|    Nov 21 Wed, 2018 1:32 pm
FLASH NEWS

ബെല്‍ജിയത്തില്‍ ഒരു സംഗീതമേള

Published : 22nd May 2016 | Posted By: mi.ptk

ദിനുകൃഷ്ണന്‍
musicകര്‍ണാടക സംഗീതജ്ഞരുടെയും സംഗീതാസ്വാദകരുടെയും മേളകളായ തിരുവയ്യാറിലെ ത്യാഗരാജ സംഗീതോല്‍സവവുമായും ഗുരുവായൂരിലെ ചെമ്പൈ സംഗീതോല്‍സവവുമായും ഏറെ സമാനതകളുള്ള ഒരു പാശ്ചാത്യ സംഗീതമേളയാണ് ഗെന്റ് മ്യൂസിക് ഫെസ്റ്റിവല്‍. പക്ഷേ, ഭക്തിയുടെ അതിപ്രസരമോ പാരമ്പര്യത്തിന്റെ ചട്ടക്കൂടുകളോ ഈ മേളയെ ബാധിക്കുന്നില്ല. ദൈനംദിനജീവിതം അടിച്ചേല്‍പിക്കുന്ന മാനസിക സംഘര്‍ഷങ്ങളില്‍ നിന്ന് രക്ഷനേടാന്‍, തിരക്കുപിടിച്ച ദിനചര്യകളില്‍ നിന്നു മാറിനില്‍ക്കാന്‍ ‘ആധുനിക’ മനുഷ്യന്‍ ഇവിടെയെത്തുന്നു. തിന്നും കുടിച്ചും ആടിയും പാടിയും അവര്‍ ദിവസങ്ങള്‍ ചെലവിടുന്നു. എല്ലാ വര്‍ഷവും ബെല്‍ജിയത്തിന്റെ ദേശീയദിനമായ ജൂണ്‍ 21ന് മുമ്പേയുള്ള ശനിയാഴ്ച ആരംഭിക്കുന്ന ഈ ആഘോഷം 10 ദിവസം നീണ്ടുനില്‍ക്കും. അവസാനത്തെ ദിവസം അതൊരു തിങ്കളാഴ്ച ആയിരിക്കും. ‘ഒഴിഞ്ഞ മടിശ്ശീലകളുടെ ദിനം’ (ഠവല റമ്യ ീള ലാു്യേ ംമഹഹലെേ) എന്നാണ് ഇതറിയപ്പെടുന്നത്. നമ്മുടെ നാട്ടിലെ സംഗീതോല്‍സവങ്ങളില്‍ ഒരേ വേദിയില്‍ തന്നെയാണല്ലോ കലാകാരന്മാര്‍ പരിപാടി അവതരിപ്പിക്കാറ്. പക്ഷേ, ഗെന്റില്‍ നഗരത്തിലെങ്ങും അവിടവിടെയായി, പാടുന്ന കലാകാരന്മാരെയും അവരോടൊപ്പം നൃത്തം ചെയ്യുന്ന ആസ്വാദകരെയുമാണ് ഞങ്ങള്‍ കണ്ടത്.പട്ടണമാകെ ഉല്‍സവലഹരിയിലായിരുന്നു. തൃശൂര്‍പൂരത്തിന്റെ തിരക്ക്. നഗരവീഥികളിലൂടെ ജനം ഒഴുകിക്കൊണ്ടിരിക്കുന്നു. പ്രധാനവേദി എന്നതൊന്നും അവര്‍ക്ക് ഒരു പ്രശ്‌നമല്ല. റോഡരികില്‍ നിന്ന് പാടുന്ന സംഘങ്ങളെയും ഒറ്റപ്പെട്ട പാട്ടുകാരെയും അവിടെ കാണാനായി. തലസ്ഥാനനഗരമായ ബ്രസ്സല്‍സില്‍ നിന്ന് ഒരു മണിക്കൂറോളം തീവണ്ടിയില്‍ യാത്ര ചെയ്താണ് ഞങ്ങള്‍ ഗെന്റില്‍ എത്തിയത്.

mussic-3അടുത്തുള്ള ബ്രുഷ്, ആന്റ് റെപ്പ് നഗരങ്ങളെപ്പോലെ ഗെന്റിനും നൂറ്റാണ്ടുകളുടെ കഥകള്‍ പറയാനുണ്ട്. ലീ നദിക്കരയില്‍ നിലകൊള്ളുന്ന പുരാതനരീതിയിലുള്ള കെട്ടിടങ്ങളും നഗരവീഥികളും സഞ്ചാരികളെ ഗെന്റിലേക്ക് ആകര്‍ഷിക്കുന്നു. 1180ല്‍ നിര്‍മിച്ച ഗ്രാവന്‍സ്റ്റീന്‍ കാസില്‍ ഓഫ് ദി കൗണ്ടും നൂറ്റാണ്ടുകള്‍ പഴക്കമുള്ള സെന്റ് നിക്കോളാസ് ചര്‍ച്ചും സെന്റ് ബാവോ കത്തീഡ്രലും ഇവിടത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. ബെല്‍ജിയത്തില്‍ ഫ്രഞ്ചും ഡച്ചും ഭാഷകള്‍ സംസാരിക്കുന്നവരാണ് അധികവും. ഇംഗ്ലീഷ് അറിയുന്നവര്‍ ചുരുക്കം. ഗെന്റ് ഉള്‍ക്കൊള്ളുന്ന വടക്കന്‍ ബെല്‍ജിയത്തില്‍ ഡച്ച് ഭാഷയ്ക്കാണ് മുന്‍തൂക്കം. പതിനൊന്നാം നൂറ്റാണ്ടിന്‍ നഗരവല്‍ക്കരിക്കപ്പെട്ട, ഫഌന്‍ഡേഴ്‌സിലെ ഈ പ്രദേശം, പതിമൂന്നാം നൂറ്റാണ്ടോടെ യൂറോപ്പിലെ പ്രധാന നഗരങ്ങളുടെ പട്ടികയില്‍ പാരിസിനോടൊപ്പം എത്തിയിരുന്നു. വസ്ത്രവ്യാപാരത്തിലായിരുന്നു ഗെന്റ് പേരെടുത്തത്. 1817ല്‍ സ്ഥാപിക്കപ്പെട്ട ഗെന്റ് യൂനിവേഴ്‌സിറ്റിയും ഈ നഗരത്തിന്റെ ചരിത്രപരമായ പ്രാധാന്യം വിളിച്ചോതുന്നു. സംഗീതോല്‍സവം കൂടാതെ ഇവിടെ നടക്കുന്ന, ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍, ഫെസ്റ്റിവല്‍ ഓഫ് ഫഌന്‍ഡേഴ്‌സ് എന്നിവ ഗെന്റ് നഗരത്തിന് ‘ആഘോഷങ്ങളുടെ നഗരം’ എന്ന പേര് നേടിക്കൊടുക്കുന്നു. 1843ല്‍ ആണ് ഗെന്റ് മ്യൂസിക്കല്‍ ഫെസ്റ്റിവല്‍ ആരംഭിച്ചതെന്നു പറയപ്പെടുന്നു. ഒരു ഇടവേളയ്ക്കു ശേഷം ഇന്നത്തെ രീതിയില്‍ പുനരാരംഭിച്ചത് 1969ലാണ്. ആദ്യമൊക്കെ ഒരു വേദി മാത്രമായിരുന്നു. പക്ഷേ, എണ്‍പതുകളുടെ അവസാനമായപ്പോഴേക്കും പങ്കെടുക്കുന്നവരുടെ ബാഹുല്യം കൊണ്ട് നഗരവീഥികളെല്ലാം വേദികളായി മാറുകയായിരുന്നു. പാശ്ചാത്യ സംഗീതത്തിന് പുതിയ മാനങ്ങള്‍ രൂപപ്പെടുത്തിയ ബീറ്റില്‍സിന്റെയും റോളിങ് സ്‌റ്റോണ്‍സിന്റെയുമെല്ലാം കാലത്ത്, പോപ്പ്-റോക്ക് സംഗീതത്തിന്റെ ആരാധകരായ യുവജനങ്ങള്‍ക്കായി ഒരുക്കിയതായിരുന്നല്ലോ വുഡ്‌സ്‌റ്റോക്ക് ഫെസ്റ്റിവല്‍. 1969ല്‍ ന്യൂയോര്‍ക്ക് ജില്ലയിലെ ബിതെല്‍ നഗരത്തില്‍, മൂന്നു ദിവസം നീണ്ടുനിന്ന ആ സംഗീതോല്‍സവമായിരിക്കാം ഗെന്റ് മ്യൂസിക് ഫെസ്റ്റിവലിന്റെ പുനരാരംഭത്തിന് വഴിയൊരുക്കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss