|    Nov 13 Tue, 2018 4:11 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ബേപ്പൂര്‍ തുറമുഖത്തെ കണ്ടെയ്‌നര്‍ കയറ്റിറക്ക് കൂലിത്തര്‍ക്കം ഒത്തുതീര്‍ന്നു

Published : 1st November 2018 | Posted By: kasim kzm

തിരുവനന്തപുരം: കണ്ടെയ്നര്‍ കയറ്റിറക്ക് സംബന്ധിച്ച് ഒരു വര്‍ഷത്തിലധികമായി ബേപ്പൂര്‍ തുറമുഖത്ത് നിലനിന്നിരുന്ന കൂലിത്തര്‍ക്കം ഒത്തുതീര്‍ന്നു. തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജന ചര്‍ച്ചയിലാണ് തര്‍ക്കം ഒത്തുതീര്‍ന്നത്.
കണ്ടെയ്നര്‍ ഇറക്കുന്നതിന് 400 രൂപയും ഒഴിഞ്ഞ കണ്ടെയ്നര്‍ കയറ്റുന്നതിന് 300 രൂപയുമാണ് പുതുക്കിയ നിരക്ക്. നിലവില്‍ അത് യഥാക്രമം കണ്ടെയ്നര്‍ ഒന്നിന് 325, 275 രൂപ ആയിരുന്നു. പുതിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. മൂന്ന് മാസത്തിലൊരിക്കല്‍ തൊഴിലാളികളുടെയും ഷിപ്പുടമകളുടെയും ഉദ്യോഗസ്ഥരുടെയും അവലോകനയോഗം നടത്തി നിജസ്ഥിതി പരിശോധിച്ച് മാറ്റംവരുത്തേണ്ടതുണ്ടെങ്കില്‍ മാറ്റം വരുത്തും. ആദ്യ അവലോകനയോഗം 2019 ജനുവരി 19ന് കോഴിക്കോട് കലക്ടറേറ്റില്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.
ഇതുവരെ തൊഴിലാളികള്‍ കൂലി വാങ്ങാതെ ജോലിചെയ്തുവരികയായിരുന്നു. ആ കുടിശ്ശിക പഴയ നിരക്കില്‍ ഒരാഴ്ചയ്ക്കകം ഷിപ്പുടമകള്‍ കൊടുത്തുതീര്‍ക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. തൊഴില്‍ വൈദഗ്ധ്യം ആവശ്യമുള്ള ജോലിയായതിനാല്‍ അതിന് പ്രാപ്തരായ തൊഴിലാളികളെ കൂട്ടായ ചര്‍ച്ചയിലൂടെ തീരുമാനിച്ച് ആവശ്യമായ പരിശീലനം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണം. കപ്പലുടമകളും തൊഴിലാളികളും യോജിച്ചിരുന്ന് ഇക്കാര്യം തീരുമാനിക്കണമെന്നും പരിശീലനം നല്‍കുന്നതിന് കോഴിക്കോട് പോര്‍ട്ട് ഓഫിസര്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. തര്‍ക്കത്തിനിടയിലും തുറമുഖ പ്രവര്‍ത്തനം തടസ്സപ്പെടുത്താതെ കൂലി വാങ്ങാതെ ജോലിചെയ്യാന്‍ തയ്യാറായ തൊഴിലാളികളെ മന്ത്രി അഭിനന്ദിച്ചു.
ചര്‍ച്ചയില്‍ വി കെ സി മമ്മദ് കോയ എംഎല്‍എ, കോഴിക്കോട് കലക്ടര്‍ യു വി ജോസ്, കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. വി ജെ മാത്യു, അഡീഷനല്‍ ലേബര്‍ കമ്മീഷണര്‍ എസ് തുളസീധരന്‍, കോഴിക്കോട് പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ അശ്വിനി പ്രതാപ്, ട്രേഡ് യൂനിയന്‍, ഷിപ്പ് ഉടമകള്‍ എന്നിവരുടെ പ്രതിനിധികള്‍, തുറമുഖ- ലേബര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss