‍വേയ്‌സിന്റെ രണ്ടു ജീവനക്കാര്‍ക്കു പരിക്കേറ്റിട്ടുണ്ട്. അവര്‍ക്ക് വൈദ്യസഹായം നല്‍കിയതായി ജെറ്റ് എയര്‍വേയ്‌സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിട്ടുണ്ട്.
ബെല്‍ജിയത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു യൂറോപ്യന്‍ നേതാക്കള്‍ രംഗത്തെത്തി. യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ മൊത്തത്തിലാണ് ആക്രമിക്കപ്പെട്ടതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹോളാന്‍ദ് പറഞ്ഞു. ജനാധിപത്യ യൂറോപ്പിന് നേരെയാണ് ആക്രമണം നടന്നതെന്നായിരുന്നു സ്വീഡന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ലോഫ്‌വെന്‍ പ്രതികരിച്ചത്. തന്റെ രാഷ്ട്രം കഴിയുന്നത്ര സഹായം നല്‍കുമെന്നും ‘കോബ്ര’ സുരക്ഷ കമ്മിറ്റി ഉടനെ വിളിച്ചുചേര്‍ക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വല്‍ദിമിര്‍ പുടിനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്‌ഫോടനത്തെ അപലപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss