|    May 29 Mon, 2017 2:04 am
FLASH NEWS

ബുലന്ദ്ശഹര്‍ ബലാല്‍സംഗം: ഇരയായ ബാലികയ്ക്ക് അവഹേളനം; ഡോക്ടറെ വനിതാ കമ്മീഷന്‍ വിളിപ്പിച്ചു

Published : 2nd August 2016 | Posted By: SMR

ന്യൂഡല്‍ഹി: ബുലന്ദ്ശഹറില്‍ കൂട്ടബലാല്‍സംഗത്തിനിരയായ ബാലികയ്ക്ക് വൈദ്യപരിശോധന നടത്തിയ ഡോക്ടറെ ദേശീയ വനിതാ കമ്മീഷന്‍ (എന്‍ഡബ്ല്യുസി) വിളിപ്പിച്ചു. ഡോക്ടര്‍ ബാലികയെ അവഹേളിക്കുകയും അസഭ്യമായ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തുവെന്ന ആരോപണത്തെ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി. എഫ്‌ഐആറില്‍ പോസ്‌കോ നിയമം ഉള്‍പ്പെടുത്താത്ത പോലിസിന്റെ നടപടിയെയും കമ്മീഷന്‍ വിമര്‍ശിച്ചു. ഡോക്ടര്‍ ബാലികയെ അവഹേളിച്ചുവെന്ന് ബുലന്ദ്ശഹറില്‍ ബാലികയെ സന്ദര്‍ശിച്ച എന്‍ഡബ്ല്യുസി സംഘത്തോട് കുടുംബാംഗങ്ങള്‍ പറഞ്ഞുവെന്ന് കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം പറഞ്ഞു.
പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പോസ്‌കോ നിയമം ഉള്‍പ്പെടുത്തിയിട്ടില്ല. ഇതുസംബന്ധിച്ച് സംഘം ഉന്നയിച്ച ചോദ്യത്തിന് പോലിസ് ഉദ്യോഗസ്ഥര്‍ തൃപ്തികരമായ മറുപടി നല്‍കിയിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും പോലിസ് നടപടിയെടുത്തില്ല- അവര്‍ പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയാണ് മാതാവും പ്രായപൂര്‍ത്തിയെത്താത്ത രണ്ട് പെണ്‍മക്കളും കൊള്ളക്കാരുടെ ബലാല്‍സംഗത്തിനിരയായത്. ഷാജഹാന്‍പൂരിലേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ നിന്നുപോയപ്പോഴാണ് കൊള്ളക്കാരുടെ ആക്രമണം നടന്നത്. കുടുംബത്തിന്റെ കൈവശമുണ്ടായിരുന്നതെല്ലാം അവര്‍ കവരുകയും ചെയ്തു. അതേസമയം, സംഭവത്തില്‍ അറസ്റ്റിലായ മൂന്നുപ്രതികളെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നരേഷ് (25), ബബ്‌ലു (22), റായിസ് (28) എന്നിവരെയാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നത്. 14 ദിവസത്തേക്കാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. 12 പേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ നിന്ന് ബലാല്‍സംഗത്തിനിരയായവരുടെ സ്വര്‍ണാഭരണങ്ങളും 5500 രൂപയും കണ്ടെടുത്തു. മൂന്നു മാസത്തിനകം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഐജി ഹരേരാം ശര്‍മ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day