|    Mar 25 Sat, 2017 9:40 am
FLASH NEWS

ബോബുനിര്‍മാണം കടം വീട്ടാനാണോയെന്ന് സിപിഎം വ്യക്തമാക്കണം

Published : 29th April 2016 | Posted By: SMR

തിരുവനന്തപുരം/പത്തനംതിട്ട: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കടം വീട്ടാനാണോ അണികളെക്കൊണ്ട് ബോംബു നിര്‍മാണം നടത്തുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചെന്നിത്തലയുടെ പ്രതികരണം.

കഴിഞ്ഞദിവസം നാദാപുരത്ത് ബോംബു നിര്‍മാണത്തിനിടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ എല്ലാപേരും സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകരാണ്. അത്യുഗ്രശേഷിയുള്ള ബോംബുകളാണ് ഇവിടെ നിര്‍മിച്ചത്. ഒരു പ്രദേശത്തെ ആകെ നശിപ്പിക്കാന്‍ കഴിവുള്ളവയാണിവ. 11 സ്റ്റീല്‍ ബോംബുകള്‍ ഇവിടെനിന്നു പിടിച്ചെടുത്തു. തിരഞ്ഞെടുപ്പില്‍ അക്രമം അഴിച്ചുവിടുകയെന്ന ലക്ഷ്യത്തോടെയാണ് അണികള്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ഇറങ്ങിയിരിക്കുന്നത്.
ഇവര്‍ക്ക് കുട ചൂടുന്ന തരത്തിലാണ് നേതാക്കളുടെ പ്രസംഗവും പെരുമാറ്റവും. മൈതാന പ്രസംഗം നടത്തുന്ന വി എസ് അച്യുതാനന്ദനെങ്കിലും ഇക്കാര്യത്തില്‍ ജനങ്ങളുടെ സംശയം ദൂരികരിക്കണം. അല്ലെങ്കില്‍ വിഎസും പിണറായിയും കോടിയേരിയും എല്ലാം ഒരേ വള്ളത്തില്‍ നീങ്ങുന്നവരാണെന്നും അക്രമത്തില്‍ നിന്നും കൊലപാതക രാഷ്ട്രീയത്തില്‍ നിന്നും കേരളത്തിന് മോചനമുണ്ടാവില്ലെന്നും ജനങ്ങള്‍ക്ക് വിശ്വസിക്കേണ്ടിവരും. സിപിഎം ഇപ്പോള്‍ അക്രമികളുടെയും ഗൂഢസംഘങ്ങളുടെയും കൂടാരമായി മാറിയെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
അതെസമയം പാര്‍ട്ടിക്ക് വലതുപക്ഷ വ്യതിയാനം സംഭവിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ പാര്‍ട്ടി സമ്മേളനകാലത്ത് സിപിഎം കേന്ദ്രനേതൃത്വത്തിന് നല്‍കിയ കത്തില്‍ വി എസ് അച്യുതാനന്ദന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചോദിച്ചു. ടിപി കേസിലെ പ്രതികളെ പാര്‍ട്ടി സംരക്ഷിക്കുന്നുവെന്നതടക്കം കത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ച് ഇപ്പോഴത്തെ നിലപാട് വിഎസ് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു. പത്തനംതിട്ട പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പിബി കമ്മീഷന്‍ ഇപ്പോഴും ഈ കത്ത് ചര്‍ച്ച ചെയ്യുന്നുണ്ടോ എന്നും കമ്മീഷന് നിലവില്‍ നേതൃത്വം നല്‍കുന്നത് ആരാണെന്നും ചെന്നിത്തല ചോദിച്ചു. ഇപ്പോഴത്തെ ഐക്യം തിരഞ്ഞെടുപ്പിനു വേണ്ടി യെച്ചൂരി ഉണ്ടാക്കിയ താല്‍ക്കാലിക വെടിനിര്‍ത്തല്‍ മാത്രമാണ്. തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ വിഭാഗീയത സിപിഎമ്മില്‍ ആളിക്കത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

(Visited 47 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക