|    Apr 25 Tue, 2017 8:05 pm
FLASH NEWS

ബോണക്കാട് എസ്റ്റേറ്റ്; കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

Published : 12th November 2016 | Posted By: SMR

തിരുവനന്തപുരം: ബോണക്കാട് എസ്റ്റേറ്റ് തുറന്നു പ്രവര്‍ത്തിക്കുന്നതിനും തൊഴിലാളികള്‍ക്ക് ശമ്പളകുടിശ്ശിക, പിഎഫ് ഗ്രാറ്റുവിറ്റി എന്നിവ നല്‍കുന്നതും സംബന്ധിച്ചുളള കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഒരു മാസത്തിനകം കര്‍മ്മ പദ്ധതി തയ്യാറാക്കി ലേബര്‍ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കാനാണ് എസ്റ്റേറ്റ് മാനേജ്‌മെന്റിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍, സെക്രട്ടേറിയറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. യോഗത്തില്‍ കെ എസ് ശബരീനാഥന്‍ എംഎല്‍എ, ലേബര്‍ കമ്മീഷണര്‍ കെ ബിജു, ജില്ലാ കലക്ടര്‍ എസ് വെങ്കിടേസപതി, അഡീഷനല്‍ ലേബര്‍ കമ്മീഷണര്‍ (ഐആര്‍) ഡോ. ജി എല്‍ മുരളീധരന്‍, തൊഴിലാളി സംഘടനകളുടെ നേതാക്കള്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുത്തു.ഒന്നരപതിറ്റാണ്ട് മുമ്പാണ് അരുവിക്കര മണ്ഡലത്തിലുള്ള ബോണക്കാട് എസ്‌റ്റേറ്റ് അടച്ചുപൂട്ടിയത്. എസ്റ്റേറ്റ് പൂട്ടിയതോടെ അവശേഷിക്കുന്ന ഇരുനൂറോളം കുടുംബങ്ങള്‍ തീരാദുരിതത്തിലാണ് കഴിഞ്ഞിരുന്നത്. തുടര്‍ന്ന് കെ എസ് ശബരീനാഥന്‍ എംഎല്‍എ ആണ് ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. മുംബൈ ആസ്ഥാനമായ മഹാവീര്‍ പ്ലാന്റേഷന്‍സിന്റെ ഉടമസ്ഥതയിലുള്ള തേയില ഫാക്ടറി 1998 ലാണ് അടച്ചുപൂട്ടിയത്. സര്‍ക്കാര്‍ തലത്തിലും പുറത്തുമെല്ലാം നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. ശമ്പളകുടിശികയും പ്രൊവിഡന്റ് ഫണ്ടുമടക്കം ലക്ഷങ്ങളാണ് ഇവിടുത്തെ തൊഴിലാളികള്‍ക്ക് കിട്ടാനുള്ളത്. എസ്‌റ്റേറ്റിന്റെ ഉടമസ്ഥാവകാശം കൈമാറുക, സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങി നിരവധി ഫോര്‍മുലകള്‍ ഒന്നരപതിറ്റാണ്ടിനിടയില്‍ ഉരുത്തിരിഞ്ഞിരുന്നു. എന്നാല്‍ വിഷയം പരിഹരിക്കാതെ സര്‍ക്കാരും ഉടമയും ഒത്തുകളിയ്ക്കുകയാണെന്ന് തൊഴിലാളികളും പറയുന്നു. പ്രതിസന്ധിയുടെ ആദ്യഘട്ടങ്ങളില്‍ തൊഴിലാളികള്‍ സ്വന്തംനിലയില്‍ കൊളുന്തുനുള്ളി ജീവിതം തള്ളി നീക്കി. പരിചരണം നിലച്ചതോടെ കാടുകയറി തോട്ടം നശിക്കുകയും വരുമാനം നിലക്കുകയും ചെയ്തു. എസ്‌റ്റേറ്റിന് പുറത്ത് ഒരു തുണ്ട് ഭൂമിപോലുമില്ലാത്ത തൊഴിലാളി കുടുംബങ്ങള്‍ എസ്‌റ്റേറ്റിനുള്ളില്‍ തടവുകാരെപ്പോലെയാണ് കഴിയുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day