|    Jan 22 Sun, 2017 11:52 pm
FLASH NEWS

ബേക്കല്‍ എയര്‍സ്ട്രിപ്പിന് വ്യോമയാന മന്ത്രാലയത്തിന്റെ പച്ചക്കൊടി

Published : 3rd August 2016 | Posted By: SMR

ഉദുമ: ബേക്കല്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് മൂന്ന് കേന്ദ്രങ്ങളില്‍ എയര്‍ സ്ട്രിപ്പി(ചെറുകിട വിമാനത്താവളം)ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കി.
വിനോദ സഞ്ചാര കേന്ദ്രമായ ബേക്കല്‍ കോട്ടക്ക് പുറമെ വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ ചെറുകിട വിമാനത്താവളങ്ങളാണ് സ്ഥാപിക്കുന്നത്. ബേക്കല്‍ കോട്ടക്ക് അനുവദിച്ച എയര്‍സ്ട്രിപ്പ് പെരിയക്കടുത്ത കാഞ്ഞിരടുക്കത്ത് സ്ഥാപിക്കാനാണ് ധാരണയായിട്ടുള്ളത്.
വലിയ വിമാനങ്ങളില്‍ ഇറങ്ങി വരുന്നവര്‍ക്ക് എയര്‍സ്ട്രിപ്പുകളുള്ള സ്ഥലങ്ങളിലേക്ക് പോകാന്‍ ചെറുകിട വിമാനങ്ങള്‍ സര്‍വീസ് നടത്തും. വിനോദ സഞ്ചാരികളെയും ആഭ്യന്തര യാത്രക്കാരെയും ലക്ഷ്യമിട്ടു കൊണ്ടാണ് വ്യോമയാന മന്ത്രാലയത്തിന്റെ ഈ തീരുമാനം. അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്‍ ഇടംനേടിയ ബേക്കല്‍ കോട്ടയിലേക്കെത്തുന്ന വിനോദ സഞ്ചാരികള്‍ ഇപ്പോള്‍ മംഗളൂരുവില്‍ ഇറങ്ങിയാണ് ബസുകളിലും വാഹനങ്ങളിലും ബേക്കലിലെത്തുന്നത്. എയര്‍സ്ട്രിപ്പ് യാഥാര്‍ത്ഥ്യമാകുന്നതോടെ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തന്നെ ബേക്കല്‍ വിനോദ സഞ്ചാര കേന്ദ്രത്തിന് എയര്‍സ്ട്രിപ്പ് നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഇത് മുടങ്ങുകയായിരുന്നു. എയര്‍സ്ട്രിപ്പ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം നേരത്തെ കണ്ടെത്തിയിരുന്നു. ചെറുകിട വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള സ്ഥലത്ത് നേരത്തെ ഹെലികോപ്ടര്‍ ഇറക്കിയിരുന്നു. എയര്‍സ്ട്രിപ്പ് യാഥാര്‍ഥ്യമാകുന്നതോടെ കാസര്‍കോട് ജില്ലയുടെ മുഖച്ഛായ മാറാന്‍ പര്യാപ്തമാകും. കാസര്‍കോട്ടെ വ്യവസായ മേഖലക്കും ഇത് പുത്തനുണര്‍വാകും. ഇപ്പോള്‍ പ്രവാസികളടക്കമുള്ളവര്‍ മംഗളൂരു വിമാനത്താവളത്തെ ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്. ബേക്കലില്‍ നിന്ന് മുംബൈ, ഗോവ, ഡല്‍ഹി, തിരുവനന്തപുരം, കൊച്ചി, ബംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കാന്‍ ചില വിമാന കമ്പനികള്‍ മുന്നോട്ട് വന്നിട്ടുണ്ട്. ബേക്കലിന്റെ ടൂറിസം പദ്ധതി പിന്നോട്ട് പോകാന്‍ കാരണം യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തയായിരുന്നു. ഇതുവഴി കടന്നുപോകുന്ന മിക്ക ട്രെയിനുകള്‍ക്കും ബേക്കല്‍ ഫോര്‍ട്ട് സ്‌റ്റേഷനില്‍ സ്‌റ്റോപ്പില്ല. യാത്രക്കാര്‍ കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ ഇറങ്ങിയാണ് ഇവിടെ എത്തുന്നത്. അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട ബേക്കല്‍ ടൂറിസം കേന്ദ്രത്തിലേക്ക് വിദേശ ടൂറിസ്റ്റുകളുടെ വരവ് കുറയാനും ഗതാഗത പ്രശ്‌നം തന്നെയായിരുന്നു പ്രധാന കാരണം. പുതിയ എയര്‍ സ്ട്രിപ്പ് യാഥാര്‍ത്ഥ്യമാകുന്നതോടെ ബേക്കല്‍ അന്താരാഷ്ട്ര ടൂറിസം കേന്ദ്രം വിനോദ സഞ്ചാരികളുടെ പറുദീസയായി മാറും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക