|    Oct 18 Wed, 2017 2:24 am
FLASH NEWS

ബെറ്റിയുടെ മരണം: കുറ്റക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് റവന്യൂമന്ത്രിക്ക് കത്ത് നല്‍കി

Published : 17th July 2016 | Posted By: SMR

ചെറുതോണി: റീസര്‍വേയുടെ പേരില്‍ കൈക്കൂലി വാങ്ങുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിലൂടെ ബെറ്റിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഡ്വ: ജോയ്‌സ് ജോര്‍ജ്ജ് എംപി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് കത്തുനല്‍കി.അഞ്ചു മാസത്തോളം ഉദ്യോഗസ്ഥ പീഡനമേറ്റ് സാമ്പത്തികമായും മാനസികമായും തകര്‍ന്നാണ് ചെമ്മണ്ണാറില്‍ സജിയുടെ ഭാര്യ ബെറ്റി ആത്മഹത്യ ചെയ്തത്.
റീസര്‍വ്വെ നടപടികളുമായി ബന്ധമില്ലാത്ത നെടുങ്കണ്ടം താലൂക്കോഫീസിലെ ഉദ്യോഗസ്ഥര്‍ പോലും പണം വാങ്ങിയിട്ടുണ്ട്.പിതൃസ്വത്തായി ഭാഗ ഉടമ്പടിയിലൂടെ ലഭിച്ച ഭൂമിയുടെ സര്‍വ്വെ പൂര്‍ത്തിയാക്കി കിട്ടാന്‍ വേണ്ടിയാണ് ഈ സാധു കുടുംബം അഞ്ചുമാസത്തോളം സര്‍ക്കാരോഫീസുകള്‍ കയറിയിറങ്ങിയത്. റവന്യൂ സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയായി സ്ഥലം വില്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കരാറുറപ്പിച്ച് അഡ്വാന്‍സ് വാങ്ങിയത്.
സ്ഥലം വില്‍ക്കുന്നതിന് അഡ്വാന്‍സായി ലഭിച്ച തുക ഉപയോഗിച്ച് കുടയത്തൂരില്‍ സ്ഥലം വാങ്ങുന്നതിന് അഡ്വാന്‍സ് നല്‍കുകയും ചെയ്തു.ജൂലൈ 10ന് ചെമ്മണ്ണാറില്‍ നിന്നും സ്ഥലം ഇടപാടു തീര്‍ത്ത് കുടയത്തൂരിലേക്ക് പോകുമെന്ന് ബെറ്റി അയല്‍പക്കത്തും പരിസരവാസികളായ വീട്ടമ്മമാരോടും പറഞ്ഞിരുന്നു. ഇതനുസരിച്ച് വീട്ടു സാധനങ്ങള്‍ എല്ലാം പായ്ക്ക് ചെയ്ത് മുറ്റത്തും വരാന്തയിലുമായി ഇറക്കി വയ്ക്കുകയും ചെയ്തിരുന്നു.അപ്പോഴാണ് റീസര്‍വ്വെ നടത്തിത്തരാന്‍ കഴിയില്ലെന്ന് റവന്യൂ അധികൃതര്‍ ബെറ്റിയേയും കുടുംബത്തേയും അറിയിക്കുന്നത്. ഇതോടെ സ്ഥലക്കച്ചവടം ഒഴിവാകുകയും അഡ്വാന്‍സ് തുക തിരികെ നല്‍കാന്‍ ഇല്ലാതെ വരികയും ചെയ്തു. പോകാന്‍ യാത്ര പറഞ്ഞിരിക്കെ പോകാന്‍ കഴിയാതെ വന്നതിലൂടെ നാട്ടുകാര്‍ക്കിടയിലുണ്ടായ അപമാനഭാരവും സാമ്പത്തിക ബുദ്ധിമുട്ടുമാണ് ബെറ്റിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്.ഇടുക്കിയിലെ ഭൂമിപ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നതിനും നീട്ടിക്കൊണ്ട് പോകുന്നതിനും പിന്നില്‍ ചില ഉദ്യോഗസ്ഥ ലോബികളും പ്രവര്‍ത്തിക്കുന്നുണ്ട്. ബെറ്റിയുടെ കുടുംബത്തിന് നീതി കിട്ടാന്‍ റവന്യൂ മന്ത്രിയുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകുന്നതോടൊപ്പം കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു നിമിഷം പോലും വൈകാതെ നടപടിയെടുക്കണമെന്നും എം.പി ആവശ്യപ്പെട്ടു. ബെറ്റിയുടെ വീടും കുടുംബാംഗങ്ങളേയും ജോയ്‌സ് ജോര്‍ജ്ജ് എം.പി കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക