|    Jul 22 Sat, 2017 6:31 pm
FLASH NEWS

ബൈക്കില്‍ സഞ്ചരിച്ച് മദ്യ വില്‍പ്പന; യുവാവ് പിടിയില്‍

Published : 19th August 2016 | Posted By: SMR

കോട്ടയം: ബൈക്കില്‍ സഞ്ചരിച്ചു വിദേശ മദ്യ വില്‍പ്പന നടത്തി വന്ന യുവാവ് അതിരമ്പുഴയില്‍ പിടിയിലായി. അതിരമ്പുഴ പള്ളിക്കാട്ട് ജോഷി സെബാസ്റ്റ്യനെ(31)യാണ് അതിരമ്പുഴ ചന്തക്കുളത്തിനു സമീപത്തു വച്ച് ബുധനാഴ്ച രാത്രി ഏറ്റുമാനൂര്‍ എക്‌സൈസ് സംഘം പിടികൂടിയത്.
വര്‍ഷങ്ങളായി അനധികൃതമായി വിദേശ മദ്യക്കച്ചവടം നടത്തിയിരുന്ന ജോഷി ബാറുകള്‍ നിരോധിച്ചതോടെ ബൈക്കില്‍ കൊണ്ടു നടന്നുള്ള വില്‍പ്പന ആരംഭിച്ചു. അതിരമ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ ബൈക്കിലെത്തി ബാറുകളിലേതു പോലെ ‘പെഗ്’ പണം വാങ്ങി ചില്ലറയായാണ് മദ്യവില്‍പ്പന നടത്തിയിരുന്നത്.
ബാറുകളും കള്ളു ഷാപ്പുകളും അവധിയായ ദിവസങ്ങളില്‍ ജോഷി വില്‍പ്പന വ്യാപകമാക്കിയിരുന്നു. പിടിക്കപ്പെടുമ്പോള്‍ അര ലിറ്ററിന്റെ ഒമ്പത് കുപ്പികളിലായി നാലര ലിറ്റര്‍ വിദേശ മദ്യവും ഗ്ലാസ്, മിനറല്‍ വാട്ടര്‍ തുടങ്ങിയ അനുബന്ധ സാധനങ്ങളും ജോഷിയുടെ പക്കല്‍ ഉണ്ടായിരുന്നു. ബിവറേജസ് ഷോപ്പുകളില്‍ നിന്ന് വാങ്ങുന്ന മദ്യമാണ് ജോഷി കൂടുതലും വിറ്റഴിച്ചു വന്നിരുന്നത്. ഒരാള്‍ക്ക് മൂന്ന് ലിറ്ററില്‍ കൂടുതല്‍ മദ്യം ലഭിക്കില്ലെന്നിരിക്കെ എങ്ങനെ ഇയാള്‍ ഇത്രയധികം മദ്യം ശേഖരിക്കുന്നു എന്ന് അന്വേഷിച്ചു വരികയാണ്.
ബിവറേജസ് ഔട്ട് ലെറ്റിലെ ജീവനക്കാരുമായി ജോഷിയ്ക്കു വഴിവിട്ട ബന്ധമുണ്ടോ എന്നും അന്വേഷിക്കും. ജോഷിയില്‍ നിന്നു പിടിച്ചെടുത്ത ബൈക്ക് ഇയാളുടെ പേരിലുള്ളതല്ല. 2016 ജൂണ്‍ 30ന് ടാക്‌സ് കാലാവധി അവസാനിച്ച വാഹനത്തിന്റെ ആര്‍സി ബുക്കും മറ്റ് രേഖകളും ലഭ്യമാക്കിയിട്ടുമില്ല. മറ്റൊരാളില്‍ നിന്നു വാങ്ങിയ വാഹനമാണിതെന്നാണു ജോഷി മൊഴി നല്‍കിയത്. അതിരമ്പുഴയില്‍ വിദേശമദ്യം, കഞ്ചാവ് തുടങ്ങിയവയുടെ വിതരണം വന്‍തോതില്‍ നടക്കുന്നായി പരാതി ഉയര്‍ന്നിരുന്നു.
ഏറ്റുമാനൂര്‍ എക്‌സൈസ് ഓഫിസില്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ പി കെ സതീശിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണു ജോഷി പിടിയിലായത്.
അതിരമ്പുഴയിലെ കഞ്ചാവ്, മയക്കുമരുന്ന് വിതരണത്തില്‍ ഇയാള്‍ക്കു പങ്കുണ്ടോയെന്നും അന്വേഷിക്കുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക