|    May 30 Tue, 2017 4:53 pm
FLASH NEWS

ബൈക്കില്‍ കടത്തിയ രണ്ട് കിലോ കഞ്ചാവുമായി കമിതാക്കള്‍ അറസ്റ്റില്‍

Published : 12th July 2016 | Posted By: SMR

കൊല്ലം: തമിഴ്‌നാട്ടില്‍ നിന്നും കുമളി വഴി തെക്കന്‍ കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തുന്ന പ്രധാന ഏജന്റുള്‍പ്പെടെ രണ്ടുപേരെ കൊല്ലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി സുരേഷിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റുചെയ്തു.
കൊല്ലം, പുന്തലത്താഴത്ത് വച്ചു നടത്തിയ വാഹന പരിശോധനക്കിടെയിലാണ് രണ്ട് കിലോ കഞ്ചാവുമായി പ്രതികള്‍ അറസ്റ്റിലായത്. ഏഴോളം കഞ്ചാവ് കേസുകളിലെ പ്രതിയും തെക്കന്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിലെ പ്രധാന ഏജന്റുമായ തൃക്കോവില്‍വട്ടം ചേരിക്കോണം രാധികാഭവനം വീട്ടില്‍ രാമചന്ദ്രന്‍ എന്ന ഉണ്ണി (35), രാമചന്ദ്രന്റെ കാമുകിയും അഞ്ചല്‍ പ്രദേശത്തെ പ്രധാന കഞ്ചാവ് കച്ചവടക്കാരിയുമായ പുനലൂര്‍ അലയമണ്‍ വില്ലേജില്‍ നിഷാ മന്‍സിലില്‍ വാവ എന്നുവിളിക്കുന്ന സന്‍സാസലിം (29) എന്നിവരാണ് അറസ്റ്റിലായത്. കുമളി ചെക്ക് പോസ്റ്റിലൂടെ അഞ്ചുകിലോ കഞ്ചാവുകടത്തിയ കേസിലും കൊട്ടാരക്കരയില്‍ നാലുകിലോ കഞ്ചാവ് കടത്തിയ കേസ്സിലും പ്രതിയാണ് രാമചന്ദ്രന്‍.
ഇതുകൂടാതെ ആന്ധ്രപ്രദേശ്, തമിഴ് നാട് എന്നിവിടങ്ങളിലും കഞ്ചാവു കടത്തിയ കേസിലും രാമചന്ദ്രന്‍ അറസ്റ്റിലായിട്ടുണ്ട്. അഞ്ചല്‍ മടവൂര്‍കോണം സ്വദേശിയായ വാവ എന്ന സന്‍സ സലീമും മാതാവ് ഷാഹിദയും നിരവധി അബ്കാരി, മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ്.
വിവാഹിതനും മൂന്നു മക്കളുടെ പിതാവുമായ രാമചന്ദ്രനും വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമായ സന്‍സസലിമും തമ്മില്‍ രണ്ടു വര്‍ഷമായി ഒരുമിച്ചാണ് താമസം. അഞ്ചല്‍ ഏരൂര്‍ സ്ഥലത്ത് വാടക വീടെടുത്തായിരുന്നു കഞ്ചാവ് കച്ചവടം നടത്തി വന്നിരുന്നത്. ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാത്ത ഇവര്‍ ആറുമാസം കൂടുമ്പോള്‍ വാടകവീട് മാറി താമസിക്കുമായിരുന്നു. പോലിസ്, എക്‌സൈസ് സംഘങ്ങളെ വെട്ടിച്ച് കച്ചവടം നടത്താനായിരുന്നു ഇത്. ഭാര്യാഭര്‍ത്താക്കന്‍മാര്‍ ആണ് എന്നാണ് ഇവര്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്. എക്‌സൈസ് സിഐ ബി സുരേഷ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ പി ആന്‍ഡ്രൂസ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബാലചന്ദ്രകുമാര്‍, ഫ്രാന്‍സിസ് ബോസ്‌കോ, ഷാഡോ സംഘാങ്ങളായ അരുണ്‍ ആന്റണി, അശ്വന്ത് എസ് സുന്ദരം, സതീഷ്ചന്ദ്രന്‍, ബിജുമോന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ രാജു, മനീഷ്യസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ശാലിനി ശശി, സൂര്യ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
നെല്ലിക്കുന്നം സ്വദേശി വിനോദ്, കൂടല്‍ ബിജു, ചെറുവക്കല്‍ സ്വദേശി സന്തോഷ് എന്നിവര്‍ക്കാണ് സ്ഥിരമായി കഞ്ചാവ് വില്‍പ്പന നടത്തിവന്നതെന്ന് പ്രതികളെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
ആഴ്ചയില്‍ രണ്ട് ദിവസം ഭാര്യഭര്‍ത്താക്കന്‍മാരെപ്പോലെ കുമളി വഴി തമിഴ് നാട്ടില്‍ എത്തി കഞ്ചാവ് മൊത്ത കച്ചവടക്കാരില്‍ നിന്നും വാങ്ങി ബസ് മാര്‍ഗ്ഗം കേരളത്തിലെത്തിച്ചാണ് വില്‍പ്പന നടത്തി വന്നത്. ഇടുക്കി എക്‌സൈസ് ഓഫിസിലെ കഞ്ചാവ് കേസില്‍ ഒരു വര്‍ഷമായി വാറണ്ട് ആയതിനാല്‍ പ്രതി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.
കണ്ണനല്ലൂരിലുള്ള കുടുംബവീട്ടിലും അന്വേഷണസംഘം എത്തിയതിനെ തുടര്‍ന്ന് പ്രതി അഞ്ചലില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. ഏരൂരിലുള്ള പ്രമുഖ അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമാണ് പ്രതികളെക്കുറിച്ചുള്ള വിവരം എക്‌സൈസ് സംഘത്തിന് നല്‍കിയത്. തുടര്‍ന്ന് ഒരാഴ്ചയില്‍ എക്‌സൈസ് ഷാഡോ സംഘാംഗങ്ങള്‍ അഞ്ചല്‍, ഏരൂര്‍, ആലഞ്ചേരി പ്രദേശങ്ങളില്‍ രഹസ്യനീക്കം നടത്തിയിരുന്നു.
ഒരു വര്‍ഷം മുമ്പ് അഞ്ചുകിലോ കഞ്ചാവുമായി അഞ്ചല്‍ സ്വദേശികളായ സ്ത്രീകള്‍ ഉള്‍പ്പെടെ മുന്നുപേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ അറസ്റ്റ് ചെയ്യാനുള്ള പ്രതികളാണ് പിടിയിലാല രാമചന്ദ്രനും സന്‍സയും. പ്രതികളുടെ മൊബൈല്‍ നമ്പരിലേക്ക് ആവശ്യക്കാരെന്ന വ്യാജേന എക്‌സൈസ് സംഘാംഗങ്ങള്‍ ബന്ധപ്പെട്ട് ഇടപാട് ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കഞ്ചാവുമായി എത്തിയ പ്രതികളെ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day