|    Nov 19 Mon, 2018 1:18 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബോട്ടില്‍ കപ്പലിടിച്ച സംഭവം: കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി

Published : 14th August 2018 | Posted By: kasim kzm

കൊച്ചി/തിരുവനന്തപുരം: മുനമ്പത്ത് നിന്നു മല്‍സ്യബന്ധനത്തിനു പോയ ബോട്ടില്‍ കപ്പല്‍ ഇടിച്ച് മല്‍സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തിന്റെ അന്വേഷണം കാര്യക്ഷമമാക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി.
ബോട്ടില്‍ കുടുങ്ങിപ്പോയവരുടെ മൃതദേഹം പുറത്തെത്തിക്കണമെന്ന് ആവശ്യപ്പെട്ടു ദുരന്തത്തില്‍ മരിച്ച സഹായരാജിന്റെ ഭാര്യ കന്യാകുമാരി സ്വദേശിനി വയലറ്റ് മേരി നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും കീഴിലുള്ള ബന്ധപ്പെട്ട വകുപ്പുകളും സ്വീകരിച്ച നടപടികള്‍ അറിയിക്കാനും കോടതി നിര്‍ദേശം നല്‍കി. ആഗസ്ത് ഏഴിനു പുലര്‍ച്ചെ 3.30ഓടെ കപ്പിലിടിച്ചുണ്ടായ ദുരന്തത്തി ല്‍ കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹരജി നല്‍കിയിട്ടുള്ളത്. നടപടികള്‍ അനാവശ്യമായി വൈകിപ്പിക്കുന്നതു കപ്പല്‍ ഉടമകളുടെ താല്‍പര്യം സംരക്ഷിക്കാനാണെന്നും ഹരജിയില്‍ ആരോപിക്കുന്നു. മര്‍ച്ചന്റ് ഷിപ്പിങ് ആക്റ്റിന്റെ പരിധിയില്‍ വരുന്നതാണ് ഓഷ്യാനിക് ബോട്ട് എന്നതിനാല്‍, ഷിപ്പിങ് മന്ത്രാലയം, ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്, മെര്‍ക്കന്‍ൈഡല്‍ മറൈന്‍ പ്രിന്‍സിപ്പല്‍ ഓഫിസര്‍ എന്നിവര്‍ സ്വമേധയാ അന്വേഷണം ആരംഭിക്കേണ്ടതാണ്. എന്നാല്‍, അധികൃതര്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ദുരന്തം സംബന്ധിച്ച് ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതേസമയം, അപകടമുണ്ടായ ബോട്ടില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ ശാസ്ത്രീയമാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബോട്ടുടമ പി ബി ശിവന്‍, കാണാതായ മൂന്ന് തൊഴിലാളികളുടെ സഹോദരനായ അരുള്‍ മഹേഷ് എന്നിവര്‍ നല്‍കിയ ഹരജി ഹൈക്കോടതി 16നു പരിഗണിക്കാന്‍ മാറ്റി.
അതേസമയം, അപകടം ഉണ്ടാക്കിയ കപ്പല്‍ ഫോറന്‍സിക് പരിശോധനയുടെ അടിസ്ഥാനത്തില്‍ കൊച്ചിയിലെത്തിച്ച് നിയമ നടപടി സ്വീകരിക്കാന്‍ കേന്ദ്ര റോഡ് ഗതാഗത ഷിപ്പിങ് മന്ത്രാലയം നടപടിയെടുക്കണമെന്നു മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു. ബോട്ട് അപകടം ഉണ്ടായപ്പോള്‍ത്തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിച്ച് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോസ്റ്റ്ഗാര്‍ഡ്, നേവി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവയുടെ സഹകരണത്തോടെ ഫിഷറീസ് വകുപ്പ് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിന് തിരച്ചില്‍ നടത്തിവരികയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss