|    May 26 Fri, 2017 1:14 pm
FLASH NEWS

ബൈപാസ് സ്ഥലമേറ്റെടുപ്പ്: സര്‍വേ തടഞ്ഞവരെ അറസ്റ്റ് ചെയ്തു

Published : 27th September 2016 | Posted By: SMR

തളിപ്പറമ്പ്: ബൈപാസ് റോഡിനു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനായി സര്‍വേയ്‌ക്കെത്തിയ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെ കീഴാറ്റൂരില്‍ വീണ്ടും തടഞ്ഞു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ പോലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 10ഓടെയാണ് സംഭവം.
നേരത്തേ മൂന്നുതവണ സര്‍വേ സംഘത്തെ തടഞ്ഞതിനാല്‍ ഇന്നലെ വന്‍ പോലിസ് സംഘത്തോടൊപ്പമാണ് ഉദ്യോഗസ്ഥരെത്തിയത്. എന്നാല്‍ നാടിന്റെ ജൈവ ആവാസ വ്യവസ്ഥ തകര്‍ത്ത് വയല്‍ മണ്ണിട്ടു നികത്തി റോഡ് പണിയുന്നതിനെ എന്തുവില കൊടുത്തും എതിര്‍ക്കുമെന്ന പ്രഖ്യാപനവുമായി സ്ത്രീകളുള്‍പ്പെടെയുള്ള കീഴാറ്റൂര്‍ നിവാസികള്‍ സ്ഥലത്തെത്തുകയായിരുന്നു. നേരത്തേ പൂക്കോത്ത്‌തെരു വഴി റോഡ് നിര്‍മിക്കാനാണു തീരുമാനിച്ചതെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പ് കാരണം കീഴാറ്റൂര്‍ വയല്‍ വഴിയാക്കുകയായിരുന്നു.
ഇതിനു പുറമെ, പൂക്കോത്ത് തെരുവിലെ ഭൂമിയും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. തുച്ഛമായ നഷ്ടപരിഹാരം നല്‍കി വയല്‍ മണ്ണിട്ട് റോഡ് നിര്‍മിക്കാനാണു നീക്കമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. നഷ്ടപരിഹാരം എത്രയെന്നു നിജപ്പെടുത്താതെ സര്‍വേയ്‌ക്കെത്തിയവരെ പ്രദേശവാസികള്‍ ഒന്നടങ്കം എതിര്‍ക്കുകയായിരുന്നു. സര്‍വേയുടെ തുടക്കത്തില്‍ തന്നെ വാക്കേറ്റവും പോര്‍വിളിയുമുയര്‍ന്നതോടെ, എസ്‌ഐ പി രാജേഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി. പുരുഷന്‍മാരെ അറസ്റ്റ് ചെയ്തതോടെയാണ് വീട്ടമ്മമാരും കുട്ടികളുമടക്കമുള്ളവര്‍ പ്രതിഷേധവുമായെത്തിയത്.
സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ പി പ്രകാശന്‍(41), ഡിവൈഎഫ്‌ഐ യൂനിറ്റ് സെക്രട്ടറി കെ രജീഷ്(31), മഹിള അസോസിയേഷന്‍ വില്ലേജ് സെക്രട്ടറി പി വല്‍സല(45), മമ്പ്രയില്‍ ജാനകി(68), വി രുഗ്മിണി(63), പി പ്രദീഷ്, പി ശശീധരന്‍, പി മഹേഷ്, കെ രജീഷ്, ജി ലാല്‍പ്രസാദ്, പി ലിജു തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തുനീക്കിയത്. സിപിഎമ്മിന് ഭൂരിപക്ഷമുള്ള പ്രദേശത്തു നടന്ന സമരത്തില്‍ അറസ്റ്റിലായവരും സിപിഎം പ്രവര്‍ത്തകരാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day