|    Dec 12 Wed, 2018 8:45 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബുലന്ദ് ശഹറില്‍ നടന്നത് വര്‍ഗീയകലാപത്തിനുള്ള ഗൂഢാലോചന; വെടിവച്ചത് കശ്മീരിലെ സൈനികനെന്ന് സൂചന

Published : 8th December 2018 | Posted By: kasim kzm

കെ എ സലിം

ന്യൂഡല്‍ഹി: ബുലന്ദ്ശഹര്‍ കലാപത്തിനു പിന്നില്‍ പ്രദേശത്തു നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തോടനുബന്ധിച്ച് വര്‍ഗീയകലാപം നടത്താനുള്ള വന്‍ ഗൂഢാലോചന ആയിരുന്നുവെന്ന് പോലിസ് അന്വേഷണ റിപോര്‍ട്ട്.
ഉത്തര്‍പ്രദേശ് എഡിജിപി (ഇന്റലിജന്‍സ്) എസ് ബി ശിരോദ്കര്‍ തയ്യാറാക്കിയ റിപോര്‍ട്ടില്‍, കലാപമുണ്ടായ സയാനയിലെ വയലില്‍ കണ്ടെത്തിയ പശുവിന്റെ അവശിഷ്ടം രണ്ടു ദിവസം പഴക്കമുള്ളതാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. റിപോര്‍ട്ട് ഇന്നലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു കൈമാറി. തിങ്കളാഴ്ച രാവിലെ സയാനയിലെ ദേശീയപാതയ്ക്കു സമീപത്തുള്ള വയലില്‍ മുസ്‌ലിംകള്‍ പശുവിനെ അറുക്കുന്നത് കണ്ടുവെന്ന് ചൂണ്ടിക്കാട്ടി ബജ്‌രംഗ്ദള്‍ ജില്ലാ കണ്‍വീനര്‍ യോഗേഷ് രാജ് സമര്‍പ്പിച്ച പരാതിയോടെയാണ് സംഭവങ്ങളുടെ തുടക്കം. സംഭവത്തിനിടെ അഖ്‌ലാഖ് കേസ് അന്വേഷിച്ച ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് യോഗേഷ്.
പശുവിന്റെ അവശിഷ്ടത്തിന് രണ്ടു ദിവസമെങ്കിലും പഴക്കമുണ്ടെന്ന റിപോര്‍ട്ടിലെ കണ്ടെത്തല്‍ പശുവിനെ അറുക്കുന്നത് കണ്ടുവെന്ന യോഗേഷ് രാജിന്റെ മൊഴി തള്ളിക്കളയുന്നതാണ്. പശുവിന്റെ അവശിഷ്ടം തബ്‌ലീഗ് സമ്മേളനം കഴിഞ്ഞ് പ്രവര്‍ത്തകര്‍ മടങ്ങുന്ന ദേശീയപാതയ്ക്കു സമീപം കൊണ്ടിട്ടത് ആസൂത്രണത്തിന്റെ തെളിവായി ചൂണ്ടിക്കാണിക്കുന്നു.
പശുവിന്റെ അവശിഷ്ടത്തിന്റെ പേരില്‍ വന്‍ കലാപമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നും റിപോര്‍ട്ട് പറയുന്നു. യോഗേഷ് രാജിന്റെ പരാതിയില്‍ ഗോഹത്യാ നിയമപ്രകാരം കേസെടുത്ത് കുറ്റവാളികളെ പിടികൂടുമെന്ന് ഉറപ്പു നല്‍കിയിട്ടും പോലിസ് സ്‌റ്റേഷനു മുന്നില്‍ കൂടിയ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോവുകയോ ദേശീയപാതയിലെ തടസ്സങ്ങള്‍ നീക്കുകയോ ചെയ്തില്ല. ചില പ്രതിഷേധക്കാര്‍ ചത്ത മൃഗത്തിന്റെ അവശിഷ്ടങ്ങള്‍ ട്രാക്ടറില്‍ കൊണ്ടുവന്ന് റോഡിലിട്ടു.
സംഭവത്തില്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കു വീഴ്ച പറ്റിയിട്ടുണ്ട്. പശുവിന്റെ അവശിഷ്ടം കണ്ടെത്തിയ ഉടന്‍ ഗോഹത്യ നടന്നുവെന്ന് പ്രചരിക്കാനും സംഘര്‍ഷം ഉണ്ടാവാനുമുള്ള സാധ്യത ഇന്റലിജന്‍സ് മുന്നില്‍ക്കണ്ടില്ലെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സുബോധ് കുമാറിനെ വെടിവച്ചത് ശ്രീനഗറില്‍ ജോലി ചെയ്യുന്ന ജിത്തു ഫൗജി എന്ന സൈനികനാണെന്ന് പോലിസ്‌വൃത്തങ്ങള്‍ പറഞ്ഞു. ഇതിനകം പുറത്തുവന്ന കലാപസമയത്തെ ദൃശ്യങ്ങളില്‍നിന്നാണ് പോലിസിനു സൂചന ലഭിച്ചത്. കലാപശേഷം ഇയാള്‍ ശ്രീനഗറിലേക്കു തന്നെ മടങ്ങി. ഇയാളെ പിടികൂടാനായി യുപി പോലിസ് അവിടേക്കു മടങ്ങിയതായും കസ്റ്റഡിയിലായതായും റിപോര്‍ട്ടുണ്ട്.
അതേസമയം, സുബോധിന്റെ കൊലപാതകം വെറും അപകടം മാത്രമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ആള്‍ക്കൂട്ട ആക്രമണം അവിടെ നടന്നിട്ടില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാ ര്‍ക്കെതിരേ നടപടിയെടുക്കുമെന്നും ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും യോഗി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss