|    Oct 17 Tue, 2017 10:34 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെടുന്ന ആര്‍എസ്എസ്സുകാരുടെ എണ്ണം കൂടുന്നു

Published : 2nd September 2016 | Posted By: mi.ptk

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി, വിജയദശമി തുടങ്ങിയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട്, ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെടുകയും പിടിയിലാവുകയും ചെയ്യുന്ന സംഘപരിവാര പ്രവര്‍ത്തകരുടെ എണ്ണം കൂടിവരുന്നു. ഇത്തരം ആഘോഷങ്ങളുടെ മറവില്‍ സംഘര്‍ഷമുണ്ടാക്കി മുതലെടുപ്പ് നടത്തുന്നതിന് സംഘപരിവാര സംഘടനകള്‍ സംസ്ഥാന വ്യാപകമായി വന്‍തോതില്‍ ആയുധശേഖരം നടത്തുന്നതായുള്ള റിപോര്‍ട്ടുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ആര്‍എസ്എസ് പ്രവര്‍ത്തകനായ കോട്ടയം സ്വദേശി ദീക്ഷിത് (23) കഴിഞ്ഞ ദിവസം ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോലിസ് നടത്തിയ റെയ്ഡില്‍ജ സ്‌ഫോടനം നടന്ന വീട്ടില്‍നിന്നും 6 വാളുകളും ഒരു കത്തിയും കണ്ടെടുത്തിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ നിരവധി ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ് ബോംബ് നിര്‍മാണത്തിനിടെയും സ്‌ഫോടകവസ്തു കൊണ്ടുപോവുന്നതിനിടെയും പൊട്ടിത്തെറിയുണ്ടായി കൊല്ലപ്പെട്ടിട്ടുള്ളത്.     2015 ഡിസംബറില്‍ കണ്ണൂര്‍ ധര്‍മടത്ത് വിറകു ശേഖരിക്കാന്‍പോയ സജീവ് എന്ന മല്‍സ്യത്തൊഴിലാളി ബോംബുപൊട്ടി കൊല്ലപ്പെട്ടിരുന്നു.  2014 സപ്തംബറിലാണ് മട്ടന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിഖിലിനു ബോംബ് നിര്‍മാണത്തിനിടെ ഗുരുതരമായി പരിക്കേറ്റത്. ഇയാളുടെ വീട്ടില്‍നിന്ന് സ്‌ഫോടകവസ്തു ശേഖരം പോലിസ് കണ്ടെടുത്തു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലായിരുന്നു സംഭവം. 2013ലാണ് ബൈക്കില്‍ സ്‌ഫോടകവസ്തുവുമായി സഞ്ചരിക്കവേ ഉണ്ടായ സ്‌ഫോടനത്തില്‍ എ വി ദിലീപ് കുമാര്‍ (27) മരിക്കുന്നത്.  2014ല്‍ കാക്കനാട് ആര്‍എസ്എസിന്റെ ഉടമസ്ഥതയിലുള്ള അയ്യപ്പസേവാസംഘത്തിന് കീഴിലുള്ള ഓഫിസില്‍ സ്‌ഫോടനമുണ്ടായി. ഓഫിസിലുണ്ടായിരുന്ന ആര്‍എസ്എസ് നേതൃത്വം പരിക്കേറ്റവരെയും അവരെത്തിയ വാഹനവും ഉടന്‍തന്നെ മാറ്റുകയാണുണ്ടായത്. സ്‌ഫോടനത്തിന് പിന്നില്‍ മുസ്്‌ലിംകളാണെന്നാരോപിച്ച് ഹര്‍ത്താല്‍ നടത്തി മുസ്്‌ലിം കടകള്‍ പൂട്ടിക്കുകയും ചെയ്തു. ഈ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. ആര്‍എസ്എസ്സിനെതിരേ തെളിവില്ലെന്ന കാരണത്താല്‍ പോലിസിന്റെ അന്വേഷണം വഴിമുട്ടിയ നിലയിലാണ്. കേവലം 700 മീറ്റര്‍ അകലെയുള്ള എറണാകുളം കലക്ടറേറ്റിലും സമാന സ്‌ഫോടനമുണ്ടായെങ്കിലും അതും പോലിസിന് തെളിയിക്കാനായിട്ടില്ല. 2008ല്‍ കൂത്തുപറമ്പില്‍ ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് ഉള്‍പ്പെടെ രണ്ടുപേര്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടിരുന്നു. 6 വയസ്സുള്ള പെണ്‍കുട്ടിക്കു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതികളുമാണിവര്‍. 2012ല്‍ കൊയിലാണ്ടിയില്‍ ആര്‍എസ്എസ് നേതാവ് ജോഷി റാ(25)മിന്റെ വീട് ബോംബ് നിര്‍മാണത്തിനിടെയാണ് തകര്‍ന്നത്. ധര്‍മടം സ്വദേശിയായ ജോഷി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പോലിസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന അജ്മീര്‍ സ്‌ഫോടനക്കേസ് പ്രതി സുരേഷ് നായര്‍ക്ക് കൊയിലാണ്ടിയില്‍ നിരവധി ബന്ധുക്കളുണ്ട്. മട്ടന്നൂര്‍ ഉളിയില്‍ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വാഹനത്തില്‍നിന്നു പോലിസ് വടിവാളുകള്‍ പിടികൂടിയിരുന്നു. ക്ഷേത്രവളപ്പിലെ ആയുധപരിശീലനത്തിനെതിരേ ഓംബുഡ്‌സ്മാന്റെ പരാതിയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ട് അധികകാലമായിട്ടില്ല. തൊടുപുഴയില്‍ നടന്ന ആര്‍എസ്എസ് ക്യാംപില്‍ തീവ്രപരിശീലനത്തിനിടെ കോതമംഗലം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥി വിഷ്ണു (16), 2015 ഒക്ടോബറില്‍ പാലേമാട്ടിലെ ക്യാംപില്‍ എം സുരേഷ് കുമാര്‍ (42), എന്നിവര്‍ കൊല്ലപ്പെട്ടത് പരിശീലനത്തിനിടെയാണ്. 2015ല്‍ കൊല്ലം ശാസ്താംകോട്ട താലൂക്കിലെ ആര്‍എസ്എസ് പ്രചാരകനായിരുന്ന വടക്കാഞ്ചേരി സ്വദേശി കെ പുരുഷോത്തമന്‍ (58), ശാസ്താംകോട്ടയില്‍ മുന്‍ കാര്യവാഹ് രതീഷ്(35) എന്നിവര്‍ ആത്മഹത്യ ചെയ്തതിന് പിന്നിലെ ദുരൂഹതയും ചുരുളഴിയാതെ കിടക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക