|    Jan 19 Thu, 2017 10:38 pm
FLASH NEWS

ബേപ്പൂരില്‍നിന്ന് വയനാട്ടിലേക്ക് റോഡ്, ഫറോക്കില്‍നിന്ന് ബേപ്പൂരിലേക്ക് റെയില്‍വേ’

Published : 4th October 2015 | Posted By: RKN

കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് പന്തീരാങ്കാവ്-കുന്ദമംഗലം വഴി വയനാട്ടിലേക്ക് ചരക്കുനീക്കത്തിന് 24 മീറ്റര്‍ റോഡും കരിപ്പൂര്‍ -കണ്ണൂര്‍ വിമാനത്താവളങ്ങള്‍ ബന്ധിപ്പിക്കാനായി നിലവിലുള്ള റോഡ് വീതികൂട്ടുന്നതും ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ തയ്യാറായിവരുന്ന സംയോജിത ജില്ലാ വികസനരൂപരേഖയില്‍ ഉള്‍പ്പെടുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്, പെരുവയല്‍ ഗ്രാമപ്പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച കോഴിക്കോടിന്റെ വികസന സ്വപ്‌നങ്ങള്‍ എന്ന സെമിനാറില്‍ അസി. ടൗണ്‍പ്ലാനര്‍ പി ഗിരീഷ് കുമാര്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഇക്കാര്യം അറിയിച്ചത്.

പാറോപ്പടി കണ്ണാടിക്കല്‍ റോഡില്‍ മാലൂര്‍കുന്നിനു താഴെ 61.—25 ഏക്കറില്‍ കൃഷി ചെയ്യാത്ത വയല്‍ പ്രദേശം വികസിപ്പിച്ച് തടാക ടൂറിസം, കടലുണ്ടിയില്‍ നിന്ന് വടകര വരെയെത്തുന്ന തീരദേശ റോഡ്, ഫറൂഖില്‍ നിന്ന്  ചാലിയാര്‍ പുഴയുടെ വടക്കേ അരികിലൂടെ ബേപ്പൂരിലേക്ക് പുതിയ റെയില്‍വേ ലൈന്‍ എന്നിവയാണ് സംയോജിത ജില്ലാ വികസന രൂപരേഖയിലെ മറ്റു നിര്‍ദേശങ്ങള്‍.  വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലം ഏറ്റെടുക്കുമ്പോഴുള്ള തടസ്സങ്ങള്‍ ഒഴിവാക്കാന്‍ നാല് നിര്‍ദേശങ്ങള്‍ രൂപരേഖയില്‍ നിര്‍ദേശിക്കുന്നു.

സ്ഥലം പൊന്നുംവില കൊടുക്കുന്ന നിലവിലുള്ള രീതി, വിട്ടുകൊടുത്തശേഷമുള്ള സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ കെട്ടിട നിര്‍മാണ നിബന്ധനയില്‍ ഇളവ്, നഷ്ടപ്പെടുത്തുന്ന സ്ഥലത്ത് നിര്‍മിക്കാമായിരുന്ന കെട്ടിട വിസ്തീര്‍ണത്തിന്റെ അധിക വിസ്തീര്‍ണം അതേ അളവിലുള്ള മറ്റൊരു സ്ഥലത്ത് നിര്‍മിക്കാന്‍ അനുമതി നല്‍കുന്ന ട്രാന്‍സ്ഫര്‍ ഓഫ് ഡെവല്‌മെന്റ് റൈറ്റ്‌സ്, സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് പുതിയ പദ്ധതികളില്‍ നഷ്ടപ്പെടുന്ന സ്ഥലത്തിന്റെ ആനുപാതിക അവകാശം എന്നിവയാണ് ഈ നിര്‍ദേശങ്ങള്‍.—ഇതിനകം തയ്യാറാക്കി സര്‍ക്കാരില്‍ സമര്‍പ്പിച്ച കോഴിക്കോട് നഗരവികസന മാസ്റ്റര്‍ പ്ലാനില്‍ മലാപ്പറമ്പ്- പാച്ചാക്കില്‍ ദേശീയപാത, ബൈപ്പാസില്‍ കിഴക്കു ബസ് സ്റ്റാന്‍ഡ് പാര്‍ക്കിംങ്ങ്, പ്ലാസ, ടാക്‌സി, ഹെലിപാഡ് ഫയര്‍ സ്റ്റേഷന്‍ തുടങ്ങിയ സൗകര്യങ്ങളോടെ 23.—7 ഏക്കറില്‍ മൊബിലിറ്റി ഹബ്ബിന് നിര്‍ദേശമുണ്ടെന്ന് ഗിരീഷ്‌കുമാര്‍ അറിയിച്ചു.

ഇതിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ 30 % മാത്രമേ നികത്തുകയുള്ളു.  ബാക്കിഭാഗം അതേപടി നിലനിര്‍ത്തി പില്ലറുകളിലാണ് നിര്‍മാണം നടത്തുക. കനോലി കനാലിലൂടെ ബോട്ട് സര്‍വീസ്, വേങ്ങേരി – തൊണ്ടയാട് ബൈപാസിലൂടെയും പാവങ്ങാട് – മീഞ്ചന്ത വരെയുള്ള റോഡിലും റ്റൂടയര്‍ എലിവേറ്റഡ് പാത, ബീച്ച് റോഡ് മുതല്‍ പനാത്ത് താഴംവരെ പ്രകടനങ്ങള്‍ക്കും ചെറുസമ്മേളന വാഹനങ്ങള്‍ക്കും അപകടം ഉണ്ടാവുമ്പോള്‍ ആളുകളെ ഒഴിപ്പിക്കാനുമായി എലിവേറ്റ് റൂട്ട്, നിലവിലുള്ള ഡിവൈഡറുകള്‍ക്കും ഫുഡ്പാത്തുകള്‍ക്കും മുകളിലൂടെ ഗ്രീന്‍ കോറിഡോര്‍ എന്നിവയും നിര്‍ദേശിച്ചു. സര്‍ക്കാരിന് സമര്‍പ്പിച്ച ഈ നിര്‍ദേശങ്ങള്‍ പൊതുജനങ്ങളുടെ അഭിപ്രായം കേട്ടശേഷമേ സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങുകയുളളൂ എന്ന് അദ്ദേഹം പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസിപ്പിക്കാന്‍ അടിയന്തിരമായി സ്ഥലമേറ്റെടുക്കുക, കോഴിക്കോട് ബീച്ചില്‍ വാട്ടര്‍ സ്‌പോട്ട് ടൂറിസം വികസിപ്പിക്കുക, സരോവരത്തെ നിര്‍ദ്ദിഷ്ഠ സാംസ്‌കാരിക ഗ്രാമം പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറി അബ്ദുല്ല മാളിയേക്കല്‍ ഉന്നയിച്ചു.

സെമിനാര്‍ പഞ്ചായത്ത് സാമൂഹികനീതി മന്ത്രി ഡോ. എം കെ മുനീര്‍ ഉദ്ഘാടനം ചെയ്തു.  ജനങ്ങള്‍ പഞ്ചായത്തുകളിലേക്ക് വരുന്നതിന് പകരം അവരുടെ വീടുകളില്‍നിന്നു തന്നെ പഞ്ചായത്തിന്റെ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള സോഫ്റ്റ് വെയര്‍ തയ്യാറായി വരുന്നതായി മന്ത്രി അറിയിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദിനേശ് പെരുമണ്ണ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഖാദര്‍ പാലാഴി, പെരുവയല്‍ ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി കെ ഷറഫുദീന്‍ എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് വളര്‍ച്ചയുടെ പടവുകള്‍ എന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു.—

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 108 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക