|    Jan 18 Wed, 2017 5:44 pm
FLASH NEWS

ബേഡകം: സിപിഎം വിമതര്‍ കൂട്ടത്തോടെ സിപിഐയിലേക്ക്

Published : 2nd August 2016 | Posted By: SMR

കാഞ്ഞങ്ങാട്: സിപിഎം ശക്തികേന്ദ്രമായ ബേഡകം ഏരിയയില്‍ നിന്ന് നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേരുന്നു. 2010ലെ പാര്‍ട്ടിയുടെ സംഘടന തിരഞ്ഞെടുപ്പില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇവര്‍ വര്‍ഷങ്ങളായി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പു കാലത്ത് വിമതപ്രശ്‌നം പൂര്‍ണമായി അവസാനിച്ചുവെന്ന് സിപിഎം ജില്ലാക്കമ്മിറ്റി അറിയിച്ചിരുന്നെങ്കിലും കുറ്റിക്കോല്‍, പടുപ്പ്, ബന്തടുക്ക പ്രദേശങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേരും കമ്മിറ്റികളിലൊന്നും പങ്കെടുത്തിരുന്നില്ല. പാര്‍ട്ടിയുടെ നിലപാടില്‍ പ്രതിഷേധിച്ച് കുറ്റിക്കോല്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും മുതിര്‍ന്ന നേതാവുമായിരുന്ന പി ഗോപാലന്‍ മാസ്റ്റര്‍ പാര്‍ട്ടി അംഗത്വം പുതുക്കിയിരുന്നില്ല. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ഈ പ്രദേശങ്ങളില്‍ ലോക്‌സഭ, പഞ്ചായത്ത്, നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎം വോട്ടില്‍ ഗണ്യമായ കുറവാണുണ്ടായത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രതിനിധി പരാജയപ്പെട്ടതും ഏറെ ചര്‍ച്ചയായിരുന്നു. ഇടതുപക്ഷ ആശയങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്ന പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേരാനാണു തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
കഴിഞ്ഞദിവസം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ സാന്നിധ്യത്തില്‍ നടന്ന സിപിഐ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ജില്ലാ കൗണ്‍സില്‍ യോഗത്തിനു മൂന്നു ദിവസം മുമ്പ് ബേഡകത്തെ സിപിഎം വിമതനേതാവ് പി ഗോപാലന്‍ മാസ്റ്റര്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ വി കൃഷ്ണന്‍, സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദ ന്‍ പള്ളിക്കാപ്പില്‍, മണ്ഡലം സെക്രട്ടറി ഇ രാജന്‍, എഐവൈഎഫ് ജില്ലാ സെക്രട്ടറി അഡ്വ. വി സുരേഷ് ബാബു എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. മന്ത്രിയടക്കമുള്ള സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചുള്ള സമ്മേളനത്തില്‍ ഇവരെ സ്വീകരിക്കാനാണ് സിപിഐ നേതൃത്വം ആലോചിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക