|    May 30 Tue, 2017 6:35 pm
FLASH NEWS

ബോര്‍ഡ്, കോര്‍പറേഷന്‍ ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്ന് സിപിഎം

Published : 25th August 2016 | Posted By: SMR

തിരുവനന്തപുരം: ബോര്‍ഡ്, കോര്‍പറേഷന്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശങ്ങള്‍ പരിഗണിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. കൊല്‍ക്കത്ത പ്ലീനത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റിന്റെ ആദ്യദിനത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കൊല്‍ക്കത്ത പ്ലീന തീരുമാനങ്ങള്‍ പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള യോഗത്തില്‍ റിപോര്‍ട്ട് ചെയ്തു. ഇതുസംബന്ധിച്ച് വിപുലീകൃത സംസ്ഥാന സമിതി യോഗങ്ങള്‍ വിളിച്ചുചേര്‍ക്കണമെന്നും സെക്രട്ടേറിയറ്റില്‍ തീരുമാനമായി.
കൊല്‍ക്കത്ത പ്ലീന തീരുമാനങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നത് ആലോചിക്കാനായാണ് സെക്രട്ടേറിയറ്റ് വിളിച്ചുചേര്‍ത്തിട്ടുള്ളതെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും ആദ്യദിനത്തില്‍ ചര്‍ച്ചയായി. ബോര്‍ഡ്, കോര്‍പറേഷന്‍ പങ്കുവയ്ക്കുന്നതില്‍ സിപിഐയുമായുള്ള ഉഭയകക്ഷിചര്‍ച്ച പൂര്‍ത്തിയായ സ്ഥിതിക്ക് തങ്ങളുടെ പക്കലുള്ള സ്ഥാപനങ്ങളുടെ തലപ്പത്തേക്കുള്ള നിയമനത്തില്‍ സിപിഎമ്മും നടപടികള്‍ ആരംഭിക്കും. എല്‍ഡിഎഫുമായി സഹകരിക്കുന്ന കക്ഷികള്‍ക്കു നല്‍കേണ്ട സ്ഥാനങ്ങളിലും വരുംദിവസങ്ങളില്‍ ധാരണയാവും.
ശബരിമലയിലെ സ്ത്രീപ്രവേശനം മുന്‍നിര്‍ത്തി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റുമായുണ്ടായ തര്‍ക്കവും നാളെവരെ നീളുന്ന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയാവും. സര്‍ക്കാരിന്റെ മാലിന്യസംസ്‌കരണപരിപാടികളില്‍ പാര്‍ട്ടി പ്രവര്‍ത്തകരും സഹകരിക്കണമെന്ന് സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു.
സംഘടനാരൂപം മെച്ചപ്പെടുത്തുന്നതു ലക്ഷ്യമിട്ടുള്ള തീരുമാനങ്ങളാണ് കൊല്‍ക്കത്ത പ്ലീനം കൈക്കൊണ്ടത്. ഇതു ചര്‍ച്ചചെയ്യാന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേക പ്ലീനമോ വിപുലീകൃത സംസ്ഥാനസമിതിയോ വിളിച്ചുചേര്‍ക്കണമെന്നാണു നിര്‍ദേശിച്ചത്. ഇതനുസരിച്ചാണു കേരളത്തില്‍ വിപുലീകൃത സംസ്ഥാനസമിതി ചേര്‍ന്നാല്‍ മതിയെന്ന ധാരണയില്‍ സെക്രട്ടേറിയറ്റെത്തിയത്. വിപുലീകൃത സമിതിയില്‍ സംസ്ഥാനസമിതി അംഗങ്ങള്‍ക്കു പുറമേ പങ്കെടുക്കേണ്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെ സംസ്ഥാനസമിതി യോഗം ചേര്‍ന്നാണു തീരുമാനിക്കുക. പ്ലീനതീരുമാനം സംസ്ഥാനത്ത് എങ്ങനെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നെന്നു വിശദീകരിക്കുന്ന കരട് രേഖയും സംസ്ഥാനനേതൃത്വം തുടര്‍ന്ന് തയ്യാറാക്കേണ്ടതുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day