|    Sep 26 Wed, 2018 2:43 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ബോര്‍ഡില്‍ നന്ദിവാചകങ്ങള്‍ എഴുതിച്ചേര്‍ത്ത് അവര്‍ വീടുകളിലേക്ക് മടങ്ങി

Published : 28th August 2018 | Posted By: kasim kzm

കൊച്ചി: ”ഞങ്ങളുടെ പുതിയ ജീവിതത്തെ ഇത്ര നാള്‍ കാത്തുസൂക്ഷിച്ച മഹാരാജാസിന്റെ നല്ല മനസ്സുകള്‍ക്ക് നന്ദി” എന്ന് ക്ലാസ്മുറിയിലെ ഗ്രീന്‍ ബോര്‍ഡില്‍ എഴുതിച്ചേര്‍ത്ത ശേഷമാണ് എറണാകുളം മഹാരാജാസ് കോളജിലെ ദുരിതാശ്വാസ ക്യാംപില്‍ നിന്ന് അവര്‍ വീടുകളിലേക്ക് യാത്രയായത്. പ്രളയവും പേമാരിയും രൂക്ഷമായപ്പോള്‍ സ്വന്തം വീടുകള്‍ താമസയോഗ്യമല്ലാതായ സാഹചര്യത്തില്‍ മഹാരാജാസ് കോളജില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാംപില്‍ എത്തിയവരാണ് ബോര്‍ഡില്‍ നന്ദിവാചകങ്ങള്‍ എഴുതിവച്ചത്.
പ്രളയത്തിന്റെ രൂക്ഷമായ ദുരിതത്തിനു നടുവിലും മഹാരാജാസിലെ ക്യാംപില്‍ സംഘടിപ്പിച്ച ഓണാഘോഷം പൊടിപൊടിച്ചു. ഓണവുമായി ബന്ധപ്പെട്ട നിരവധി കലാപരിപാടികള്‍ വിദ്യാര്‍ഥികള്‍ ക്യാംപില്‍ എത്തിയവര്‍ക്കു വേണ്ടി ഒരുക്കി. കസേരകളി, ഉറിയടി, വടംവലി, മിഠായി പെറുക്കല്‍, ലെമണ്‍ സ്പൂണ്‍ റേസ് എന്നിങ്ങനെ വിവിധ കലാപരിപാടികള്‍ കാംപസില്‍ ഓണത്തോടനുബന്ധിച്ച് ദുരിതാശ്വാസ ക്യാംപിലെത്തിയവര്‍ക്കു വേണ്ടി സംഘടിപ്പിച്ചു. ഉഗ്രന്‍ സദ്യവട്ടങ്ങളും വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കി മറക്കാനാവാത്ത ഓണാഘോഷമാണ് ക്യാംപിലെത്തിയവര്‍ക്ക് കോളജ് ഒരുക്കിയത്.
പ്രീഡിഗ്രിക്ക് മഹാരാജാസില്‍ പഠിക്കാന്‍ കിട്ടാത്ത അവസരമാണ് വെള്ളപ്പൊക്കം നല്‍കിയതെന്ന് ക്യാംപിലെത്തിയ കടമക്കുടി സ്വദേശി വിനോദ് പറയുന്നു. ക്യാംപിലാണെന്ന തോന്നല്‍ ഉണ്ടായിരുന്നില്ല. അത്രയും നല്ല അന്തരീക്ഷമാണ് ക്യാംപില്‍ ഉണ്ടായിരുന്നതെന്ന് ചരിയംതുരുത്ത് നിവാസി പ്രമോദ്.
എല്ലാം മറന്നാണ് ആളുകള്‍ ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്തത്. ഓണം ക്യാംപില്‍ ആഘോഷമായിരുന്നുവെന്നും മഹാരാജാസില്‍ പഠിക്കാന്‍ കഴിയാതിരുന്നത് നഷ്ടമാണെന്നും ക്യാംപിലെ മറ്റൊരു നിവാസിയും കടമക്കുടി സ്വദേശിയുമായ രസ്‌ന പറയുന്നു.
ദുരിതം പേറി എത്തിയവര്‍ക്ക് മനോവിഷമം മറക്കുന്ന രീതിയിലാണ് എല്ലാവരും സഹകരിച്ചത്. ഗാനമേള, മാജിക്, നാടന്‍പാട്ട് എന്നിങ്ങനെ വിവിധ കലാപരിപാടികള്‍ ക്യാംപിലെത്തിയവര്‍ക്കു വേണ്ടി കാംപസില്‍ സംഘടിപ്പിച്ചിരുന്നു. വെള്ളം കയറി വീട് വിട്ടുനില്‍ക്കേണ്ടിവന്ന തങ്ങള്‍ക്ക് മഹാരാജാസ് തണലായത് ഭാഗ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജില്ലയില്‍ പലയിടങ്ങളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് ആഗസ്ത് 16നാണ് മഹാരാജാസ് കോളജില്‍ തഹസില്‍ദാര്‍ വൃന്ദാ ദേവിയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാംപ് ആരംഭിച്ചത്. 800ലധികം ആളുകള്‍ ക്യാംപില്‍ ഉണ്ടായിരുന്നു. കടമക്കുടി, പിഴല, വൈപ്പിന്‍, ചരിയംതുരുത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകളാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ക്യാംപിലെത്തിയത്.
ക്ലീനിങ് കിറ്റ്, വസ്ത്രങ്ങള്‍, പലചരക്കു സാധനങ്ങള്‍ എന്നിവ നല്‍കിയാണ് ക്യാംപില്‍ നിന്ന് ഇവരെ തിരികെ അയച്ചത്. വീട് വാസയോഗ്യമാകാത്തതിനെ തുടര്‍ന്ന് 25ഓളം പേരെ കടമക്കുടി വിഎച്ച്‌സി സ്‌കൂളിലേക്ക് മാറ്റി. ദുരിതാശ്വാസ ക്യാംപ് ഇന്നലത്തോടെ അവസാനിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss