|    Oct 20 Fri, 2017 4:11 pm
FLASH NEWS

ബേട്ടി ബചാവോ ബേട്ടി പഠാവോ; അന്താരാഷ്ട്ര വനിതാദിനാചരണം സംഘടിപ്പിച്ചു

Published : 9th March 2016 | Posted By: SMR

തൃശൂര്‍: ബേട്ടീ ബചാവോ ബേട്ടീ പഠാവോ പദ്ധതിയില്‍ അന്താരാഷ്ട്ര വനിതാദിനത്തില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന മല്‍സരങ്ങള്‍ ജില്ലാ കലക്ടര്‍ വി രതീശന്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിലൂടെ പെണ്‍കുട്ടികള്‍ വിവേചനം തിരിച്ചറിയണമെന്നും അതിനനുസരിച്ച് പ്രവര്‍ത്തിച്ച് സമൂഹത്തില്‍ മുന്നേറണമെന്നും കലക്ടര്‍ യോഗത്തിനെത്തിയ കുടുംബശ്രീ, അങ്കണവാടി പ്രവര്‍ത്തകരോട് പറഞ്ഞു.2011 സെന്‍സസ് രേഖകള്‍ പ്രകാരം ഇന്ത്യയില്‍ 0-6 വയസ്സുളള കുട്ടികളുടെ ലിംഗാനുപാതം ക്രമാതീതമായി കൂറഞ്ഞുവരുന്നതായാണ് റിപോര്‍ട്ട്.
ഇത്തരത്തില്‍ ശിശു ലിംഗാനുപാതം കുത്തനെ കുറയുന്ന പ്രവണതയ്ക്ക് തടയിടാനും പെണ്‍കുട്ടികള്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുവാനും ഭാരത സര്‍ക്കാര്‍ നടപ്പാക്കിയ നൂതന പദ്ധതിയാണ് ബേട്ടീ ബചാവോ ബേട്ടീ പഠാവോ. ശിശു ലിംഗാനുപാതത്തില്‍ ഗുരുതരമായ കുറവ് കാണിക്കുന്ന രാജ്യത്തെ 100 ജില്ലകളിലെ പ്രശ്‌നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, അവ പരിഹരിക്കുക എന്നിവയാണ് പദ്ധതിയുടെ ഉദ്ദേശ്യം. പ്രസ്തുത 100 ജില്ലകളില്‍പ്പെട്ട കേരളത്തിലെ ഏക ജില്ലയാണ് തൃശൂര്‍. അത്‌കൊണ്ട് തൃശൂര്‍ ജില്ലയിലും ബേട്ടീ ബചാവോ, ബേട്ടീ പഠാവോ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കേണ്ടതുണ്ട്.
2016ലെ അന്താരാഷ്ട്ര വനിതാദിനാഘോഷത്തിനായി ഐക്യരാഷ്ട്രസഭ തിരഞ്ഞെടുത്തിരിക്കുന്ന വിഷയം ലിംഗപദവി തുല്യത എന്നതാണ്. ബേട്ടീ ബചാവോ ബേട്ടീ പഠാവോ ജില്ലാതല ടാസ്‌ക് ഫോഴ്‌സ്, സാമൂഹികനീതി വകുപ്പ്, കോസ്റ്റ് ഫോര്‍ഡ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ സത്രീശക്തി എന്നിവയുടെ ആഭിമുഖ്യത്തിലാണ് ദിനാചരണ പരിപാടികള്‍ നടത്തുന്നത്. സെമിനാര്‍, കോളജ്-സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മല്‍സരങ്ങള്‍ ഇതിന്റെ ഭാഗമായി നടത്തും.
തൃശൂര്‍ ജില്ലാതല ഐസിഡിഎസ് സെല്‍ പ്രോഗ്രാം ഓഫിസര്‍ പി മീര, ജില്ലാ സാമൂഹികനീതി ഓഫിസര്‍ കെ ആര്‍ പ്രദീപന്‍, കോസ്റ്റ്‌ഫോര്‍ഡ് സെക്രട്ടറി മീര മോഹന്‍ സംസാരിച്ചു. ലിംഗപദവി തുല്യത എന്ന വിഷയത്തില്‍ ഗവ. മെഡിക്കല്‍ കോളജ് ലക്ചറര്‍ ഡോ. കെ ജി രാധാകൃഷ്ണനും പെണ്‍കുട്ടികളും നിയമവും എന്ന വിഷയത്തില്‍ ശിശുക്ഷേമസമിതി അംഗം അഡ്വ. ഫരീദ അന്‍സാരിയും സെമിനാര്‍ നയിച്ചു. സമാപന സമ്മേളനത്തില്‍ ഗാനരചയിതാവ് റഫീക് അഹമ്മദ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സബ് കലക്ടര്‍ ഹരിത വി കുമാര്‍ അധ്യക്ഷയായിരുന്നു. ശിശു ക്ഷേമസിമിതി ചെയര്‍മാന്‍ പി ഒ ജോര്‍ജ്, ഐഎംഎ ജില്ലാ പ്രസിഡന്റ് ഡോ. എ എം ആന്റോ, ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ. കെ ബി രണേന്ദ്രനാഥ്, കാര്യാട്ടുകര എ.എം.എച്ച്.എ.യിലെ ഡോ. പി ഭാനുമതി, ജില്ലാ ഐസിഡി.എസ് സെല്‍ സീനിയര്‍ സൂപ്രണ്ട് കെ ജി വിന്‍സെന്റ് സ്ത്രീശക്തികേന്ദ്രം കോ-ഓഡിനേറ്റര്‍ കെ ജെ സോജ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക