|    May 23 Tue, 2017 9:00 am
FLASH NEWS

ബെര്‍ലിന്‍ തിരഞ്ഞെടുപ്പില്‍ മെര്‍ക്കലിന്റെ പാര്‍ട്ടിക്ക് തിരിച്ചടി

Published : 20th September 2016 | Posted By: SMR

ബെര്‍ലിന്‍: ജര്‍മനിയിലെ ബെര്‍ലിന്‍ സംസ്ഥാനത്തു നടന്ന തിരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ ആന്‍ജലാ മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂനിയന്‍ (സിഡിയു) പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. ചരിത്രത്തിലാദ്യമായാണ് സിഡിയു പാര്‍ട്ടി ഇത്രയും കനത്ത തിരിച്ചടി നേരിടുന്നത്. വലതുപക്ഷ അഭയാര്‍ഥി വിരുദ്ധപാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി)യാണ് നേട്ടം കൈവരിച്ചത്. ചരിത്രത്തിലാദ്യമായി സംസ്ഥാനപാര്‍ലമെന്റിലേക്ക് എഎഫ്ഡി ചുവടുവയ്പ് നടത്തുകയാണെന്നതാണ് മറ്റൊരു പ്രത്യേകത. 14 ശതമാനം വോട്ടുകളാണ് പാര്‍ട്ടി സ്വന്തമാക്കിയത്.
സിഡിയുവിന്റെ സഖ്യകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റ്‌സ് (എസ്പിഡി) നുള്ള വോട്ടുവിഹിതം 28.3 ശതമാനത്തില്‍ നിന്നും 23.1 ശതമാനമായി കുറഞ്ഞുവെങ്കിലും ഏറ്റവും കൂടുതല്‍ വോട്ടുനേടിയ പാര്‍ട്ടിയാണിത്.
ഇതോടെ സിഡിയുവുമായുള്ള സഖ്യം പാര്‍ട്ടി വിടാനാണ് സാധ്യത. യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് ശക്തമായപ്പോള്‍ ദശലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ക്ക് ജര്‍മനിയില്‍ അഭയം നല്‍കാനുള്ള മെര്‍ക്കലിന്റെ തീരുമാനമാണ് പാര്‍ട്ടിക്ക് വിനയായത്. പ്രചാരണവേളയില്‍ പ്രതിപക്ഷം അവസരം വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു. 17.6 ശതമാനം വോട്ടുകളാണ് സിഡിയു നേടിയത്. പാര്‍ട്ടിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും കുറവ് വോട്ടു നേടുന്നത്. ഈ വര്‍ഷം പാര്‍ട്ടിക്ക് തിരിച്ചടി നേരിടുന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പാണിത്. മൂന്നാംസ്ഥാനത്തേക്കാണ് സിഡിയു തള്ളപ്പെട്ടത്. 16 ജര്‍മന്‍ സംസ്ഥാനങ്ങളില്‍ 10 എണ്ണത്തിലാണ് എഎഫ്ഡിക്ക് ഇപ്പോള്‍ പ്രാതിനിധ്യമുള്ളത്. അടുത്ത വര്‍ഷമാണ് രാജ്യത്ത് ദേശീയ തിരഞ്ഞെടുപ്പ് നടക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day