|    Jan 17 Tue, 2017 4:41 pm
FLASH NEWS

ബോസ്‌കോ വധക്കേസ്; ആറുപ്രതികള്‍ക്ക് ജീവപര്യന്തവും ലക്ഷം രൂപ വീതം പിഴയും

Published : 31st July 2016 | Posted By: SMR

തിരുവനന്തപുരം: ബോസ്‌കോ വധക്കേസില്‍ ആറുപ്രതികള്‍ക്ക് ജീവപര്യന്തം തടവും ഓരോ ലക്ഷം രൂപ പിഴയും. സൗത്ത് തുമ്പ തൈവിളാകം സ്വദേശി ബോസ്‌കായെ (26) കൊലപ്പെടുത്തുകയും ബന്ധുവായ ബൈജുവിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ തിരുവനന്തപുരം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പി ഡി ശാര്‍ങ്ഗധരനാണ് വിധി പ്രസ്താവിച്ചത്. തൈവിളാകം വേളി പള്ളിക്ക് സമീപം ഈപ്പന്‍(30), ക്ലെമന്റ്(26), രാജന്‍(29), ലിന്‍ മരിയന്‍(40), കുഞ്ഞുമോന്‍, ബൈജു എന്നിവരെയാണ് ശിക്ഷിച്ചത്. പ്രതികളില്‍ നിന്ന് ഓരോ ലക്ഷം രൂപവീതം പിഴ ഈടാക്കി അഞ്ചുലക്ഷം രൂപ ബോസ്‌കോയുടെ ആശ്രിതര്‍ക്കും അരലക്ഷം രൂപ ബൈജുവിനും നല്‍കണമെന്നും വിധിയിലുണ്ട്.
2001 ജൂലൈ 30നാണ് ബോസ്‌കോയെയും ബന്ധുവായ ബൈജുവിനെയും മാരകായുധങ്ങളുമായി പ്രതികള്‍ ആക്രമിച്ചത്. സൗത്ത് തുമ്പ, വലിയവേളി സ്വദേശികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കെ മല്‍സ്യത്തൊഴിലാളിയായ ബോസ്‌കോ വേളിപൊഴിയില്‍ കെട്ടിയിട്ടിരുന്ന വള്ളം അതിന്റെ കൈവശക്കാരോട് ചോദിക്കാതെ കെട്ടഴിച്ചു തുഴഞ്ഞുകൊണ്ടുപോയശേഷം തിരികെ കൊണ്ടിട്ടു. തങ്ങളുടെ വള്ളം അനുവാദമില്ലാതെ എടുത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പോലിസ് എട്ടുപേരെ പ്രതിയാക്കിയാണ് കേസ് ചാര്‍ജ് ചെയ്തിരുന്നത്. ഒന്നാം പ്രതി മരണപ്പെട്ടു. രണ്ടാം പ്രതിയെ കോടതി വെറുതെ വിട്ടു.
കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റ് ആറുപേരെയാണ് കോടതി ശിക്ഷിച്ചത്. പോലിസ് അന്വേഷണത്തില്‍ ഗുരുതരമായ ഒട്ടനവധി വീഴ്ചകളുണ്ടായിട്ടും പ്രോസിക്യൂഷന്‍ സമര്‍ഥമായാണ് കേസ് തെളിയിച്ചത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടാം സാക്ഷി ഷാജി ഗള്‍ഫിലായിരുന്നതിനാല്‍ വിചാരണയ്ക്ക് എത്തിയിരുന്നില്ല. വിചാരണ പൂര്‍ത്തിയായശേഷം ഇയാള്‍ നാട്ടിലെത്തിയതറിഞ്ഞ് പ്രത്യേക ഉത്തരവ് വാങ്ങി 16ാം സാക്ഷിയായി ഇയാളെ കോടതിയില്‍ വരുത്തി പ്രോസിക്യൂഷന്‍ മൊഴിയെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ 15 സാക്ഷികള്‍, 44 തൊണ്ടിമുതലുകള്‍, 44 തെളിവുകള്‍ എന്നിവപ്രോസിക്യൂഷന് സഹായമായി.
ബോസ്‌കോയെ കൊലപ്പെടുത്തിയതും കൊലയാളികള്‍ക്ക് കോടതി ശിക്ഷവിധിച്ചതും ജൂലൈ 30ന്. 15 വര്‍ഷം മുമ്പ് ഇതേ ദിവസമുണ്ടായ കൊലപാതകത്തില്‍ ശിക്ഷാവിധിയും അതേ തിയ്യതിയില്‍ ഉണ്ടായത് യാദൃശ്ചികമാണെങ്കിലും കോടതിവിധിയുടെ ആഹ്ലാദത്തിനൊപ്പം ബോസ്‌കോയുടെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും അതൊരു കൗതുകം കൂടിയായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക