|    Nov 17 Sat, 2018 5:12 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബോട്ടിനെ ഇടിച്ചെന്ന് സംശയിക്കുന്ന കപ്പലില്‍ ഉരഞ്ഞ പാടുകള്‍ കണ്ടെത്തി

Published : 12th August 2018 | Posted By: kasim kzm

തിരച്ചില്‍ ഊര്‍ജിതമാക്കണമെന്ന് ബന്ധുക്കള്‍കൊച്ചി: കപ്പലിടിച്ചു മുങ്ങിയ മീന്‍പിടിത്ത ബോട്ടിലുണ്ടായിരുന്ന എട്ടു തൊഴിലാളികളെയും കണ്ടെത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നു ബന്ധുക്കള്‍. ഒമ്പത് പേരെ കാണാതായതില്‍ ഒരാളുടെ മൃതദേഹം ഇന്നലെ ലഭിച്ചു. അപകടം നടന്ന് അഞ്ചു ദിവസം പിന്നിട്ടിട്ടും ബോട്ടിലുണ്ടായിരുന്ന എട്ടുപേരെ പറ്റി ഇനിയും വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും നാവികസേന തിരച്ചില്‍ ഊര്‍ജിതമാക്കണമെന്നും ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തി ല്‍ ആവശ്യപ്പെട്ടു.
ബോട്ട് മുങ്ങിയ സ്ഥലത്ത് ആധുനിക യന്ത്രസംവിധാനങ്ങളുടെ സഹായത്തേടെ നാവികസേന പരിശോധന നടത്തണം. അഞ്ചു ദിവസമായിട്ടും തൊഴിലാളികളുടെ വിവരം ലഭ്യമല്ല. ഇവര്‍ ബോട്ടിന്റെ കാബിനുള്ളില്‍ ഉറങ്ങുകയായിരുന്നുവെന്നാണ് രക്ഷപ്പെട്ട തൊഴിലാളികള്‍ പറയുന്നത്. കപ്പല്‍ കണ്ടെത്തി പരിശോധനകളടക്കം നടത്തി നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
70 മീറ്റര്‍ ആഴമുള്ളതിനാല്‍ സാധാരണ മുങ്ങല്‍ വിദഗ്ധരെ ഇറക്കാന്‍ സാധിക്കില്ലെന്നാണ് അധികൃതരുടെ നിലപാട്. നാവികസേനയ്ക്ക് മുംബൈയില്‍ കേജ് ഡൈവിങ് അടക്കമുള്ള ആധുനിക സാങ്കേതികവിദ്യ ഉണ്ടെങ്കിലും ഇത് ഉപയോഗപ്പെടുത്തുന്നില്ല. അപകടമുണ്ടാക്കിയ കപ്പല്‍ ജീവനക്കാര്‍ക്കെതിരേ കേസെടുക്കണം. ബോട്ടിലുണ്ടായിരുന്ന തന്റെ നാലു സഹോദരങ്ങള്‍ അടക്കമുള്ളവരെക്കുറിച്ച് ഇനിയെങ്കിലും വിവരങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപപെടണമെന്നു കന്യാകുമാരി രാമന്‍തുറൈ സ്വദേശി അരുള്‍ മഹേഷ് ആവശ്യപ്പെട്ടു. മുനമ്പം മഞ്ഞുമാതാ ബസിലിക്ക വികാരി ഫാ. ജോണ്‍സണ്‍ പങ്കയത്ത്, ഫാ. ആന്റണി ക്ലാരട്ട്, രാമന്‍തുറൈ വികാരി ഫാ. സെ ല്‍വരാജ്, ബോട്ടപകടത്തില്‍ കാണാതായ പശ്ചിമ ബംഗാള്‍ സ്വദേശി വിപുലിന്റെ അച്ഛന്‍ സുനില്‍ ദാസ്, കാണാതായ സഹായരാജിന്റെ ജ്യേഷ്ഠന്‍ ലോറന്‍സ്, ഹിദിയോണ്‍ രാജ്, അപകടത്തില്‍പ്പെട്ട ഓഷ്യാനിക് ബോട്ടുടമയുടെ മകന്‍ സതീഷ് പങ്കെടുത്തു.
അതേസമയം, അപകടത്തെത്തുടര്‍ന്ന് മംഗളൂരു തുറമുഖത്ത് അടുപ്പിച്ചിരിക്കുന്ന എം വി ദേശക്തിയെന്ന കപ്പലില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഉരസിയ പാടുകള്‍ കണ്ടെത്തി. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ ഓഷ്യാനിക് ബോട്ടിനെ ഇടിച്ചത് ഇതേ കപ്പല്‍ തന്നെയാണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിയു. വിശദ പരിശോധനയ്ക്കായി കൊച്ചിയില്‍നിന്നും തീരദേശ പോലിസും മറൈന്‍ മര്‍ക്കന്റൈല്‍ വിഭാഗവും പുറപ്പെട്ടിട്ടുണ്ട്. ബോട്ടില്‍ ഇടിച്ചത് ദേശശക്തി ആണോയെന്നറിയാന്‍ കപ്പലിന്റെ വൊയേജ് ഡാറ്റാ റെക്കോഡ്(വിഡിആര്‍) ഉള്‍പ്പെടെയുള്ള യാത്രാ രേഖകള്‍ പരിശോധിക്കേണ്ടതുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss