|    Oct 15 Mon, 2018 6:20 pm
FLASH NEWS

ബോട്ടുജെട്ടിയില്‍ വീണ്ടും പോളയും പായലും ; ടൂറിസം ജെട്ടിയാക്കാനുള്ള പദ്ധതി കടലാസില്‍ ഒതുങ്ങുന്നു

Published : 16th September 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ബോട്ടുജെട്ടിയെ ടൂറിസം ജെട്ടിയാക്കാനുള്ള പദ്ധതി കടലാസില്‍ ഒതുങ്ങുന്നു. ഒപ്പം അടുത്തകാലത്തു നീക്കംചെയ്ത പായലും പോളയും തിരികെയെത്തി വീണ്ടും ബോട്ടുകള്‍ക്കു യാത്രചെയ്യാനാവാത്ത അവസ്ഥയുമായി. നാലുലക്ഷം രൂപ ചെലവഴിച്ചു എംഎല്‍എ ഫണ്ടില്‍ നിന്നായിരുന്നു തോടും ബോട്ടുജെട്ടിയും ശുദ്ധികരിച്ചത്. എന്നാല്‍ ശക്തമായ കാറ്റില്‍ പടിഞ്ഞാറുനിന്നുള്ള പായലും പോളയും വീണ്ടുമെത്തിയാണ് ജെട്ടി ഇപ്പോള്‍ നിറഞ്ഞിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ ഏറ്റവും ഒടുവില്‍ അവതരിപ്പിച്ച ബജറ്റിലായിരുന്നു ചങ്ങനാശ്ശേരി ബോട്ടുജെട്ടിയെ ടൂറിസം ജെട്ടിയായി ഉയര്‍ത്തുമെന്നും അതിനായി രണ്ടുകോടിരൂപ വകയിരുത്തുന്നതായും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. ഈ പദ്ധതിക്കും ആലപ്പുഴ തോട്ടില്‍ തുരുത്തേല്‍ ജങ്ഷന്‍വരെയുള്ള തോടിന്റെ നവീകരണത്തിനും സൗന്ദര്യവല്‍ക്കരണത്തിനുമായി സി എഫ് തോമസ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപയും  നീക്കിവച്ചിരുന്നു. ബോട്ടുജെട്ടിയും തോടുകളും നവീകരിച്ചു ആഭ്യന്തര ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി ആദ്യഘട്ടത്തില്‍ ശിക്കാരവള്ളങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ബജറ്റില്‍ നിര്‍ദേശമുണ്ടായിരുന്നു. നിര്‍ദിഷ്ട പദ്ധതിയില്‍ ആലപ്പുഴ കിടങ്ങറ ആലപ്പുഴ തോട്, വെട്ടിത്തുരുത്ത്, പറാല്‍ കണ്ണംപേരൂര്‍ വഴി ചെത്തിപ്പുഴ കടവിലെത്തുന്ന തോട്, പണ്ടകാളകടവു തോട്, ബോട്ടുജെട്ടിയില്‍ നിന്നും കാവാലിക്കരവഴി മനക്കച്ചിറയിലുള്ള റിസോര്‍ട്ടിനു പടിഞ്ഞാറ് ഭാഗത്തെത്തുന്ന ചന്തകടവുത്തോട് എന്നീ തോടുകളില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന സംവിധാനങ്ങളും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ബജറ്റു നിര്‍ദേശം വന്ന തൊഴിച്ചാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നും മുന്നോട്ടുപോയില്ല. തന്നെയുമല്ല ജെട്ടയില്‍ പായല്‍ കയറാതിരിക്കാനുള്ള സ്ഥിരം സംവിധാനങ്ങളും ഒരുക്കിയതുമില്ല. കുട്ടനാടന്‍ ഭാഗങ്ങളിലെ ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കു നഗരവുമായി ബന്ധപ്പെടാനും വിദ്യാര്‍ഥികള്‍ക്കു ഉന്നത വിദ്യാഭ്യാസത്തിനായി പോകുവാനും മറ്റുമുള്ള ഏക ആശ്രയമായിരുന്നു ഒരുകാലത്ത് ചങ്ങനാശ്ശേരി ബോട്ടുജെട്ടിയും ജലപാതയും  എന്നാല്‍ പില്‍ക്കാലത്തു ഇതിന്റെ പ്രതാപം നഷ്ടപ്പെടുകയും നിരവധി ബോട്ടുകള്‍ സര്‍വീസ് നടത്തിയിരുന്ന ജെട്ടിയില്‍  ഇപ്പോള്‍ രണ്ടു ബോട്ടുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍ അതില്‍ നിരവധി യാത്രക്കാരുമുണ്ട്. ഇതിനിടിയിലാണ്് ആഭ്യന്തര ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ജെട്ടി ടൂറിസം ജെട്ടിയായി പ്രഖ്യാപിച്ചത്. ഇത് ജനം ഏറെ പ്രതീക്ഷയോടെയാണ് വരവേറ്റത്.   ഇതിനിടിയില്‍ കോട്ടപ്പുറം മുതല്‍ കോഴിക്കോട് വരെ ദേശീയ ജലപാത ദീര്‍ഘിപ്പിക്കാന്‍  കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ ചങ്ങനാശ്ശേരി ആലപ്പുഴ കനാല്‍, ആലപ്പുഴ കോട്ടയം, കോട്ടയം വൈക്കം കനാലുകളെ ദേശീയ ജലപാതയായി ഉയര്‍ത്തി ജലഗതാഗതവും ജലടൂറിസവും വളരാന്‍ ഏറെ സഹായകവുമാവുമെന്ന  നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss