|    Jul 18 Wed, 2018 8:12 pm
FLASH NEWS

ബൈപാസ് വിരുദ്ധ സമരം : സിപിഎമ്മിനെതിരേ സിപിഐ

Published : 26th September 2017 | Posted By: fsq

 

കണ്ണൂര്‍: നെല്‍വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരേ സിപിഎം പാര്‍ട്ടിഗ്രാമമായ കീഴാറ്റൂരിലെ ജനകീയ സമരത്തെ തള്ളിപ്പറഞ്ഞ സിപിഎം നേതൃത്വത്തിനെതിരേ സിപിഐ പരസ്യവിമര്‍ശനവുമായി രംഗത്ത്. കഴിഞ്ഞ ദിവസം സിപിഎം കീഴാറ്റൂരില്‍ സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരേയാണ് സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ്‌കുമാര്‍ രംഗത്തെത്തിയത്. കീഴാറ്റൂരില്‍ നടക്കുന്നത് ഇടതുപക്ഷ വിരുദ്ധ സമരമല്ലെന്നും ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന സമരമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നിശ്ചയിക്കുന്നതിനനുസരിച്ചല്ല സിപിഐ നിലപാടെടുക്കുന്നത്. നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്തരുതെന്നാണ് എല്‍ഡിഎഫിന്റെ പ്രഖ്യാപിത നിലപാട്. ഈ നയത്തിനൊപ്പം നില്‍ക്കുന്നതാണ് കീഴാറ്റൂരിലെ ജനങ്ങളുടെ സമരമെന്നുമാണ് സിപിഐ നിലപാട്. സമരക്കാരെ വികസന വിരുദ്ധരെന്നും ഇടതുപക്ഷ വിരുദ്ധരെന്നും മുദ്ര കുത്തുന്നതിനോട് യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.250 ഏക്കര്‍ നെല്‍വയല്‍ നികത്തിയുള്ള ബൈപാസ് നിര്‍മാണത്തിനെതിരേ പ്രദേശവാസികളുടെ നേതൃത്വത്തിലുള്ള വയല്‍കിളികള്‍ എന്ന കൂട്ടായ്മയാണ് സമരം നടത്തുന്നത്. രൂപരേഖയില്‍ മാറ്റം വരുത്തിയതിനാലാണു നെല്‍വയലുകള്‍ നശിപ്പിക്കുന്നതെന്നാണ് സമരക്കാരുടെ ആരോപണം. ഇതിനിടെ, സമരപ്പന്തല്‍ സന്ദര്‍ശിച്ച് സിപിഐ ജില്ലാ നേതൃത്വം ഐക്യദാര്‍ഢ്യം അര്‍പ്പിച്ചതോടെയാണ് മുന്നണിയില്‍ തര്‍ക്കം ഉടലെടുത്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss