|    Dec 12 Wed, 2018 4:49 pm
FLASH NEWS
Home   >  Sports  >  Football  >  

ബ്രസീലിന് വെല്ലുവിളികളേറ; അട്ടിമറിക്കാന്‍ ഗ്രൂപ്പ് ഇയില്‍ ഇവര്‍

Published : 7th May 2018 | Posted By: vishnu vis

ജലീല്‍ വടകര

ബ്രസീലിനെ വെല്ലുവിളിക്കാന്‍ പോന്ന ടീമുകളാണ് ബ്രസീലിനൊപ്പം ഗ്രൂപ്പ് ഇയില്‍ സ്ഥാനം പിടിച്ചത്. ഫിഫ റാങ്കിങില്‍ ആറാം സ്ഥാനത്തുള്ള സ്വിറ്റ്‌സര്‍ലന്‍ഡും 25ാം സ്ഥാനത്തുള്ള കോസ്റ്ററിക്കയും 35ാം സ്ഥാനത്തുള്ള സെര്‍ബിയയുമാണിവര്‍. ഇവര്‍ക്ക് ബ്രസീലിനെ അട്ടിമറിക്കാന്‍ കെല്‍പുമുണ്ട്. ഗ്രൂപ്പ് ഇയിലെ ടീമുകളെപ്പറ്റിയുള്ള കൂടുതല്‍ വിശേഷങ്ങളിലേക്ക് കണ്ണോടിക്കാം.

സെര്‍ബിയ

തുടക്കത്തില്‍ യുഗോസ്ലാവിയയുടെ ഭാഗമായാണ് സെര്‍ബിയ ലോകകപ്പിന്റെ പാഠങ്ങള്‍ പഠിച്ചതും ലോകകപ്പില്‍ കരുത്ത് തെളിയിച്ചതും. അന്ന് ആദ്യ 10നുള്ളില്‍ മാത്രമായിരുന്നു യുഗോസഌവിയ സ്ഥാനം കണ്ടെത്തിയിരുന്നത്.  യുഗോസഌവിയന്‍ കരുത്തില്‍ ലോകകപ്പ് കളിച്ച സെര്‍ബിയ 1930ലും 1962ലും നാലാം സ്ഥാനത്തെത്തിയതാണ് മികച്ച പ്രകടനം. പിന്നീട് സ്വതന്ത്ര രാജ്യമായപ്പോള്‍ സെര്‍ബിയക്ക് തൊട്ടതെല്ലാം പിഴയ്ക്കുന്ന കാഴ്ചയാണ് ലോക ഫുട്‌ബോള്‍ ആരാധകര്‍ സാക്ഷ്യം വഹിച്ചത.് സ്വതന്ത്രരായ ശേഷം കാലുകുത്തിയ ആദ്യ ലോകകപ്പായ 2010ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ടീം യോഗ്യത നേടിയെങ്കിലും 23ാംസ്ഥാനവുമായി നാട്ടിലേക്ക് മടങ്ങാനായിരുന്നു വിധി. ഇക്കഴിഞ്ഞ ബ്രസീലിയന്‍ ലോകകപ്പില്‍ യോഗ്യത നേടാന്‍ ടീമിന് കഴിഞ്ഞതുമില്ല. 2010ലെ ലോകകപ്പില്‍ ആദ്യ മല്‍സരത്തില്‍ ഘാനയോട് ഒരു ഗോളിന് പരാജയപ്പെട്ട സെര്‍ബിയ രണ്ടാം മല്‍സരത്തില്‍ ലോക കരുത്തരായ ജര്‍മനിയെ എതിരില്ലാത്ത ഒരു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്വതന്ത്ര രാജ്യത്തിന്റെ വരവറിയിച്ചത.് യുഗോസഌവിയന്‍ പതാകയ്ക്ക് കീഴിലായിരിക്കെ 1962ല്‍ ഡ്രാസന്‍ ജെര്‍ക്കോവിച്ച് അക്കൗണ്ടിലാക്കിയ നാല് ഗോള്‍ നേട്ടമാണ് ഇന്നും സെര്‍ബിയക്ക് ഓര്‍ക്കാനുള്ള ഏറ്റവും മികച്ച പ്രകടനം. യുവേഫ ചാംപ്യന്‍സ് ലീഗിലാണ് സെര്‍ബിയ കൂടുതല്‍ കരുത്ത് തെളിയിച്ചത.് യുഗോസഌവിയയായി പന്ത് തട്ടിയ 1960ലും 1968ലും റണ്ണേഴ്‌സ് അപിനുള്ള കിരീടം സ്വന്തമാക്കിയാണ് ടീം മാറ്റ് തെളിയിച്ചത്. പിന്നീട് സ്വതന്ത്ര രാജ്യമായ ശേഷം 2008ല്‍ പന്ത് തട്ടിയ സെര്‍ബിയക്ക് പക്ഷേ യോഗ്യത നേടാന്‍ കഴിഞ്ഞില്ല. 2015ലെ യൂത്ത് ലോകകപ്പില്‍ കരുത്തരായ ബ്രസീലിനെ പരാജയപ്പെടുത്തി കിരീടം ചൂടിയ സെര്‍ബിയന്‍ ടീം അടുത്ത കാലത്ത് തന്നെ ലോകകപ്പ് നേടാനുള്ള വിശ്വാസത്തിലാണ്. അതിന്റെ ചവിട്ടുപടിയായാണ് റഷ്യന്‍ ലോകകപ്പിനെ ടീം കണക്കാക്കുന്നത്.
യൂറോപ്പില്‍ നിന്ന് ഗാരെത് ബെയ്‌ലിന്റെ വെയില്‍സിന് പ്രവേശനം നിഷേധിച്ച് പകരം ആ ടിക്കറ്റ് സ്വന്തമാക്കിയാണ് ടീം ലോകകപ്പിന് യോഗ്യത നേടിയത്. വെയില്‍സും അയര്‍ലന്‍ഡും ഓസ്ട്രിയയുമെല്ലാം അടങ്ങിയ ഗ്രൂപ്പില്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് ടീം റഷ്യയിലേക്ക് യോഗ്യത നേടിയത്.  ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ സെര്‍ബിയക്ക് വേണ്ടി ആറു ഗോളുകള്‍ നേടി ഗ്രൂപ്പിലെ ടോപ് സ്‌കോററായ അലക്‌സാണ്ടര്‍ മിട്രോവിച്ചാണ് ടീമിന്റെ കുന്തമുന.

സ്വിറ്റ്‌സര്‍ലന്‍ഡ്

ഗ്രൂപ്പ് ഇയില്‍ ബ്രസീല്‍ കഴിഞ്ഞാല്‍ പിന്നെ ക്വാര്‍ട്ടറിലേക്ക് കൂടുതല്‍ യോഗ്യത ഉറപ്പിക്കാന്‍ സാധ്യതയുള്ള ടീമാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. കാരണം, ഈ അടുത്ത കാലത്തെ കളിമികവില്‍ ലോകഫുട്‌ബോള്‍ കരുത്തന്‍മാരായ ഫ്രാന്‍സിനെയും ചിലിയെയും സ്‌പെയിനിനെയും ഇറ്റലിയെയും ഉറുഗ്വായെയുമൊക്കെ പിറകിലാക്കി ആറാം സ്ഥാനത്തേക്കുയര്‍ന്ന ടീമാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. രണ്ടാം സ്ഥാനത്തുള്ള ബ്രസീല്‍ മാത്രമാണ് ഗ്രൂപ്പില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് മുന്നിലുള്ള മികച്ച ടീം.
യൂറോപ്പില്‍ നിന്ന് പ്ലേഓഫ് കളിച്ചാണ് ടീം റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടിയത്. വടക്കന്‍ അയര്‍ലന്‍ഡിനെതിരായ അവസാന പ്ലേ ഓഫ് മല്‍സരത്തില്‍ ഇരു പാദങ്ങളിലായി 1-0ന് കഷ്ടിച്ച് നേടിയ ജയമാണ് ടീമിന് യോഗ്യതാ വഴി തെളിഞ്ഞത്. അവസാന സൗഹൃദ മല്‍സരത്തില്‍ ഗ്രീസിനെ 1-0ന് പരാജയപ്പെടുത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് ശേഷം പാനമയെ എതിരില്ലാത്ത ആറുഗോളുകള്‍ക്കും മുട്ടുകുത്തിച്ചിരുന്നു. ആഴ്‌സനല്‍ താരം ഗ്രാനിറ്റ് സാക്കയും ഷാല്‍ക്കെ താരം ബ്രീല്‍ എംബോളോയുമാണ് ടീമിന്റെ ആക്രമണ കുന്തമുന. സ്വന്തം നാട്ടുകാരുടെ പിഴവുകള്‍ മനപ്പാഠമറിയാവുന്ന പരിശീലകന്‍ വഌദിമിര്‍ പെട്‌കോവിച്ചിന്റെ ഉപദേശവും ടീമിന് നേട്ടമുണ്ടാവുമെന്നുറപ്പ്. മുമ്പ് 10 തവണ ലോകകപ്പില്‍ ഇടം കണ്ടെത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് മൂന്ന് തവണ ക്വാര്‍ട്ടറിലെത്തിയതാണ് മികച്ച നേട്ടം. 1934,1938 എന്നീ വര്‍ഷങ്ങളിലും 1964ല്‍ ആതിഥ്യമരുളിയ ലോകകപ്പിലുമാണ് ടീം ക്വാര്‍ട്ടര്‍ പ്രവേശനം ഗംഭീരമാക്കിയത്. മുമ്പ് 1924ലെ ഒളിംപിക്‌സില്‍ വെളളി മെഡല്‍ നേടിയാണ് ടീം ലേകകപ്പില്‍ സാന്നിധ്യമറിയിച്ചത്. വളര്‍ന്നുവരുന്ന യുവതാരങ്ങളിലേക്കും ഫുട്‌ബോള്‍ ടീം കണ്ണുവയ്ക്കുന്നുണ്ട്. 2009ലെ അണ്ടര്‍ 17 ലോകകപ്പിലും 2002ലെ അണ്ടര്‍ 17 യുവേഫ ചാംപ്യന്‍ഷിപ്പിലും ഭാവിവാഗ്ദാനം കിരീടം ചൂടിയ നേട്ടവും സ്വിറ്റ്‌സര്‍ലന്‍ഡിനൊപ്പമുണ്ട്.

കോസ്റ്ററിക്ക

കോണ്‍കകാഫ് മേഖലയില്‍ നിന്ന്് താരതമ്യേന പ്രബലരായ ഹോണ്ടുറാസിനെ 1-1ന്റെ സമനിലയില്‍ തളച്ചാണ് കോസ്റ്ററിക്ക 2018 ലോകകപ്പിന് യോഗ്യത നേടിയത്. നാലു തവണ ലോകകപ്പ് ഫുട്‌ബോളില്‍ സാന്നിധ്യമറിയിച്ച കോസ്റ്ററിക്ക ഇക്കഴിഞ്ഞ ബ്രസീല്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ വരെ എത്തിയതാണ് മികച്ച പ്രകടനം. മുന്‍പ് 1990ലെ ഇറ്റലി ലോകകപ്പില്‍ നോക്കൗട്ട് വരെയെത്തിയ കോസ്റ്ററിക്കയ്ക്ക് 2002 ലും 2006 ലും ഗ്രൂപ്പ് ഘട്ടത്തില്‍ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. 2006ലെ ലോകകപ്പില്‍ മികച്ച ടീം പോളണ്ടിനെ 2-1ന് തകര്‍ത്തെങ്കിലും അടുത്ത റൗണ്ടിലേക്ക് ടിക്കറ്റെടുക്കാന്‍ അതു മതിയായിരുന്നില്ല. എന്നാല്‍ കൂടുതല്‍ കരുത്തോടെയാണ് കോസ്റ്ററിക്ക ബ്രസീല്‍ ലോകകപ്പിലിറങ്ങിയത്. ഇവിടെ നടന്ന ഗ്രൂപ്പ് ഘട്ടത്തില്‍ ഫുട്‌ബോള്‍ ചിരവൈരികള്‍ക്കെതിരേ പരാജയം പോലും നേരിടാതെയാണ് ടീം ക്വാര്‍ട്ടറിലെത്തിയത്. നിലവിലെ റയല്‍ കാവല്‍ക്കാരന്‍ കൈലര്‍ നവാസിന്റെ അത്യുജ്വല കീപ്പിങ് മികവില്‍ അന്ന് അക്ഷരാര്‍ഥത്തില്‍ എതിര്‍ സ്‌ട്രൈക്കര്‍മാര്‍ക്കെല്ലാം പിഴയ്ക്കുകയായിരുന്നു. ആദ്യ മല്‍സരത്തില്‍ പ്രഥമ ലോകകപ്പ് ചാംപ്യന്‍മാരായ ഉറുഗ്വായെ 3-1ന് പരാജയപ്പെടുത്തിയ കോസ്റ്ററിക്ക രണ്ടാം മല്‍സരത്തില്‍ ഇറ്റലിയെയും എതിരില്ലാത്ത ഒരു ഗോളുകള്‍ക്ക് മുട്ടുകുത്തിച്ചു. പിന്നീട് ഇംഗ്ലണ്ടിനോടും(0-0) ഗ്രീസിനോടും(1-1) സമനില പിടിച്ച കോസ്റ്ററിക്ക ഗ്രൂപ്പ് ചാംപ്യന്‍മാരായി ക്വാര്‍ട്ടറിലേക്ക് മുന്നേറുകയായിരുന്നു. എന്നാല്‍ ക്വാര്‍ട്ടറില്‍ ഹോളണ്ടിനെതിരേ മികച്ച പ്രകടനം പുറത്തെടുത്ത കോസ്റ്ററിക്ക മല്‍സരം എക്‌സ്ട്രാ ടൈമിലും ഗോള്‍ രഹിത സമനിലയില്‍ പിടിച്ചതോടെ പെനല്‍റ്റിയിലേക്ക്. എന്നാല്‍ പെനല്‍റ്റിയില്‍ 4-3ന് മല്‍സരം ഹോളണ്ടിനോട് അടിയറവ് വച്ച കോസ്റ്ററിക്കയ്ക്ക് പെനല്‍റ്റിയിലെ ഒരുഗോള്‍ അകലെ സെമി സാധ്യതകള്‍ അസ്തമിക്കുകയായിരുന്നു. 2014ല്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ലോകകപ്പ് ഗംഭീരമാക്കിയ കോസ്റ്ററിക്കയ്ക്ക് നിലവിലെ മല്‍സരഫലം അത്ര ശുഭകരമായ ആശ്വാസമല്ല നല്‍കുന്നത്. ഈയിടെ നടന്ന സൗഹൃദ മല്‍സരത്തില്‍ ടുണീഷ്യയോട് 0-1ന് പരാജയപ്പെട്ട കോസ്റ്ററിക്ക തൊട്ടുമുമ്പ് നടന്ന മല്‍സരത്തില്‍ താരതമ്യേന ദുര്‍ബലരായ സ്‌കോട്ട്‌ലന്‍ഡിനെ 1-0ന് പരാജയപ്പെടുത്തിയ ആശ്വാസം അവര്‍ക്കുണ്ട്. കഴിഞ്ഞ ലോകകപ്പിലും റയല്‍ നിരയിലും പ്രകടനമികവ് കൂടെക്കൂട്ടിയ സൂപ്പര്‍ ഗോളി കൈലര്‍ നവാസിലാണ് കോസ്റ്ററിക്കന്‍ ആരാധകരുടെ പ്രതീക്ഷ മുഴുവന്‍. 2014ലെ പ്രകടനം ഒരിക്കല്‍ കൂടി താരം പുറത്തെടുത്താല്‍ ഇത്തവണ ലോകരാജാക്കന്‍മാരെ പിന്നിലാക്കി ടീമിന് കിരീടം നാട്ടിലെത്തിക്കാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss