|    Feb 21 Tue, 2017 12:55 pm
FLASH NEWS

ബെല്ലാരി രാജയുടെ വിവാഹ ധൂര്‍ത്തിന് പിന്നില്‍ കള്ളപ്പണം വെളുപ്പിക്കല്‍?

Published : 17th November 2016 | Posted By: SMR

ബംഗളൂരു: ബെല്ലാരിയിലെ ഖനി രാജാവും മുന്‍ ബിജെപി മന്ത്രിയുമായ ജനാര്‍ദന്‍ റെഡ്ഡിയുടെ മകള്‍ ബ്രാഹ്മണിയുടെ വിവാഹത്തിനു കോടികള്‍ പൊടിച്ചത് കള്ളപ്പണം വെളുപ്പിക്കാനെന്ന് ആരോപണം. 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയിട്ടും വിവാഹം കെങ്കേമമാക്കാന്‍ 550 കോടി എവിടെ നിന്നു ലഭിച്ചുവെന്ന് ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി. ഫണ്ടിന്റെ ഉറവിടം, നികുതിവെട്ടിപ്പ് നടന്നോ എന്നീ കാര്യങ്ങളാണ് പരിശോധിക്കുന്നതെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബംഗളൂരുവിലെ അഭിഭാഷകന്‍ ടി നരസിംഹമൂര്‍ത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
വിദേശങ്ങളില്‍ സ്വര്‍ണവ്യാപാരമുള്ള ആന്ധ്രയിലെ രാജീവ് റെഡ്ഡിയാണ് ബ്രാഹ്മണിയുടെ വരന്‍. ബംഗളൂരു പാലസ് ഗ്രൗണ്ടിലെ 36 ഏക്കറില്‍ പൗരാണിക വിജയനഗര സാമ്രാജ്യ തലസ്ഥാനമായ ഹംപിയിലെ സുവര്‍ണകൊട്ടരത്തി ന്റെ മാതൃകയില്‍ പണിത കൂറ്റന്‍ പന്തലില്‍ നടന്ന നാലുദിവസം നീണ്ട വിവാഹച്ചടങ്ങിന് 550 കോടി ചെലവിട്ടെന്നു പരാതിയില്‍ പറയുന്നു. വിവാഹവേദിക്കു മാത്രം 150 കോടിയും ബെല്ലാരിയിലെ പുരാതന ഗ്രാമത്തിന്റെ മാതൃകയില്‍ തയ്യാറാക്കിയ ഊട്ടുപുരയ്ക്ക് 100 കോടിയും ചെലവായെന്നാണ് റിപോര്‍ട്ടുകള്‍. നിയമവിരുദ്ധ ഖനന കേസില്‍ അഞ്ചുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ജനാര്‍ദന റെഡ്ഡി കഴിഞ്ഞവര്‍ഷമാണ് ജയിലില്‍ നിന്നിറങ്ങിയത്. അന്ന് അദ്ദേഹത്തിന്റെയും ഭാര്യയുടെയും സ്വത്തുക്കള്‍ ഭൂരിഭാഗവും കണ്ടുകെട്ടിയിരുന്നു. എന്നിട്ടും ഇത്രയധികം തുക ചെലവഴിക്കാന്‍ എങ്ങനെ സാധിച്ചുവെന്നാണു പരാതിക്കാരന്റെ ചോദ്യം.
പ്രധാനമന്ത്രി നരേന്ദ്രമോദി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ, കേന്ദ്രമന്ത്രിമാര്‍, വ്യവസായികള്‍, സിനിമാ താരങ്ങ ള്‍ തുടങ്ങി ചടങ്ങിനു ക്ഷണിക്കപ്പെട്ടവരില്‍ വിവിഐപികളുടെ നീണ്ട പട്ടിക തന്നെയുണ്ട്. കള്ളപ്പണത്തിനെതിരേ മോദി നിരന്തരം പ്രസ്താവനയിറക്കുമ്പോള്‍ ബി എസ് യെദ്യൂരപ്പയടക്കമുള്ള സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ വിവാഹത്തില്‍ പങ്കെടുത്തതു വിവാദമായി. ആല്‍ബം മാതൃകയിലിറക്കിയ ക്ഷണക്കത്ത് ഓരോന്നിനും 20,000 രൂപ ചെലവുവരും. ഇതിനായി അഞ്ച് കോടിയിലധികം മാറ്റിവച്ചു. സുരക്ഷയ്ക്കു മാത്രം 3000 പേരെ വിന്യസിച്ചു. 50,000 അതിഥികളെത്തിയെന്നാണു കണക്ക്. പാലസ് ഗ്രൗണ്ടില്‍ മൂന്ന് ക്ഷേത്രങ്ങള്‍ ഒരുക്കാന്‍ തന്നെ കോടികള്‍ ചെലവിട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 294 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക