|    Nov 15 Thu, 2018 6:26 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബോഫോഴ്‌സ് കേസ്: സിബിഐ ഹരജി തള്ളി

Published : 3rd November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഏറെ വിവാദമായ ബോഫോഴ്‌സ് അഴിമതിക്കേസ് റദ്ദാക്കിയ 12 വര്‍ഷം പഴക്കമുള്ള ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരേ സിബിഐ നല്‍കിയ അപ്പീല്‍ സുപ്രിംകോടതി തള്ളി. അപ്പീല്‍ സമര്‍പ്പിക്കാനുണ്ടായ കാലതാമസം ബോധ്യപ്പെടുത്തുന്നതില്‍ സിബിഐ കോടതിയില്‍ പരാജയപ്പെട്ടു. ഇതോടെയാണ് ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളിയത്.
ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദുജ സഹോദരന്‍മാരെയും സ്വീഡിഷ് കമ്പനിയെയും കേസില്‍ കുറ്റവിമുക്തരാക്കിയ 2005 മെയ് 31ലെ ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരേയാണ് സിബിഐ അപ്പീല്‍ നല്‍കിയിരുന്നത്. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ബിജെപി നേതാവ് അജയ് അഗര്‍വാളാണ് ആദ്യം സുപ്രിംകോടതിയെ സമീപിച്ചത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് സിബിഐ കോടതിയെ സമീപിച്ചത്.
കേസില്‍ അപ്പീല്‍ നല്‍കുന്നത് വൈകിയതിനാല്‍ ഹരജി തള്ളിപ്പോവാന്‍ സാധ്യതയുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ നേരത്തേ സിബിഐക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, പുതിയ തെളിവുകള്‍ കൈവശമുണ്ടെന്ന് സിബിഐ അറിയിച്ചതിനെ തുടര്‍ന്നാണ് അപ്പീല്‍ നല്‍കാന്‍ അറ്റോര്‍ണി ജനറല്‍ അനുമതി നല്‍കിയത്.
കേസില്‍ പുതിയ തെളിവുകളുണ്ടെന്നും അതിനാല്‍ കേസില്‍ വിചാരണ നടത്തണമെന്നുമാണ് സിബിഐയുടെ അപ്പീലില്‍ ആവശ്യപ്പെട്ടിരുന്നത്. പ്രതികളായ ഹിന്ദുജ സഹോദരന്‍മാരെ കുറ്റവിമുക്തരാക്കിയ നടപടി വസ്തുതകള്‍ പരിശോധിക്കാതെയാണെന്നും സിബിഐ വ്യക്തമാക്കുന്നുണ്ട്.
2005ലെ കോടതിവിധിക്കെതിരേ അജയ്കുമാര്‍ അഗര്‍വാള്‍, രാജ്കുമാര്‍ പാണ്ഡേ എന്നിവര്‍ നല്‍കിയ സ്വകാര്യ ക്രിമിനല്‍ അപ്പീലുകള്‍ സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്. ഇതില്‍ സിബിഐയോട് കോടതി വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐയും ഹരജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്.
1986ല്‍ ബോഫോഴ്‌സ് ഇടപാടുമായി ബന്ധപ്പെട്ട് കമ്പനി പ്രസിഡന്റ് മാര്‍ട്ടിന്‍ ആര്‍ഡ്‌ബോ, ഇടനിലക്കാരന്‍ വിന്‍ ഛദ്ദ, യൂറോപ്പ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വ്യവസായികളായ ഹിന്ദുജ സഹോദരങ്ങള്‍ എന്നിവര്‍ക്കെതിരേ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി 1990ലാണ് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 2005ല്‍ ഡല്‍ഹി ഹൈക്കോടതി ഇതു തള്ളുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss