|    Jan 17 Tue, 2017 6:31 pm
FLASH NEWS

ബേഡകത്ത് അനിശ്ചിതത്വം: സിപിഐ പ്രതീക്ഷയില്‍; സിപിഎം പ്രതിരോധത്തില്‍

Published : 17th August 2016 | Posted By: SMR

കാസര്‍കോട്: ജില്ലയില്‍ സിപിഎമ്മും സിപിഐയും ഏറെ ആകാംക്ഷയോടെ നില്‍ക്കുന്ന ദിവസമാണിന്ന്. ഇന്നു വൈകീട്ട് മൂന്നിന് കുറ്റിക്കോല്‍ വ്യാപാരഭവനില്‍ നടക്കുന്ന സി അച്യുതമേനോന്‍ അനുസ്മരണപരിപാടിയില്‍ സിപിഎം വിമതര്‍ സിപിഐയില്‍ ചേരുമെന്ന പ്രതീക്ഷയിലാണ് സിപിഐ നേതൃത്വം. സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി ചടങ്ങില്‍ പങ്കെടുക്കും. വിമതര്‍ പാര്‍ട്ടി വിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് സിപിഎം നേതൃത്വം. എന്നാല്‍, മുതിര്‍ന്ന നേതാവ് പി ഗോപാലന്‍ മാസ്റ്റര്‍ വാക്കുപാലിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഐ.
സിപിഎമ്മിന്റെ കുറ്റിക്കോല്‍ ഏരിയാ കമ്മിറ്റിയില്‍ 2010ലെ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ഉണ്ടായ വിഭാഗീയതയെത്തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തിനു പോലും പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളാണ് ബേഡകത്തെ ശ്രദ്ധേയമാക്കിയത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുമ്പ് വിമതപ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്നു പറഞ്ഞ സിപിഎമ്മിന് കനത്ത ആഘാതമേല്‍പിച്ചാണ് പി ഗോപാലന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ഇരുന്നൂറോളം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നുവെന്ന പ്രചാരണം ശക്തമായത്. തന്നെയും അനുയായികളെയും ഒറ്റപ്പെടുത്തുന്ന കുറ്റിക്കോല്‍ ഏരിയ കമ്മിറ്റിയുമായി യോജിച്ചുപ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും ചെങ്കൊടിയേന്തിയ സിപിഐയിലേക്കാണ് തന്റെ യാത്രയെന്നും ഇദ്ദേഹം തുറന്നുപറയുന്നു. ജില്ലാ കമ്മിറ്റി പല രീതിയില്‍ ഇടപെട്ടിട്ടും ഗോപാലന്‍ മാസ്റ്റര്‍ വഴങ്ങിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ ഗോപാലന്‍ മാസ്റ്ററോട് സംസാരിക്കുകയും സിപിഎം സംസ്ഥാന സമിതിയംഗം എം വി ഗോവിന്ദന്‍ മാസ്റ്ററെ ചര്‍ച്ചയ്ക്കായി നിയോഗിക്കുകയും ചെയ്തിരുന്നു.
ബേഡകം ഏരിയ കമ്മിറ്റിയുടെ നിലപാടുകളുമായി തനിക്ക് യോജിക്കാന്‍ കഴിയില്ലെന്നാണ് ഗോപാലന്‍ മാസ്റ്റര്‍ നേതാക്കളെ അറിയിച്ചിട്ടുള്ളത്. കമ്മിറ്റിയില്‍ മാറ്റം വരുത്താമെന്ന് നേതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടി വിടുന്നതിനെക്കുറിച്ചു പ്രതികരിക്കാന്‍ ഇന്നലെ ഗോപാലന്‍ മാസ്റ്റര്‍ തയ്യാറായില്ല. നേരത്തെ അനുയായികള്‍ ആരുമില്ലെങ്കിലും തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഗോപാലന്‍ മാസ്റ്റര്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി സിപിഎം ജില്ലാ കമ്മിറ്റി ബേഡകം കേന്ദ്രീകരിച്ച് പ്രവര്‍ത്തകരുടെ സിപിഐയിലേ—ക്കുള്ള ഒഴുക്കു തടയാനുള്ള ശ്രമത്തിലായിരുന്നു. ഇന്നലെ സിപിഎം ജില്ലാ കമ്മിറ്റി ചേര്‍ന്ന് പ്രശ്‌നം ചര്‍ച്ചചെയ്തു. 19ന് വീണ്ടും ജില്ലാ കമ്മിറ്റി യോഗം ചേരുന്നുണ്ട്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ബേഡകം ഏരിയയില്‍ നിന്ന് പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേക്കേറാനുള്ള നീക്കത്തെ തടയുകയാണ് ജില്ലാ കമ്മിറ്റിയുടെ ശ്രമം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക