|    May 23 Tue, 2017 8:48 am
FLASH NEWS

ബോള്‍ട്ട് തന്നെ വേഗരാജാവ്

Published : 17th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരന്‍ താന്‍ തന്നെയാണെന്ന് ജമൈക്കന്‍ ഇതിഹാസം യുസെയ്ന്‍ ബോള്‍ട്ട് ഒരിക്കല്‍ കൂടി തെളിയിച്ചു.
100 മീറ്ററില്‍ ബെയ്ജിങ്, ലണ്ടന്‍ എന്നിവയിലെ സ്വര്‍ണ മെഡല്‍ നേട്ടം റിയോയിലും ആവര്‍ത്തിച്ചപ്പോള്‍ ബോള്‍ട്ട് വേഗതയുടെ പര്യായമായി മാറി. പുരുഷന്‍മാരുടെ 100 മീറ്ററില്‍ 9.81 സെക്കന്‍ഡ് കൊണ്ട് ഫിനിഷിങ് ലൈന്‍ തൊട്ട് റിയോയെയും ബോള്‍ട്ട് ആവേശഭരിതമാക്കുകയായിരുന്നു.
ഈയിനത്തില്‍ അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിനാണ് രണ്ടാം സ്ഥാനം. 9.89 സെക്കന്‍ഡ് കൊണ്ടാണ് ഗാറ്റ്‌ലിന്‍ മല്‍സരം പൂര്‍ത്തിയാക്കിയത്. 9.91 സെക്കന്‍ഡ് കൊണ്ട് മല്‍സരം ഫിനിഷ് ചെയ്ത കാനഡയുടെ ആന്ദ്രെ ഡി ഗ്രാസെയ്ക്കാണ് വെങ്കല മെഡല്‍.
ഒളിംപിക്‌സില്‍ 29 കാരനായ ബോള്‍ട്ട് നേടുന്ന ഏഴാം സ്വര്‍ണ നേട്ടം കൂടിയാണിത്. കഴിഞ്ഞ രണ്ട് ഒളിംപിക്‌സിലും 100, 200, 4-100 റിലേ എന്നീയിനങ്ങളില്‍ ബോള്‍ട്ട് സ്വര്‍ണ മെഡല്‍ കഴുത്തിലണിഞ്ഞിരുന്നു. ഇനി 200,  4-100 റിലേ എന്നിവയില്‍ കൂടി സ്വര്‍ണം നേടി ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് താരം.
ഇന്നലെ നടന്ന 200 മീറ്റര്‍ ഹീറ്റ്‌സില്‍ ഒന്നാമതായി ഫിനിഷ് ചെയ്ത ബോള്‍ട്ട് തന്റെ അടുത്ത ലക്ഷ്യം വ്യക്തമാക്കി കഴിഞ്ഞു. ഒമ്പതാം ഹീറ്റ്‌സില്‍ മല്‍സരിച്ച താരം 20.28 സെക്കന്‍ഡ് കൊണ്ട് മല്‍സരം പൂര്‍ത്തിയാക്കിയാണ് സെമിഫൈനലിലേക്ക് മുന്നേറിയത്.
അഞ്ചാം ഹീറ്റ്‌സില്‍ മല്‍സരിച്ച ഗാറ്റ്‌ലിന്‍ 20.42 സെക്കന്‍ഡ് കൊണ്ട് ഒന്നാമതെത്തി. രണ്ടാം ഹീറ്റ്‌സില്‍ മല്‍സരിച്ച ജമൈക്കയുടെ യോഹന്‍ ബ്ലെയ്ക്കിന് രണ്ടാം സ്ഥാനത്തെത്താനെ സാധിച്ചുള്ളൂ.
100 മീറ്റര്‍ ഫൈനലില്‍ ബ്ലെയ്ക്ക് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
മല്‍സര ഷെഡ്യൂളിനെ വിമര്‍ശിച്ച് ബോള്‍ട്ട്
റിയോ ഡി ജനയ്‌റോ: റിയോ ഒൡപിക്‌സ് മല്‍സര ഷെഡ്യൂളിനെതിരേ വിമര്‍ശനവുമായി ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം യുസെയ്ന്‍ ബോള്‍ട്ട്. 100 മീറ്റര്‍ സ്പ്രിന്റ് മല്‍സരത്തില്‍ സെമിഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ക്കിടയില്‍ ഒരു മണിക്കുര്‍ മാത്രമായിരുന്നു ഇടവേള. ഇതായിരുന്നു ട്രാക്കില്‍ പൊതുവേ ശാന്തനായ ബോള്‍ട്ടിനെ ചൊടിപ്പിച്ചത്.
തികച്ചും വിവേക ശുന്യമായ മല്‍സരക്രമം മുലമാണ് മികച്ച പ്രകടനത്തിന് കഴിയാതിരുന്നത്. തുടരെ തുടരെ വേഗത്തില്‍ ഓടാന്‍ ഒരാള്‍ക്ക് കഴിയില്ല. രണ്ട് മല്‍സരങ്ങള്‍ക്കിടയില്‍ സ്വാഭാവികമായി രണ്ട് മണിക്കുറിന്റെ ഇടവേള എങ്കിലും ആവശ്യമാണ്. ഏന്നാല്‍ ഇത്തവണ സെമി മല്‍സരത്തിനു ശേഷം പരിശീലന ഭാഗത്തെത്തി യപ്പോഴേക്കും ഫൈനല്‍ പോരാട്ടത്തിനുള്ള വിളിയെത്തി- ബോള്‍ട്ട് പ്രതികരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day