|    Dec 15 Fri, 2017 9:33 pm
FLASH NEWS

ബോര്‍ഡ് ചെയര്‍മാനുമായുള്ള ചര്‍ച്ചയില്‍ വയനാട് റെയില്‍വേയെ ഒഴിവാക്കി

Published : 29th October 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍പാത സംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായി ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാവാതിരുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ നീലഗിരി-വയനാട് എന്‍എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി പ്രതിഷേധിച്ചു. കഴിഞ്ഞ നിയമസഭാ സമ്മേളനങ്ങളില്‍ നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാത നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആറു തവണയാണ് സര്‍ക്കാര്‍ അറിയിച്ചത്. ജില്ലയില്‍ നടന്ന വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പിണറായി വിജയനും റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ജി സുധാകരനും ഇത് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. നിയമസഭയ്ക്കും ജനങ്ങള്‍ക്കും നല്‍കിയ ഉറപ്പാണ് ചെയര്‍മാനുമായുള്ള ചര്‍ച്ചയില്‍ ലംഘിക്കപ്പെട്ടിരിക്കുന്നത്. നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാതയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പ് ഉപേക്ഷിക്കണം. പാതയ്ക്ക് അനുമതി നല്‍കുന്നതിന് തടസ്സമില്ലെന്നു കര്‍ണാടക വ്യക്തമാക്കിയെങ്കിലും യൂസര്‍ ഏജന്‍സിയായ കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അപേക്ഷ നല്‍കാത്തതാണ് തടസ്സം. എന്നാല്‍, നഞ്ചന്‍കോട്-നിലമ്പൂര്‍ പാതയേക്കാള്‍ ദൂരം വനത്തിലൂടെ പോവുന്ന തലശ്ശേരി-മൈസൂരു റെയില്‍പാതയുടെ സര്‍വേ അനുമതിക്കു വേണ്ടി കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അപേക്ഷ നല്‍കുകയും ഉന്നതതല ചര്‍ച്ച നടത്തുകയും ചെയ്തു. കേരളത്തിന്റെ ആകെ വികസനത്തിന് അത്യാവശ്യമായ, സംസ്ഥാനത്തിന്റെ 80 ശതമാനം പ്രദേശങ്ങളില്‍നിന്നും ബംഗളൂരുവിലേക്കും ഉത്തരേന്ത്യയിലേക്കും അഞ്ചു മണിക്കൂര്‍ സമയം ലാഭിക്കാവുന്ന നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാതയ്ക്ക് കേന്ദ്രാനുമതി ലഭിച്ചിരുന്നു. കേന്ദ്രം പകുതി ചെലവ് വഹിക്കുന്ന 30 പാതകളില്‍ ഉള്‍പ്പെടുത്തുകയും നിര്‍മാണം തുടങ്ങാന്‍ പിങ്ക് ബുക്കില്‍ ചേര്‍ക്കുകയും ചെയ്തതാണ്. അന്തിമ സ്ഥലനിര്‍ണയ സര്‍വേയ്ക്ക് റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കുകയുമുണ്ടായി. ഡിപിആര്‍ തയ്യാറാക്കാന്‍ സംസ്ഥാന ബജറ്റില്‍ പണം മാറ്റിവയ്ക്കുകയും ഡിഎംആര്‍സിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ചില ഉന്നതര്‍ ചേര്‍ന്ന് ഈ പാത അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. അഡ്വ. ടി എം റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി വേണുഗോപാല്‍, പി വൈ മത്തായി, വി മോഹനന്‍, എം എ അസൈനാര്‍, ഫാ. ടോണി കോഴിമണ്ണില്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക