|    Mar 25 Sun, 2018 4:40 am
FLASH NEWS

ബുള്ളറ്റില്‍ ജീവന്‍രക്ഷാമരുന്നുമായി ഒരു യുവാവ്

Published : 13th August 2017 | Posted By: fsq

 

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

പൊന്നാനി:  ബുള്ളറ്റില്‍ യാത്ര ചെയ്യുക എന്നത് പുതുതലമുറയിലെ യുവാക്കളുടെ ശരാശരി സ്വപ്‌നമാണ്. നെല്ലിശ്ശേരി സ്വദേശിയായ നജീബ് എന്ന യുവാവ് ഇക്കാര്യത്തില്‍ അല്‍പ്പം വ്യത്യാസമുണ്ട്. സ്വന്തം ബൈക്കില്‍ ജീവന്‍രക്ഷാ മരുന്നുമായാണ്  ഈ യുവാവിന്റെ ബുള്ളറ്റ് യാത്ര. കഴിഞ്ഞ ഏഴു വര്‍ഷമായി നജീബ് ഇങ്ങനെയാണ്. ജീവകാരുണ്യപ്രവര്‍ത്തനം ജീവിതമായി കൊണ്ടുനടക്കുകയാണ് എടപ്പാള്‍ പൂക്കരത്തറ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ താല്‍ക്കാലിക ജീവനക്കാരനായ നെല്ലിശ്ശേരി സ്വദേശി നജീബ്. ബുള്ളറ്റ് നജീബിനൊപ്പം കൂടിയിട്ട് ഒരു വര്‍ഷമെ ആയിട്ടുള്ളൂ. അതിന് മുമ്പ് ഒരു സാധാ ബൈക്ക്. അന്നും ഫസ്റ്റ് എയ്ഡ് പോസ്റ്റുമായാണ് യാത്ര. എവിടെ അപകടം നടന്നാലും ഓടിയെത്തി പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ നജീബിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ  ഒരു വര്‍ഷത്തിനിടയില്‍ 12 ഓളം റോഡപകടങ്ങളിലാണ് നജീബിന്റെ  ഫസ്റ്റ് എയ്ഡ് പോസ്റ്റ് അടിയന്തിര സഹായമായി എത്തിയത്. റോഡപകടങ്ങള്‍ നിത്യസംഭവമായ ഇക്കാലത്ത് നജീബിന്റെ ഈ മനസ്സിനെ ഒടുവില്‍ അധികൃതരും അംഗീകരിച്ചു. എടപ്പാളിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നാണ് ഫസ്റ്റ് എയ്ഡിനുള്ള സാധന സാമഗ്രികള്‍ നല്‍കുന്നത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇതിനായി നജീബിന് ഫസ്റ്റ് എയ്ഡ്  കിറ്റുകള്‍ സൗജന്യമായി നല്‍കും. അപകടങ്ങള്‍ കാണുമ്പോള്‍ കാഴ്ചക്കാരോ ആള്‍ക്കൂട്ടമോ ആയി മാറാന്‍ നജീബ് ഒരുക്കമല്ല. ഒരു കൈ സഹായം മരുന്നിന്റെ രൂപത്തില്‍ നജിബില്‍ നിന്നുണ്ടാകും. രണ്ടു വര്‍ഷം മുമ്പ് നജീബിന് പുരസ്‌കാരം ലഭിച്ചതും അപകടങ്ങള്‍ നടക്കുമ്പോള്‍ രക്ഷക്കെത്തുന്ന ഈ മിടുക്കിനെ പരിഗണിച്ചുതന്നെ. പാതയോരത്ത് അപകടം പിണയുമ്പോള്‍ മനക്കരുത്തോടെ പ്രഥമ ശുശ്രൂഷ നല്‍കാന്‍ ഓരോ യാത്രികനും തയ്യാറായാല്‍ അപകടമരണങ്ങള്‍ വലിയൊരളവില്‍ കുറക്കാമെന്നാണു നജീബ് അനുഭവസാക്ഷ്യം കൊണ്ട് തെളിയിക്കുന്നത്.ബുള്ളറ്റില്‍ ജീവന്‍രക്ഷാ കിറ്റുകളും ശുദ്ധജലവും സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനവും നജീബ് ഒരുക്കിയിട്ടുണ്ട്. പ്ലസ്ടു പഠന കാലം മുതല്‍  എന്‍എസ്എസിലൊക്കെ ഉണ്ടായിരുന്ന നജീബ്  അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ട്രോമകെയര്‍ വളണ്ടിയര്‍ കൂടിയാണ്. അതുകൊണ്ട് തന്നെ അപകടങ്ങള്‍ക്കുമുന്നില്‍ പകച്ചുനില്‍ക്കാനോ മാറി നില്‍ക്കാനോ നജീബിനാവില്ല. ഒട്ടെറെ പ്രതികൂലസാഹചര്യങ്ങളെ  തള്ളിമാറ്റിയാണു നജീബ് ഡിഗ്രി പൂര്‍ത്തിയാക്കിയത്. ജീവിതച്ചെലവിനായി നടുവട്ടത്ത് സ്വന്തമായി ഒരു സിഡി ഷോപ്പ് നടത്തുന്നുണ്ട്. ഒഴിവുസമയങ്ങളില്‍ മാത്രം തുറക്കുന്ന ഈ ഷോപ്പാണു നജീബിന്റെ ജീവിതമാര്‍ഗം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss