|    Oct 18 Wed, 2017 2:54 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബോഡോ പ്രക്ഷോഭം പുനരാരംഭിക്കുന്നു

Published : 26th August 2016 | Posted By: SMR

ഗുവാഹത്തി: അടുത്തയാഴ്ച മുതല്‍ പ്രത്യേക സംസ്ഥാനമെന്ന ആവശ്യമുന്നയിച്ച് വീണ്ടും പ്രക്ഷോഭം തുടങ്ങുമെന്ന് ബോഡോ സംഘടനകള്‍. ബോഡോ ജനവിഭാഗത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം അവഗണിക്കുകയാണെന്നാരോപിച്ചാണ് ഓള്‍ ബോഡോ സ്റ്റുഡന്റ്‌സ് യൂനിയന്‍ (എബിഎസ്‌യു) നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ് (പ്രോഗ്രസ്സീവ്), (എന്‍ഡിഎഫ്ബി(പി) പീപ്പിള്‍സ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഫോര്‍ ബോഡോലാന്റ് മൂവ്‌മെന്റ് എന്നീ സംഘടനകള്‍ പ്രക്ഷോഭം തുടങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. ആദ്യപടിയായി അടുത്ത ചൊവ്വാഴ്ച ബോഡോ വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് മണിക്കൂര്‍ ദേശീയപാതകള്‍ ഉപരോധിക്കുമെന്ന് സംഘടനകള്‍ അറിയിച്ചു.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ബിജെപി അധികാരത്തില്‍ വന്നാല്‍ പ്രത്യേക സംസ്ഥാനം അനുവദിക്കുമെന്ന് പാര്‍ട്ടി നേതാവ് രാജ്‌നാഥ് സിങ് ഉറപ്പുനല്‍കിയിരുന്നുവെന്ന് എബിഎസ്‌യു അധ്യക്ഷന്‍ പ്രമോദ് ബോറോ പറഞ്ഞു. ഉറപ്പുനല്‍കിയതുകൊണ്ടാണ് പ്രക്ഷോഭം നിര്‍ത്തിവച്ച് ബിജെപിക്ക് പിന്തുണ നല്‍കിയത്. എന്നാല്‍, അധികാരത്തില്‍ വന്ന ശേഷം ബിജെപി ബോഡോകളെ മറന്നു.
മന്ത്രി രാജ്‌നാഥിനെ ഏഴുതവണയും സഹമന്ത്രി കിരണ്‍ റിജിജുവിനെ പത്ത് തവണയും കണ്ടെങ്കിലും ഒരു വട്ടം മാത്രമാണ് ചര്‍ച്ച നടന്നത്. തുടര്‍ന്ന് നിരവധി തവണ സര്‍ക്കാരുമായി ബന്ധപ്പെട്ടു. എന്നാല്‍, ചര്‍ച്ച നടത്താന്‍ തയാറായില്ല. അവസാനം ഈ മാസം 15ന് ശേഷം ചര്‍ച്ച നടത്താമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍, അതും നടന്നില്ല – അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഭരണത്തെക്കാള്‍ അവസാനത്തെ ഏതാനും മാസങ്ങളിലെ കോണ്‍ഗ്രസ് ഭരണമായിരുന്നു മെച്ചമെന്നും അവര്‍ മൂന്നുവട്ടം ത്രികക്ഷി ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും ബോറോ കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെയായിരുന്നു പിന്തുണയ്‌ക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎഫ്(പി) ജനറല്‍ സെക്രട്ടറി ഗോവിന്ദ ബസുമതാരിയും കേന്ദ്രസര്‍ക്കാരിനെ ശക്തിയായി വിമര്‍ശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക