|    Mar 17 Sat, 2018 9:43 pm
FLASH NEWS

കേരളം ബൂത്തിലേക്ക്…

Published : 16th May 2016 | Posted By: sdq

POLL 2

വീറും വാശിയുമേറിയ രണ്ടു മാസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ഒരുദിവസത്തെ നിശ്ശബ്ദപ്രചാരണത്തിനുശേഷം ജനവിധിയെഴുതാന്‍ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. കേരളത്തിന്റെ മനസ്സ് തൊട്ടറിഞ്ഞ പ്രചാരണത്തിനൊടുവില്‍ ഇരുമുന്നണികളും വിജയപ്രതീക്ഷയിലാണ്. 2,60,19,284 വോട്ടര്‍മാരാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കുക. 1,25,10,589 പുരുഷന്‍മാരും 1,35,08,693 സ്ത്രീകളും രണ്ടു മൂന്നാം ലിംഗക്കാരും ഉള്‍പ്പെടുന്നവര്‍ ഇന്ന് 1203 സ്ഥാനാര്‍ഥികളുടെ ജനവിധി തീരുമാനിക്കും. 87138 പേര്‍ സര്‍വ്വീസ് വോട്ടര്‍മാരാണ്. മൊത്തം 109 വനിതകളാണ് ഇക്കുറി ജനവിധി തേടുന്നത്.
രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ് സമയം. മുന്‍ തിരഞ്ഞെടുപ്പുകളില്‍ പോളിങ് സമയം രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ചുവരെയായിരുന്നു. ഇത്തവണ ഒരുമണിക്കൂര്‍ ദീര്‍ഘിപ്പിക്കുകയായിരുന്നു. ആറുമണിവരെ ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കും. 19ന് സംസ്ഥാനത്തെ 80 കേന്ദ്രങ്ങളിലായി വോട്ടെണ്ണല്‍ നടക്കും.
വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍മാര്‍ക്ക് തങ്ങളുടെ സ്ഥാനാര്‍ഥിക്കു തന്നെയാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് ഉറപ്പുവരുത്താന്‍ കഴിയുന്ന വിവി പാറ്റ് (വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) വോട്ടിങ് യന്ത്രങ്ങള്‍ സംസ്ഥാനത്തെ 12 ജില്ലകളിലെ 1,062 ബൂത്തുകളില്‍ ഉപയോഗിക്കും.
സമാധാനപരമായ വോട്ടെടുപ്പിന് ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് തിരഞ്ഞെടുപ്പ് ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശ പ്രകാരമുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി സംസ്ഥാന പോലിസ് മേധാവി ടി പി സെന്‍കുമാര്‍ അറിയിച്ചു. കേന്ദ്രസേന ഉള്‍പ്പെടെ 50,000ലധികം പുരുഷ,വനിത പോലിസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതോടൊപ്പം 2000ല്‍പ്പരം എക്‌സൈസ്, ഫോറസ്റ്റ് തുടങ്ങി യൂനിഫോമിലുള്ള മറ്റു വകുപ്പുജീവനക്കാരെയും 2,027 ഹോംഗാര്‍ഡുകളെയും നിയോഗിച്ചിട്ടുണ്ട്.
വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനോ അക്രമങ്ങള്‍ നടത്താനോ മറ്റുതരത്തിലുള്ള അനിഷ്ടസംഭവങ്ങള്‍ക്കോ ഉള്ള ശ്രമത്തെ കര്‍ശനമായി നേരിടും. സുരക്ഷാ നടപടികളെടുക്കാന്‍ ക്യുആര്‍ടി/സ്‌െ്രെടക്കിങ് ഫോഴ്‌സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ രംഗത്തുണ്ട്.  1,395 ഗ്രൂപ്പ് പട്രോള്‍സംഘങ്ങളെയും 932 ക്രമസമാധാനപാലന പട്രോള്‍സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് 291 ഇലക്ഷന്‍ സര്‍ക്കിള്‍ ക്യുആര്‍ടി, 116 സബ് ഡിവിഷന്‍ സ്‌െ്രെടക്കിങ് ഫോഴ്‌സും സജ്ജമാണ്. എല്ലാ സോണല്‍ എഡിജിപിമാര്‍ക്കും റെയ്ഞ്ച് ഐജി മാര്‍ക്കും ജില്ലാ പോലിസ് മേധാവിമാര്‍ക്കും സ്‌െ്രെടക്കിങ് ഫോഴ്‌സ് യൂനിറ്റുകള്‍ നല്‍കിയിട്ടുണ്ട്.
പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന പോലിസ് ആസ്ഥാനത്ത് ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss