|    May 23 Tue, 2017 6:20 pm
FLASH NEWS

ബുലന്ദ്ശഹര്‍ കൂട്ടബലാല്‍സംഗം: സിബിഐ അന്വേഷണത്തിന് സുപ്രിംകോടതി സ്‌റ്റേ

Published : 30th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ബുലന്ദ്ശഹര്‍ കൂട്ടബലാല്‍സംഗവുമായി ബന്ധപ്പെട്ട കേസിലെ സിബിഐ അന്വേഷണം സുപ്രിംകോടതി സ്‌റ്റേ ചെയ്തു. ബലാല്‍സംഗത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച ഉത്തര്‍പ്രദേശ് മന്ത്രി അഅ്‌സംഖാനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. സംസ്ഥാനത്തെ സുപ്രധാന പദവികളിലിരിക്കുന്നവര്‍ ഇത്തരം പ്രസ്താവന നടത്തുന്നത് തടയണമെന്നും കോടതി പറഞ്ഞു.
കേസ് സിബിഐ അന്വേഷിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രിംകോടതി സ്‌റ്റേ ചെയ്തത്. ജസ്റ്റിസുമാരായ ദീപക് മിശ്രയും സി നാഗപ്പനുമടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസ് ഉത്തര്‍പ്രദേശിനു പുറത്തേക്ക് മാറ്റണമെന്ന ഹരജിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനും അഅ്‌സംഖാനും കോടതി നോട്ടീസയച്ചു. മന്ത്രിയുടെ പ്രസ്താവന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണോയെന്ന് അന്വേഷിക്കാന്‍ കോടതി മുതിര്‍ന്ന അഭിഭാഷകന്‍ എഫ് എസ് നരിമാനെ അമിക്കസ്‌ക്യുറിയായി നിയമിച്ചു.
അന്വേഷണത്തെ സംബന്ധിച്ച് സംശയമുണ്ടാക്കുന്ന വിധത്തിലുള്ള പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നതിന് ജനങ്ങളുടെ രക്ഷകരായ സര്‍ക്കാര്‍ അനുമതി നല്‍കുന്നത് ശരിയാണോയെന്നും കോടതി ചോദിച്ചു. കഴിഞ്ഞമാസം 29ന് രാത്രിയാണ് ദേശീയപാതയില്‍ കുടുംബം സഞ്ചരിച്ച കാറ് തടഞ്ഞുനിര്‍ത്തി പെണ്‍കുട്ടിയെയും മാതാവിനെയും കവര്‍ച്ചസംഘം ബലാല്‍സംഗം ചെയ്തത്.
കേസ് ഉത്തര്‍പ്രദേശിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റണമെന്നും വിവാദ പ്രസ്താവന നടത്തിയ മന്ത്രി അഅ്‌സംഖാനും ചില പോലിസുകാര്‍ക്കുമെതിരേ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ഈമാസം 13നാണ് സുപ്രിംകോടതിയെ സമീപിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day