|    Oct 22 Mon, 2018 1:30 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

ബെല്‍റ്റ് ബോംബുമായി ഒരു പ്രധാനമന്ത്രി

Published : 24th September 2017 | Posted By: fsq

നോട്ട് നിരോധനം വെളുക്കാന്‍ തേച്ചത് പാണ്ടായ ഫലമാണ് ഉണ്ടാക്കിയതെന്ന കാര്യത്തില്‍ സ്ഥിരം കുറുവടിക്കാര്‍ക്കു പോലും ഇപ്പോള്‍ യാതൊരു സംശയവുമില്ല. നാട് സ്വര്‍ഗമാവാന്‍ ഈയൊരു ഒറ്റമൂലി മതിയെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് നട്ടപ്പാതിരയ്ക്ക് പ്രധാനമന്ത്രി പരിപാടി നടപ്പാക്കിയത്. അതുണ്ടാക്കിയ തിരിച്ചടി കനത്തതാണെന്ന് ഇപ്പോള്‍ എല്ലാവരും അംഗീകരിക്കുന്നു. ഒരു നേട്ടവും ഉണ്ടായില്ലെന്നു മാത്രമല്ല, കള്ളപ്പണക്കാര്‍ക്ക് അതെല്ലാം വെള്ളപ്പണമാക്കാനുള്ള സുവര്‍ണാവസരമാണ് അത് ഒരുക്കിക്കൊടുത്തത്. അങ്ങനെ പറഞ്ഞത് വിവരദോഷികളായ സാധാരണ ജനമൊന്നുമല്ല. ഇന്ത്യയുടെ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ കഴിഞ്ഞ ദിവസം ടെലിവിഷനില്‍ പരസ്യമായി പറഞ്ഞ കാര്യമാണിത്. മോദി വന്ന് അധികം വൈകാതെ രഘുറാം രാജനെ ഗവര്‍ണര്‍സ്ഥാനത്തുനിന്നു ചാടിക്കാന്‍ നീക്കം തുടങ്ങിയതിന്റെ കാരണവും ഇപ്പോള്‍ വെളിവായി. നോട്ട് റദ്ദാക്കിയാല്‍ എങ്ങനെയുണ്ടാവും എന്നു സര്‍ക്കാര്‍ വൈതാളികര്‍ ചോദിച്ചപ്പോള്‍, സംഗതി കുളമാവുമെന്നു ഗവര്‍ണര്‍ കര്‍ക്കശമായി പറഞ്ഞു. വിവരമുള്ളവരാവുമ്പോള്‍ കാര്യം മുഖത്തു നോക്കി പറയും. ഭരണത്തില്‍ ഇരിക്കുന്ന കൂട്ടര്‍ക്ക് അതു കേള്‍ക്കുമ്പോള്‍ കയ്പു തോന്നും. അതുതന്നെയാണ് മോദിക്കും തോന്നിയത്. അതിനാല്‍ അദ്ദേഹത്തെ ചാടിച്ചുവിട്ടു. സ്വന്തം ആജ്ഞാനുവര്‍ത്തിയായ ഒരാളെ അവിടെ നിയമിച്ചു. പുള്ളിക്കാരന്‍ മറുത്തൊന്നും പറഞ്ഞില്ല. കാര്യം നടപ്പാക്കി. ഗുണം കിട്ടുകയും ചെയ്തു. നാട്ടിലെ സ്ഥിതിയാകെ കുട്ടിച്ചോറായി. ഇപ്പോള്‍ ഒരു കൊല്ലമാവാറായിട്ടും ജനത്തിന്റെ നടുവൊടിഞ്ഞുതന്നെ കിടക്കുന്നു. പൂഴിക്കടകന്‍ പ്രയോഗം എന്നു കേട്ടിട്ടില്ലേ? ഏതാണ്ട് അത്തരമൊരു പ്രയോഗമാണ് നടന്നത്. പിന്നാലെ വന്നത് ചരക്കു സേവന നികുതി നടപ്പാക്കലാണ്. ജൂലൈയിലെ ഒരു തിയ്യതി അങ്ങോട്ടു പ്രഖ്യാപിച്ചു. അന്നു മുതല്‍ ജിഎസ്ടി എന്നാണ് പ്രഖ്യാപനം വന്നത്. ഇപ്പോള്‍ ജിഎസ്ടി നടപ്പാക്കിനോക്കിയപ്പോഴാണ് കാര്യങ്ങള്‍ പൂര്‍ണമായും അവതാളത്തിലാണെന്നു വ്യക്തമായത്. കുഴപ്പം നിയമത്തിന്റേതല്ല. രാജ്യത്ത് ഒരു ചരക്കിനു പല നികുതി, ഓരോ അതിര്‍ത്തിയിലും ചെക്‌പോസ്റ്റ് എന്നൊക്കെ പറയുന്നതു വലിയ മിനക്കേടാണ്. അത് ഒഴിവാക്കിയാല്‍ ചരക്കുകടത്ത് സുഗമമാവും. വ്യാപാരം എളുപ്പമാവും. വരുമാനം വര്‍ധിക്കും. നികുതിവരുമാനവും കൂടും. അപ്രകാരം തന്നെയാണ് മറ്റു രാജ്യങ്ങളില്‍ സംഭവിച്ചിട്ടുള്ളതും. പക്ഷേ, ഇവിടെ പഴയ നികുതിഘടന ഒഴിവാക്കി പുതിയതു വരുമ്പോള്‍ അതിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കണ്ടേ? ഇപ്പോള്‍ കേള്‍ക്കുന്നത് ജിഎസ്ടി നെറ്റ്‌വര്‍ക്കില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ പോലും പ്രയാസമാണെന്നാണ്. വ്യാപാരികള്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഷ്ടപ്പെടുകയാണ്. നെറ്റ്‌വര്‍ക്ക് തന്നെ പ്രവര്‍ത്തിക്കുന്നില്ല. കണക്കു കാണിക്കാതെ കച്ചവടം ചെയ്താല്‍ സംഗതി കുഴയും. എന്നാലോ, കണക്കു തയ്യാറാക്കി അങ്ങോട്ടു സമര്‍പ്പിക്കാനാണെങ്കില്‍ സംവിധാനവും ശരിയായിട്ടില്ല. കണക്ക് സമര്‍പ്പിക്കേണ്ട തിയ്യതി രണ്ടു തവണ നീട്ടി. കച്ചവടം തിരുതകൃതിയായി നടക്കേണ്ട സമയമാണ്. ഓണം കഴിഞ്ഞു. ഇനി വരുന്നത് പൂജയും ദീപാവലിയും ഒക്കെയാണ്. രാജ്യത്ത് കച്ചവടം പൊടിപൊടിക്കുന്ന കാലം. ഏതു കാശില്ലാത്തവനും തുണിയും അലങ്കാരങ്ങളും വാച്ചും സ്‌കൂട്ടറും ഒക്കെ വാങ്ങി വീട്ടില്‍ കൊണ്ടുപോവുന്ന കാലം. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനം നല്‍കുന്ന കാലം. കച്ചവടക്കാരുടെ നല്ല കാലം. എന്നാല്‍, ഇത്തവണ ദീപാവലിയും കുളമാവുമെന്നാണ് വ്യാപാരികളുടെ പേടി. വ്യാപാരം കുളമായാല്‍ ഉല്‍പാദനവും കുളമാവുമല്ലോ. ഉല്‍പാദനം കുളമായാല്‍ തൊഴിലാളികള്‍ക്ക് പണിയെവിടെ? ലക്ഷക്കണക്കിനു യുവാക്കളാണ് പണി അന്വേഷിച്ചു തെണ്ടുന്നത്. ഒരാള്‍ക്കും ഒരു പണിയും കിട്ടാനില്ലാത്ത അവസ്ഥയാണ് നാട്ടില്‍.  കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം സാമ്പത്തിക നിലയാണ് ഇക്കൊല്ലത്തേതെന്ന് എല്ലാ വിദഗ്ധരും തുറന്നു സമ്മതിക്കുന്നു. വളര്‍ച്ചാ നിരക്ക് ഒമ്പതു ശതമാനം കടന്നതാണ് മന്‍മോഹന്‍ജിയുടെ കാലത്ത്. മോദിയാശാന്‍ അത് അഞ്ചിലൊതുക്കി. ഇടിവു വന്നത് ഏതാണ്ട് നാലു ശതമാനം. അതു രൂപക്കണക്കില്‍ പറഞ്ഞാല്‍ ലക്ഷം ലക്ഷം കോടികളുടെ സാമ്പത്തിക ഇടിവാണ് സംഭവിച്ചതെന്നു കാണാം. ചുരുക്കത്തില്‍, മോദിഭരണം മൂന്നു കൊല്ലം കഴിഞ്ഞപ്പോള്‍ നാട്ടിലെ അവസ്ഥ സമീപകാലത്തൊന്നും കേട്ടുകേള്‍വിയില്ലാത്ത മട്ടില്‍ കുഴപ്പത്തില്‍ ചെന്നു ചാടിയിരിക്കുകയാണ്. എങ്ങനെ ഈ ദുര്‍ഗതിയില്‍ നിന്നു കരകയറുമെന്ന് ആര്‍ക്കും ഒരു പിടിയുമില്ല. അരുണ്‍ ജയ്റ്റ്‌ലിയാണ് ധനകാര്യം നോക്കുന്നത്. നോട്ട് നിരോധന വെടിക്കെട്ട് നടക്കുമ്പോള്‍ കക്ഷി അത് അറിഞ്ഞിരുന്നില്ലെന്നാണ് കേള്‍ക്കുന്നത്. അറിഞ്ഞപ്പോഴേക്കും മോദി ബെല്‍റ്റ്‌ബോംബ് പൊട്ടിച്ചുകഴിഞ്ഞിരുന്നു. ഇനി എങ്ങനെ കാര്യങ്ങള്‍ നേരെയാക്കിയെടുക്കുമെന്ന ചര്‍ച്ചയാണ് തലസ്ഥാനത്തു നടക്കുന്നത്. ആര്‍ക്കും ഒരെത്തുംപിടിയും കിട്ടുന്നില്ല. ജനത്തിനാവട്ടെ, ഈ ഭരണം നന്നാവുമെന്ന പ്രതീക്ഷയുമില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss