|    Jan 17 Tue, 2017 2:35 pm
FLASH NEWS

ബൈക്ക് നിര്‍ത്താത്തതിന്റെ പേരില്‍ പോലിസ് മര്‍ദ്ദിച്ചതായി പരാതി

Published : 25th August 2016 | Posted By: SMR

പത്തനംതിട്ട: കൈ കാണിച്ചയിടത്ത് ബൈക്ക് നിര്‍ത്താത്തതിന്റെ പേരില്‍ യുവാവിനെ പോലിസ് മര്‍ദിച്ചതായി പരാതി. ചിറ്റാര്‍ കുടപ്പന ദീപാഭവനില്‍ അനീഷ് മോനാ(28)ണ് മര്‍ദനമേറ്റത്. ബന്ധുവായ കുടപ്പന പാറയ്ക്കല്‍ നിഥിന്റെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു അനീഷ്.
സംഭവത്തെപ്പറ്റി അനീഷ് പറയുന്നത് ഇങ്ങനെ: ചൊവ്വാഴ്ച രാത്രി 7.30ന് ചിറ്റാര്‍-അച്ചന്‍കോവില്‍ സംസ്ഥാന പാതയില്‍ മുത്തൂറ്റ് ആശുപത്രിക്ക് മുന്നിലാണ് സംഭവം. സുഹൃത്തിന്റെ കുഞ്ഞിന് പല്ലുവേദനയ്ക്കുള്ള  മരുന്നു വാങ്ങുന്നതിന് വേണ്ടി കുടപ്പനയില്‍ നിന്ന് ചിറ്റാറിലേക്ക് വരികയായിരുന്നു അനീഷും നിഥിനും. ഹെല്‍മറ്റില്ലാതെ വന്ന നിഥിന്റെ ബൈക്കിന് പോലിസ് കൈകാണിച്ചു. പരിശോധനയ്ക്കായി റോഡരികില്‍ നിരവധി വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നതിനാല്‍ അല്‍പം മുന്നിലേക്ക് നീക്കിയാണ് നിഥിന്‍ വാഹനം നിര്‍ത്തിയത്.
കൈകാണിച്ചിട്ടും ബൈക്ക് നിര്‍ത്താതെ പോവുകയാണെന്ന് ധരിച്ച പോലിസ് ഡ്രൈവര്‍ കൈയിലിരുന്ന ലാത്തി കൊണ്ട് ഇവരെ അടിക്കുകയായിരുന്നു. പിന്നിലിരുന്ന അനീഷിന്റെ പുറം അടിയേറ്റ് പൊട്ടി. എന്തിനാണ് തങ്ങളെ മര്‍ദിച്ചതെന്ന അനീഷിന്റെ ചോദ്യത്തിന് വാഹനം കൈകാണിച്ചിടത്ത് നിര്‍ത്താത്തതിനാണെന്നായിരുന്നു പോലിസുകാരന്റെ മറുപടി. ഇതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമായി. എ.എസ്.ഐ ഷാജിയും പൊലിസ് ഡ്രൈവറും മാത്രമാണ് പരിശോധനയ്ക്ക് ഉണ്ടായിരുന്നത്.
കാരണമില്ലാതെ മര്‍ദിച്ചതിന് പരാതി നല്‍കുമെന്ന് യുവാക്കള്‍ അറിയിച്ചതോടെ എ.എസ്.ഐ ഇരുവരെയും അനുനയിപ്പിച്ച് തിരിച്ച് അയയ്ക്കുകയായിരുന്നു. ഇന്നലെ രാവിലെ നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും  വിവരം അറിഞ്ഞ് അനീഷിനെ വിളിച്ച് കാര്യം അന്വേഷിച്ചു. ഇതോടെ വൈകീട്ട് അനീഷ് സിഐയ്ക്ക് പരാതി നല്‍കി. തന്നെ മര്‍ദിച്ചവര്‍ക്കെതിരേ നിയമനടപടിയുമായി മുന്നോട്ട് പോവാനാണ് ഇയാളുടെ നീക്കം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക