|    Jan 18 Wed, 2017 7:15 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ബോയിങില്‍ നിന്ന് ഖത്തര്‍ നൂറു വിമാനങ്ങള്‍ വാങ്ങും

Published : 9th October 2016 | Posted By: SMR

ദോഹ: യുഎസ് വിമാന നിര്‍മാണ കമ്പനിയായ ബോയിങില്‍ നിന്നു ഖത്തര്‍ എയര്‍വെയ്‌സ് നൂറു വിമാനങ്ങള്‍ വാങ്ങും. ഖത്തര്‍ ധനമന്ത്രി അലി ഷരീഫ് അല്‍ഇമാദി, യുഎസ് സ്‌റ്റേറ്റ് ഡപ്യുട്ടി സെക്രട്ടറി ടോണി ബ്ലിങ്കന്‍, യുഎസിലെ ഖത്തര്‍ സ്ഥാനപതി മുഹമ്മദ് ജഹാം അല്‍കുവാരി എന്നിവര്‍ വാഷിങ്ടണ്‍ ഡിസിയില്‍ നടത്തിയ സംയുക്തവാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 1,860 കോടി ഡോളറിന്റേതാണ് (6,770 കോടി റിയാല്‍) കരാര്‍. വലിയ യാത്രാവിമാനങ്ങളുടെ വിഭാഗത്തില്‍പ്പെട്ട 7899 ഡ്രീംലൈനറിന്റെ 30 വിമാനങ്ങള്‍ക്കും 777300 ഇആര്‍ വിഭാഗത്തില്‍പ്പെട്ട 10 വിമാനങ്ങള്‍ക്കും 737 മാക്‌സ്8 വിഭാഗത്തില്‍പ്പെടുന്ന 60 ചെറിയ വിമാനങ്ങള്‍ക്കുമാണ് ഖത്തര്‍ എയര്‍വെയ്‌സ് കരാര്‍ നല്‍കിയത്. ലോകോത്തര നിലവാരം പുലര്‍ത്തുന്ന ആഡംബര ഡബിള്‍ഡക്കര്‍ വിമാനമാണ് 777300 ഇആര്‍. 290 യാത്രക്കാരും അവരുടെ ലഗേജുകളുമായി 7,635 നോട്ടിക്കല്‍ മൈല്‍ തുടര്‍ച്ചയായി പറക്കാന്‍ കഴിയുന്നവയാണ് 7899 ഡ്രീംലൈനര്‍ വിമാനങ്ങള്‍. നിലവില്‍ ഖത്തര്‍ എയര്‍വെയ്‌സിന്റെ എ320 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന റൂട്ടിലായിരിക്കും 737 വിമാനങ്ങള്‍ സര്‍വീസ് നടത്തുകയെന്നാണ് അറിയുന്നത്. കഴിഞ്ഞ ഒന്‍പതുവര്‍ഷത്തിനിടയില്‍ ഖത്തര്‍ എയര്‍വെയ്‌സ് 787 എസ്, 777 എസ് വിഭാഗങ്ങളിലായി 84 ബോയിങ് വിമാനങ്ങളാണ് വാങ്ങിയത്. ഇപ്പോഴത്തെ കരാര്‍ പ്രകാരമുള്ള എയര്‍ക്രാഫ്റ്റുകള്‍ ലഭിക്കുന്നതോടെ ഖത്തര്‍ എയര്‍വെയ്‌സിന്റെ വലിയ ബോയിങ് യാത്രാവിമാനങ്ങളുടെ എണ്ണം 65ല്‍ നിന്ന് 105 ആയി ഉയരും. മിഡിലീസ്റ്റ് മേഖലയില്‍ 787 ബോയിങ് സര്‍വീസ് ആദ്യം തുടങ്ങിയത് ഖത്തര്‍ എയര്‍വെയ്‌സാണെന്ന് സിഇഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. 777എക്‌സ് വിമാനം ആദ്യം സ്വന്തമാക്കിയതും ഖത്തര്‍ എയര്‍വെയ്‌സ് ആയിരുന്നു.
ലോകത്തില്‍തന്നെ അതിവേഗം വളരുന്ന വ്യോമയാന കമ്പനിയാണ് ഖത്തര്‍ എയര്‍വെയ്‌സ് എന്നും ബോയിങ് തങ്ങളുടെ മൂല്യമേറിയ പങ്കാളിയാണെന്നും അക്ബര്‍ അല്‍  ബാകിര്‍ പ്രതികരിച്ചു. ബോയിങ്ങുമായി തങ്ങള്‍ക്കുള്ളത് ദീര്‍ഘകാല ബന്ധമാണെന്നും അല്‍ബാകിര്‍ ചൂണ്ടിക്കാട്ടി. വ്യോമയാനചരിത്രത്തിലെതന്നെ വലിയ കരാറുകളില്‍ ഒന്നായതിനാല്‍ വന്‍വിലക്കുറവിലാണ് ഖത്തര്‍ എയര്‍വെയ്‌സിന് ബോയിങ് വിമാനങ്ങള്‍ നല്‍കുന്നതെന്നാണ് സൂചന. ഖത്തര്‍ എയര്‍വെയ്‌സുമായി ബന്ധം ദിനംപ്രതി ശക്തമാവുകയാണെന്ന് ബോയിങ് കൊമേഴ്‌സ്യല്‍ എയര്‍പ്ലെയിന്‍സ് പ്രസിഡന്റും സിഇഒയുമായ റേയ് കോണെര്‍ പറഞ്ഞു.  ഏറ്റവും മികച്ച സാങ്കേതികതയും ഇന്ധനക്ഷമതയുമാണ് തങ്ങളുടെ വിമാനങ്ങള്‍ക്കുള്ളതെന്നും അതിനാല്‍ ഖത്തര്‍ എയര്‍വെയ്‌സുമായുള്ള ബന്ധം ഇനിയും ദൃഢമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചരിത്രപ്രധാനമായ കരാറാണിതെന്നും ഖത്തര്‍ എയര്‍വെയ്‌സും ബോയിങ്ങും തമ്മിലുള്ള ബന്ധത്തില്‍ ഒരു നാഴികക്കല്ല് പിന്നിടുകയാണെന്നും അമേരിക്കന്‍ വാണിജ്യസെക്രട്ടറി പെന്നി പ്രിറ്റ്‌സ്‌കെര്‍ പറഞ്ഞു. കേവലം രണ്ടു കമ്പനികള്‍ തമ്മിലുള്ള കരാറല്ല ഇതെന്നും രണ്ടുരാജ്യങ്ങള്‍ തമ്മില്‍ വാണിജ്യമേഖലയിലും ഉഭയകക്ഷി ബന്ധങ്ങളിലും രാജ്യാന്തരതലത്തില്‍ ബന്ധം ദൃഢീകരിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും പെന്നി കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക