|    Nov 15 Thu, 2018 8:01 pm
FLASH NEWS

ബേപ്പൂരില്‍ ചരക്ക്—നീക്കത്തെച്ചൊല്ലി സംഘര്‍ഷം : പോലിസ് ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്ക്‌

Published : 3rd November 2017 | Posted By: fsq

 

കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്ത് കണ്ടെയ്‌നറില്‍ നിന്ന് ചരക്ക് ഇറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. കൂലിയുടെ കാര്യത്തില്‍ തീരുമാനമാകാതെ ചരക്കിറക്കാന്‍ അനുവദിക്കുകയില്ലെന്ന നിലപാടുമായി സംഘടിച്ചുനിന്ന തൊഴിലാളികളെ പോലീസ് അടിച്ചോടിച്ചു. പ്രകോപനമില്ലാതെ നടന്ന ലാത്തിചാര്‍ജില്‍ നിരവധി തൊഴിലാളികള്‍ക്ക് സാരമായി പരിക്കേറ്റു.  തൊഴിലാളികളെ അടിച്ചൊതുക്കിയശേഷം പോലിസ് ബന്തവസ്സില്‍ കണ്ടെയ്നറുകളില്‍ നിന്ന് ചരക്കിറക്കി. പുറമെ നിന്നുള്ള തൊഴിലാളികളെ ഉപയോഗിച്ചാണ് ചരക്ക്—നീക്കം നടന്നത്. നാലു കണ്ടെയ്നറുകളാണ് എത്തിയിരുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകളുടെ ഐക്യവേദി ഇന്ന് ബേപ്പൂരില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ തുറമുഖത്ത് എത്തിയ കപ്പല്‍ സംഘര്‍ഷം കണക്കിലെടുത്ത് വാര്‍ഫ് വിട്ടിരുന്നുവെങ്കിലും പോര്‍ട്ട് ഓഫീസര്‍ നല്‍കിയ നിര്‍ദേശമനുസരിച്ച് വീണ്ടും തിരിച്ചെത്തുകയായിരുന്നു.ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഘര്‍ഷാവസ്ഥ സംജാതമായത്. ചരക്കിറക്കം തടഞ്ഞ തൊഴിലാളികളെ പോലിസ് എത്തി തടയുകയും തുടര്‍ന്ന് ലാത്തിചാര്‍ജ്ജ് നടത്തുകയുമായിരുന്നു. വേങ്ങാട്ട് സാദിഖ്, വേങ്ങാട്ട് മുത്തലിബ്, കെ സലാം, അഫ്‌സല്‍, അഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബീച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ലാത്തിചാര്‍ജിന് ശേഷം പൊലീസ് കണ്ണീര്‍വാതക പ്രയോഗവും നടത്തി. കണ്ണീര്‍വാതക പ്രയോഗത്തിലാണ് സലാമിനും അഖിലിനും പരിക്കേറ്റത്. കണ്ണിനാണ് പരിക്ക്. ഇരുന്നൂറോളം പോലിസുകാര്‍ നിലയുറപ്പിച്ചിരുന്നു. ബേപ്പൂര്‍, ചെറുവണ്ണൂര്‍ എന്നിവിടങ്ങളിലെ പൊലീസ് സേനക്ക് പുറമെ മലപ്പുറം  എ.ആര്‍ ക്യാമ്പില്‍ നിന്നും സേനയെ എത്തിച്ചിരുന്നു. തൊഴിലാളികളുടെ കൈക്കും തലക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആസ്പത്രിയില്‍ എത്തിക്കുന്നതില്‍ പൊലീസ് അനാസ്ഥ കാണിച്ചതായി ട്രേഡ്് യൂണിയന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി. നാലുമണിക്കൂര്‍ കഴിഞ്ഞാണ് ആസ്പത്രിയില്‍ എത്തിച്ചത്.  കൂലിത്തര്‍ക്കം ഏതാനും മാസമായി ബേപ്പൂര്‍ തുറമുഖത്തെ സംഘര്‍ഷഭരിതമാക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ചര്‍ച്ച നടന്നിരുന്നുവെങ്കിലും ഫലമുണ്ടായിട്ടില്ല. കൂലിപ്രശ്‌നം ജില്ലാ കലക്ടറുടെയും ജില്ലാ ലേബര്‍ ഓഫീസറുടെയും സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നത്. ഇതനുസരിച്ച് പലതവണ ചര്‍ച്ച നടന്നിരുന്നുവെങ്കിലും തീരുമാനമായില്ല. ചരക്ക് ഉള്‍ക്കൊള്ളുന്ന കണ്ടെയ്—നര്‍ ഇറക്കുന്നതിന് 300 രൂപയും കാലി കണ്ടെയ്‌നര്‍ ഇറക്കുന്നതിന് 250 രൂപയുമാണ് ജില്ലാ ലേബര്‍ ഓഫീസര്‍ കൂലി നിശ്ചയിച്ചിരുന്നത്. ഇത് സ്വീകാര്യമല്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. ചരക്ക്—നീക്കം തൊഴിലാളികള്‍ തടഞ്ഞപ്പോള്‍ പോര്‍ട്ട് ഓഫീസര്‍ പോലിസിന്റെ സഹായം തേടുകയായിരുന്നു. 180 തൊഴിലാളികളാണ് പോര്‍ട്ടിലുള്ളത്. ബേപ്പൂര്‍ പോര്‍ട്ടില്‍ ട്രേഡ് യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ പ്രകടനം നടന്നു. അഡ്വ. എ ഇ മാത്യു അധ്യക്ഷത വഹിച്ചു. യു പോക്കര്‍, എം ഐ മുഹമ്മദ്(എസ്ടിയു), കെ സിദ്ധാര്‍ത്ഥന്‍, എന്‍ അനില്‍കുമാര്‍(സിഐടിയു), യു ബാബു (ഐഎന്‍ടിയുസി), സി നവാസ്, പി അബ്ദുറഹിമാന്‍, എന്‍ നദീര്‍, ഷംസു സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss