|    Jan 22 Sun, 2017 9:58 pm
FLASH NEWS

ബോള്‍ട്ടിളക്കാന്‍ ആരുണ്ട് ?

Published : 14th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: കായികലോകം കാത്തിരിക്കുകയാണ്, വേഗരാജാവിനെ വരവേല്‍ക്കാന്‍. റിയോ ഒളിംപിക്‌സിലെ ഏറ്റവും വലിയ ആകര്‍ഷണമായ പുരുഷന്‍മാരുടെ 100 മീറ്റര്‍ ഗ്ലാമര്‍ ഫൈനല്‍ ഇന്ന്. എന്നാല്‍ ഇന്ത്യയിലെ കായിക പ്രേമികള്‍ക്കു നാളെ രാവിലെ വരെ കാത്തിരിക്കേണ്ടിവരും. ഇന്ത്യന്‍ സമയം രാവിലെ 6.55നാണ് ഫൈനല്‍ അരങ്ങേറുന്നത്. സെമി ഫൈനലുകള്‍ പുലര്‍ച്ചെ  5.30നു നടക്കും. ഹീറ്റ്‌സ് മല്‍സരങ്ങള്‍ ഇന്നലെയായിരുന്നു.
ജമൈക്കന്‍ സ്പ്രി ന്റ് ഇതിഹാസവും നിലവിലെ ലോക, ഒളിംപിക് ചാംപ്യനുമായ യുസെയ്ന്‍ ബോള്‍ട്ടിന്റെ ആധിപത്യം തകര്‍ത്ത് പു തിയൊരു വിശ്വവിജയിയെ കാണാനാവുമോയെന്ന ആകാംക്ഷയിലാണ് ലോകം.
ഹാട്രിക് സ്വര്‍ണമെന്ന മറ്റൊരു താരത്തിനും എത്തിപ്പിക്കാനാവാത്ത സ്വപ്‌നം യാഥാ ര്‍ഥ്യമാക്കാനുറച്ചാണ് ബോ ള്‍ട്ട് ട്രാക്കിലിറങ്ങുക. 2008 ബെയ്ജിങിലും 2012 ലണ്ടനി ലും ബോള്‍ട്ടിളക്കാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. മാത്രമല്ല ബെയ്ജിങിലും ലണ്ടനി ലും മൂന്നിനങ്ങളില്‍ സ്വര്‍ണമണിഞ്ഞ ജമൈക്കന്‍ സ്റ്റാര്‍ ഹാട്രിക്കില്‍ മറ്റൊരു ഹാട്രിക്കും ലക്ഷ്യമിട്ടാണ് ഇത്തവണ എത്തിയത്.
ഒളിംപിക്‌സില്‍ മാത്രം തീരുന്നതല്ല ട്രാക്കില്‍ ബോള്‍ട്ടിന്റെ ആധിപത്യം. ലോക ചാംപ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ ട്രിപ്പിള്‍ സ്വര്‍ണത്തിന് അവകാശിയാണ് ബോള്‍ട്ട്. 2009 ബെര്‍ലിന്‍, 2013 മോസ്‌കോ, 2015 ബെയ്ജിങ് ലോക ചാംപ്യന്‍ഷിപ്പുകളുടെ 100 മീറ്ററില്‍ താരം വെന്നിക്കൊടി പാറിച്ചിരുന്നു. 100, 200 മീറ്ററില്‍ നിലവിലെ ലോകറെക്കോഡും ബോള്‍ട്ടിന്റെ പേരിലാണ്. ഏഴു വ ര്‍ഷം മുമ്പ് ബെര്‍ലിനില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ സ്ഥാപിച്ച 9.58 സെക്കന്റെന്ന സ്വന്തം പേരിലുള്ള ലോകറെക്കോഡ് തിരുത്തിക്കുറിച്ച് ബോള്‍ട്ട് ഇന്ന് മറ്റൊരു വീരഗാഥ രചിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.
എന്നാല്‍ ബോള്‍ട്ടിന്റെ ആധിപത്യം ഇത്തവണ അവസാനിപ്പിക്കാനുറച്ച് ചിലര്‍ ട്രാക്കിലിറങ്ങുന്നുണ്ട്. അമേരിക്കയുടെ സൂപ്പര്‍ താരം ജസ്റ്റിന്‍ ഗാറ്റ്‌ലിനും ബോള്‍ട്ടിന്റെ തന്നെ നാട്ടുകാരനായ യൊഹാന്‍ ബ്ലെയ്ക്കുമാണ് ഇവര്‍.
ദി ബീസ്‌റ്റെന്ന് ലോകം ഓമനപ്പേരിട്ട ബ്ലെയ്ക്ക് റിയോയില്‍ താന്‍ ചരിത്രം തിരുത്തുമെന്നാണ് ആവേശത്തോടെ പറയുന്നത്. 2012ല്‍ 9.69 സെക്കന്റില്‍ ഫിനിഷ് ചെയ്തതാണ് 100 മീറ്ററില്‍ താരത്തിന്റെ മികച്ച സമയം. കഴിഞ്ഞ തവണ ലണ്ടന്‍ ഒളിംപിക്‌സില്‍ ബോള്‍ട്ടിനു പിറകില്‍ വെള്ളി കൊണ്ട് ബ്ലെയ്ക്കിനു തൃപ്തിപ്പെടേണ്ടിവരികയായിരുന്നു.  100 മീറ്ററിനെക്കൂടാതെ 200 മീറ്ററിലും ബോള്‍ട്ടിനെ കീഴടക്കാന്‍ ബ്ലെയ്ക്കിനായിരുന്നില്ല.
അതേസമയം, ബോള്‍ട്ടിന്റെ വരവോടെ സിംഹാസനം ഒഴിയേണ്ടിവന്ന താരമാണ് ഗാറ്റ്‌ലിന്‍. 2004ലെ ഏതന്‍സ് ഒളിംപിക്‌സിന്റെ 100 മീറ്ററില്‍ പൊന്നണിഞ്ഞ ഗാറ്റ്‌ലിന് പിന്നീട് ഇതാവര്‍ത്തിക്കാനായില്ല.  2012 ലണ്ടനില്‍ ബോള്‍ട്ടിനും ബ്ലെയ്ക്കിനും പിറകില്‍ താരം മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.  2015ല്‍ ദോഹയില്‍ സ്ഥാപിച്ച 9.75 സെക്കന്റാണ് 100 മീറ്ററില്‍ ഗാറ്റ്‌ലിന്റെ  മികച്ച സമയം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 68 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക