|    Dec 11 Tue, 2018 7:39 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ബുലന്ദ്ശഹറിലെ ആസൂത്രിത കൊല

Published : 6th December 2018 | Posted By: kasim kzm

ഉത്തര്‍പ്രദേശില്‍ ബുലന്ദ്ശഹര്‍ ജില്ലയിലെ സിയാന ഗ്രാമത്തില്‍ പശുസംരക്ഷകരായി അഴിഞ്ഞാടിയ ഹിന്ദുത്വസംഘം പോലിസ് ഓഫിസറായ സുബോധ് കുമാറിനെ കല്ലെറിഞ്ഞും വെടിവച്ചും കൊന്നിരിക്കുന്നു. ഒരു യുവാവും കൊല്ലപ്പെട്ടു. ഈ ക്രൂരത ഒറ്റപ്പെട്ട സംഭവമല്ലെന്നും ആസൂത്രിതമാണെന്നും വ്യക്തമാവുകയാണ്.
2015ല്‍ ഉത്തര്‍പ്രദേശിലെ ദാദ്രി ഗ്രാമത്തില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന വൃദ്ധനെ അടിച്ചുകൊന്ന കേസ് അന്വേഷിച്ച പോലിസ് ഓഫിസറാണ് സുബോധ് കുമാര്‍. ഈ കേസില്‍ ഹിന്ദുത്വസംഘത്തില്‍പ്പെട്ട അക്രമികളെ വലയിലാക്കുന്നതിന് അദ്ദേഹത്തിന്റെ അന്വേഷണമാണ് സഹായകമായത്. അന്വേഷണം തുടങ്ങി ഏതാനും മാസങ്ങള്‍ക്കകം തന്നെ സുബോധ് കുമാറിനെ സ്ഥലംമാറ്റിയിരുന്നു. ഭീഷണിയും പ്രീണനവും അദ്ദേഹത്തിനു നേരെ ഉണ്ടായിരുന്നുവെന്നും നേരത്തേ രണ്ടുതവണ വധശ്രമം നടന്നുവെന്നും കുടുംബം വെളിപ്പെടുത്തുന്നു. കൊലയാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പുവരുത്തുന്നതിലൂടെ മാത്രമേ നീതി പുലരൂ എന്ന സുബോധ് കുമാറിന്റെ വിധവ രജനിയുടെ വാക്കുകള്‍ തീര്‍ത്തും ശരിയാണ്. സത്യസന്ധതയും ധര്‍മബോധവും ഉയര്‍ത്തിപ്പിടിച്ച ഈ പോലിസ് ഉദ്യോഗസ്ഥന് തന്റെ ജീവനാണ് അതിനു ബലി നല്‍കേണ്ടിവന്നത്.
മലേഗാവ്, സംജോത, മക്കാ മസ്ജിദ് സ്‌ഫോടനങ്ങളില്‍ ഹിന്ദുത്വരുടെ പങ്ക് പുറത്തുകൊണ്ടുവന്നത് ഹേമന്ത് കര്‍ക്കരെ എന്ന സത്യസന്ധനായ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്ര എടിഎസാണ്. കൃത്രിമസാഹചര്യം സൃഷ്ടിച്ചെടുത്ത് ആ പോലിസ് ഉദ്യോഗസ്ഥനെ വെടിവച്ചുവീഴ്ത്തിയതിന് പിന്നിലെ ദുരൂഹത ഇനിയും പുറത്തുവന്നിട്ടില്ല. അതേ വഴിയിലാണ് സുബോധ് കുമാറിന് നേരെയും ലക്ഷ്യംവച്ച് അക്രമം അരങ്ങേറിയത്. മാഹവ് ഗ്രാമത്തിലെ വനത്തില്‍ കണ്ടെത്തിയ പശുക്കളുടെ ജഡാവശിഷ്ടങ്ങളാണ് തുടക്കം. പ്രദേശത്തു തബ്‌ലീഗ് ജമാഅത്തിന്റെ സമ്മേളനം അവസാനിക്കുന്ന നാളിലുള്ള ഈ കണ്ടെത്തല്‍ തന്നെ സംശയകരമാണ്. ആദ്യം സ്ഥലത്തെത്തിയ തഹസില്‍ദാര്‍ പറയുന്നത്, ഇരുപതോളം പശുക്കളുടെ അവശിഷ്ടങ്ങള്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നുവെന്നാണ്. കുഴപ്പം സൃഷ്ടിക്കാനുള്ള ആസൂത്രിതനീക്കമാണ് നടന്നതെന്നു വ്യക്തം. ഹിന്ദു യുവവാഹിനി, ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ പാത ഉപരോധിച്ച് പോലിസുമായി സംഘര്‍ഷത്തിന് സാഹചര്യം സൃഷ്ടിക്കുകയായിരുന്നു. അക്രമികളെ നേരിട്ട സുബോധ് കുമാറിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ തലയ്ക്കുനേരെയാണ് വെടിയുതിര്‍ത്തത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ വന്‍ വിജയം കൊയ്യാന്‍ മുസഫര്‍നഗര്‍ കലാപത്തെ തുടര്‍ന്ന് രൂപംകൊണ്ട വര്‍ഗീയ ധ്രുവീകരണമാണ് ബിജെപിയെ തുണച്ചത്. അന്നത്തെ വ്രണങ്ങള്‍ ശമിക്കുകയും സമാധാനം പുനസ്ഥാപിക്കപ്പെടുകയും ചെയ്യുന്നതിനിടയ്ക്കാണ് ഹിന്ദുത്വര്‍ വീണ്ടും വര്‍ഗീയകുഴപ്പങ്ങള്‍ക്കു നീക്കം നടത്തുന്നത്. ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പച്ചതൊടില്ലെന്ന് വ്യക്തം. ആസൂത്രിതമായിരുന്നു ബുലന്ദ്ശഹറിലെ നീക്കങ്ങള്‍. വരുംനാളുകളില്‍ ജനങ്ങളുടെ വിശ്വാസം ചൂഷണം ചെയ്ത് രാജ്യമെങ്ങും വര്‍ഗീയകലാപം അഴിച്ചുവിടാനും അതുവഴി ഒരിക്കല്‍ക്കൂടി അധികാരം കൈയടക്കാനുമുള്ള ഹിന്ദുത്വശക്തികളുടെ പദ്ധതികള്‍ എവിടെയാണ്, എപ്പോഴാണ് നടപ്പാക്കുന്നതെന്ന് കരുതിയിരിക്കണം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss