|    Apr 25 Wed, 2018 6:02 pm
FLASH NEWS

ബൈക്ക് ആംബുലന്‍സ് തലസ്ഥാന നഗരത്തിലും

Published : 13th July 2016 | Posted By: SMR

തിരുവനന്തപുരം: നഗരത്തിലെ ഗതാഗതക്കുരുക്കിലൂടെ പാഞ്ഞെത്താനുള്ള ആംബുലന്‍സ് സര്‍വീസുകളുടെ ബുദ്ധിമുട്ടികള്‍ക്കൊരു പരിഹാരം. ഗതാഗതക്കുരുക്കിനിടയിലൂടെയും ഇടവഴികളിലൂടെയും വേഗത്തില്‍ പാഞ്ഞെത്താന്‍ കഴിയുന്ന ബൈക്ക് ആംബുലന്‍സ് ഇന്ന് നഗരത്തിലിറങ്ങും. പിആര്‍എസ് ആശുപത്രിയുടെ ആക്‌സിഡന്റ് ആന്റ് എമര്‍ജന്‍സി വിഭാഗമാണ് നൂതന രീതിയിലുള്ള ആംബുലന്‍സ് സര്‍വീസിന് തുടക്കം കുറിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ വന്‍ വിജയമായി മാറിയ ബൈക്ക് ആംബുലന്‍സ് സര്‍വീസ് പിആര്‍എസ് റിയാക്ട് ഓണ്‍ വീല്‍സ് എന്ന പേരിലാണ് തലസ്ഥാനത്ത് നടപ്പാക്കുന്നത്.
ഫസ്റ്റ് എയ്ഡ് കിറ്റുമായി എത്തുന്ന ഒരു കരിസ്മ ബൈക്ക് ആണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇരുവശങ്ങളിലും ഫസ്റ്റ് എയ്ഡ് കിറ്റുകളുമായി പ്രഥമശുശ്രൂഷാ വൈദഗ്ധ്യം നേടിയ വ്യക്തിയായിരിക്കും ബൈക്ക് ആംബുലന്‍സില്‍ ഉണ്ടാവുക. അപകടസ്ഥലങ്ങളിലോ അത്യാഹിത ചികില്‍സ ആവശ്യമുള്ളിടങ്ങളിലോ ഗതാഗതക്കുരുക്ക് മറികടന്ന് ആംബുലന്‍സ് എത്തിച്ചേരുമ്പോള്‍ രോഗിയുടെ ജീവന്‍ നഷ്ടപ്പെട്ട ധാരാളം സംഭവങ്ങളുണ്ടായിട്ടുണ്ട്. അതൊഴിവാക്കുകയാണ് ബൈക്ക് ആംബുലന്‍സിന്റെ ലക്ഷ്യം.
ഓക്‌സിജന്‍ സിലിണ്ടര്‍, രക്തസമ്മര്‍ദ്ദം അളക്കാനുള്ള സംവിധാനം, സ്റ്റെതസ്‌കോപ്പ്, ഓട്ടോമേറ്റഡ് എക്‌സ്റ്റേണല്‍ ഡെഫിബ്രില്ലേറ്റര്‍, കെന്‍ഡ്രിക് എക്‌സിട്രിക്കേഷന്‍ ഡിവൈസ്, പള്‍സ് ഓക്‌സിമീറ്റര്‍, സെര്‍വൈക്കല്‍ കോളര്‍, പെല്‍വിക് ബൈ ന്‍ഡര്‍, പോര്‍ട്ടബിള്‍ സക്ഷന്‍ അപ്പാരറ്റസ് തുടങ്ങിയ പ്രഥമ ശുശ്രൂഷ ഉപകരണങ്ങളും മരുന്നുകളുമാണ് ബൈക്ക് ആംബുലന്‍സില്‍ സജ്ജീകരിച്ചിട്ടുള്ളത്.
ഗുരുതര അസുഖം ബാധിച്ച് വീട്ടില്‍ കഴിയുന്നവര്‍ക്ക് ഡ്രെസ്സിങ്, ട്യൂബ് മാറ്റല്‍, ബ്ലഡ് കലക്ഷന്‍ എന്നിവയും പിആര്‍എസ് റിയാക്ട് ഇതോടൊപ്പം നല്‍കുന്നുണ്ട്. പ്രാഥമിക ചികില്‍സകനായി രോഗികള്‍ക്കരികിലെത്തുന്നത് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനില്‍ അഡ്വാ ന്‍സ്ഡ് കാര്‍ഡിയാക് ലൈഫ് സപ്പോര്‍ട്ട് ട്രെയിനിങ് ലഭിച്ച വ്യക്തിയായിരിക്കും. ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന ബൈക്ക് ഓടിക്കുന്നത് പ്രാഥമിക ചികില്‍സകന്‍ തന്നെയാണ്.
കരിസ്മ ബൈക്കിന്റെ രൂപത്തില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ആംബുലന്‍സാക്കിയത്. സാധാരണ ആംബുലന്‍സിന്റേതു പോലെയുള്ള സൈറണ്‍ സംവിധാനവും അലര്‍ട്ട് ലൈറ്റുമാണ് ബൈക്ക് ആംബുലന്‍സിനുമുള്ളത്. എന്നാല്‍ സാധാരണ ആംബുലന്‍സിന്റെ തൂവെള്ള നിറം മാറ്റി നീലനിറം നല്‍കി ആകര്‍ഷകമാക്കിയിട്ടുമുണ്ട്. ശംഖുംമുഖം കടല്‍ത്തീരത്ത് ഇന്ന് വൈകീട്ട് നാലിന് സിനിമാതാരം ഫഹദ് ഫാസില്‍ ആംബുലന്‍സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss