|    Sep 21 Fri, 2018 3:14 pm
FLASH NEWS

ബോണക്കാട് കുരിശുമല ലാത്തിച്ചാര്‍ജ്ജ്; അന്വേഷണം നടത്തണം: ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം

Published : 6th January 2018 | Posted By: kasim kzm

തിരുവനന്തപുരം: ബോണക്കാട് കുരിശുമലയില്‍ ആരാധനയ്‌ക്കെത്തിയ വൈദികരടങ്ങുന്ന വിശ്വാസികളെ ക്രൂരമായി മര്‍ദ്ദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്ത പോലിസ് നടപടി ക്രൂരവും പ്രതിക്ഷേധാര്‍ഹവുമാണെന്ന് കെസിബിസി  പ്രസിഡന്റും തിരുവനന്തപുരം അതിരൂപതാധ്യക്ഷനുമായ ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു. മാസാദ്യ വെള്ളിയാഴ്ച ബോണക്കാട് പ്രാര്‍ഥനയ്‌ക്കെത്തിയ വിശ്വാസസമൂഹത്തെയാണ് പോലിസ് അകാരണമായി ലാത്തിച്ചാര്‍ജ്ജ് ചെയ്തത്. ഇത് സര്‍ക്കാരിനും കോടതിവിധിയ്ക്കുമെതിരെയുള്ള വെല്ലുവിളിയാണ്. ലാത്തിചാര്‍ജ്ജില്‍ പരിക്കേറ്റ് വൈദികരടക്കം ഒട്ടേറെപ്പേര്‍ ആശുപത്രികളിലാണ്. ഈ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി മര്‍ദ്ദനത്തിന് നേതൃത്വം നല്കിയ പോലിസ്  ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പോലിസ് കസ്റ്റഡിയിലുള്ളവരെ ഉടനടി മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ആര്‍ച്ച്ബിഷപ് ആവശ്യപ്പെട്ടു. കേരളത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ഒരുവിഭാഗം സാമൂഹ്യവിരുദ്ധര്‍ നടത്തുന്ന ഗൂഢനീക്കത്തിന്റെ ഭാഗമാണ് ബോണക്കാട് കുരിശുമലയില്‍ കുറെനാളുകളായി അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍. 1957-ല്‍ സ്ഥാപിതമായതും 1987 മുതല്‍ തപസ്സുകാല തീര്‍ഥാടനം നടന്നുവരുന്നതുമായ ബോണക്കാട് കുരിശുമലയില്‍ 2017-വരെ പറയത്തക്കതായ യാതൊരു അനിഷ്ട സംഭവങ്ങളും ഉണ്ടായിട്ടില്ല. 1996-ല്‍ നെയ്യാറ്റിന്‍കര രൂപത സ്ഥാപിതമായതോടെ 1998 ബോണക്കാട് രൂപതയുടെ ഔദ്യോഗിക തീര്‍ത്ഥാടനകേന്ദ്രമായി തീരുകയും 2017-ല്‍ വജ്രജൂബിലി ആഘോഷിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ചില മതവിരുദ്ധ ശക്തികള്‍ കുരിശുമലയ്‌ക്കെതിരെ നീക്കങ്ങള്‍ തുടങ്ങിയത്. 2017 ആഗസ്റ്റ്-11 ബോണക്കാട്ടെ കുരിശുകള്‍ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് നോട്ടീസ് നല്‍കുകയും ഇതിന്റെ പശ്ചാത്തലത്തില്‍ വനംവകുപ്പുമന്ത്രിയെ രൂപതാനേതൃത്വം സന്ദര്‍ശിക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ ആഗസ്റ്റ് 18-ന് വനംവകുപ്പും സാമൂഹ്യ വിരുദ്ധരും ചേര്‍ന്ന് കുരിശുകള്‍ മുഴുവനും തകര്‍ത്തു. 20-ന് മുഖ്യമന്ത്രി രൂപതാനേതൃത്വത്തിന് ഇക്കാര്യത്തില്‍ അനുഭാവ പൂര്‍വമായ പിന്തുണയാണ് നല്‍കിയത്. എന്നാല്‍ അതിനെയെല്ലാം ധിക്കരിക്കുന്ന നിലപാടാണ് വനംവകുപ്പും പോലിസും ഇപ്പോള്‍ സ്വീകരിച്ചുപോരുന്നത്. കത്തോലിക്കസഭ ഭൂമി കൈയ്യേറ്റത്തെയോ അക്രമത്തെയോ അനുകൂലിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ കാലാകാലങ്ങളായി വിശ്വാസസമൂഹം അനുഷ്ഠിച്ചുപോരുന്ന ആചാരാനുഷ്ഠാനങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തെ അനുകൂലിക്കാനുമാവില്ല. ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന ആരാധന സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും കേരളത്തിന്റെ മതസൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കപ്പെടാന്‍ ഇടവരുത്തരുതെന്നും ആര്‍ച്ച്ബിഷപ് ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss